തിരുവനന്തപുരം: കേരള സർവകലാശാലയിലെ എംബിഎ പരീക്ഷയുടെ ഉത്തരക്കടലാസുകൾ കാണാതായ സഭവത്തിൽ നടന്നത് ഗുരുതര വീഴ്‌ച. ഉത്തരക്കടലാസ് നഷ്‌ടപ്പെടുത്തിയ അധ്യാപകനെതിരെ നടപടിയെടുക്കാൻ സർവകലാശാല തീരുമാനിച്ചു. രജിസ്‌ട്രാറുടെ റിപ്പോർട്ടിന് ശേഷമായിരിക്കും നടപടി.
ബൈക്കിൽ പോകുമ്പോൾ ഉത്തരക്കടലാസുകൾ നഷ്‌ടമായെന്നാണ് അധ്യാപകന്റെ വിശദീകരണം. വീണ്ടും പരീക്ഷ നടത്താനാണ് സർവകലാശാലയുടെ തീരുമാനം. വിദ്യാർഥികളെ സർവകലാശാല ബന്ധപ്പെടും. ഉത്തരക്കടലാസ് കാണാതായതിന്റെ റിപ്പോർടും തേടും.
പരീക്ഷ പൂർത്തിയാകുന്നതിന് പിന്നാലെ ബണ്ടിലുകളായി തീർക്കുന്ന ഉത്തരക്കടലാസുകൾ മൂല്യനിർണയത്തിനായി സർവകലാശാലയിൽ നിന്ന് അധ്യാപകർക്ക് കൈമാറുകയാണ് പതിവ്. ഇത് വീട്ടിൽ കൊണ്ടുപോയി മൂല്യനിർണയം നടത്താൻ അനുമതിയുണ്ട്. ഇത്തരത്തിൽ കൊണ്ടുപോയപ്പോഴാണ് നഷ്‌ടപ്പെട്ടതെന്നാണ് അധ്യാപകന്റെ വിശദീകരണം.
അതേസമയം, അധ്യാപകന്റെ വീഴ്‌ച ആദ്യം മൂടിവെക്കാനാണ് സർവകലാശാല ശ്രമിച്ചത്. ഉത്തരക്കടലാസ് കാണാതായതിന്റെ കാരണം ആദ്യം പറയാതെ പുനഃപരീക്ഷ പ്രഖ്യാപിച്ച് പ്രശ്‌നം ഒതുക്കാനായിരുന്നു ശ്രമം. എന്നാൽ, സംഭവം വാർത്തയായതോടെയാണ് സർവകലാശാല നടപടിയുമായി മുന്നോട്ടുപോകാൻ തീരുമാനിച്ചത്. പാലക്കാട് സ്വദേശിയായ അധ്യാപകൻ മൂല്യനിർണയം നടത്താനായി കൊണ്ടുപോയ 71 ഉത്തരക്കടലാസുകളാണ് കാണാതായത്.
കേരള സർവകലാശാലയിലെ 2022-24 ബാച്ചിലെ 71 എംബിഎ വിദ്യാർഥികളുടെ മൂന്നാം സെമസ്‌റ്റർ ഉത്തരക്കടലാസുകളാണ് നഷ്‌ടമായത്. മൂല്യനിർണയം പൂർത്തിയാകാത്തതിനാൽ കോഴ്‌സ് പൂർത്തിയായിട്ടും ഫലപ്രഖ്യാപനം ഇതുവരെ നടത്താനായിട്ടില്ല. ഈ വിദ്യാർഥികൾ പുനഃപരീക്ഷ എഴുതണമെന്നാണ് സർവകലാശാലയുടെ നിർദ്ദേശം.
Most Read| സെലെൻസ്‌കിയെ മാറ്റിയാൽ യുദ്ധം അവസാനിപ്പിക്കാൻ ഒത്തുതീർപ്പുകളാകാം; പുട്ടിൻ