തിരുവനന്തപുരം: കേരള സർവകലാശാലയിലെ അധികാര തർക്കത്തിനെതിരെ ഗവർണർക്കും വിസിക്കുമെതിരായ എസ്എഫ്ഐയുടെയും ഡിവൈഎഫ്‌ഐയുടെയും പ്രതിഷേധം ശക്‌തം. സംസ്‌ഥാന വ്യാപകമായി ഇന്ന് എസ്എഫ്ഐ പഠിപ്പ് മുടക്കിന് ആഹ്വാനം ചെയ്‌തിട്ടുണ്ട്.
കേരള സർവകലാശാലയിലേക്ക് നടത്തിയ പ്രതിഷേധത്തിനിടെ എസ്എഫ്ഐ സംസ്‌ഥാന സെക്രട്ടറി ഉൾപ്പടെയുള്ളവരെ അറസ്‌റ്റ് ചെയ്‌തതിൽ പ്രതിഷേധിച്ചാണ് പഠിപ്പ് മുടക്ക്. പ്രതിഷേധത്തിന്റെ ഭാഗമായി രാജ്ഭവനിലേക്ക് എസ്എഫ്ഐ മാർച്ചും പ്രഖ്യാപിച്ചിട്ടുണ്ട്. അതേസമയം, ഇന്ന് സർവകലാശാലയിലേക്ക് ഡിവൈഎഫ്‌ഐയും മാർച്ച് നടത്തും.
സർവകലാശാലയിൽ കാവിവൽക്കരണമെന്ന് ആരോപിച്ചാണ് മാർച്ച്. കേരള വിസി മോഹൻ കുന്നുമ്മലിനെതിരെയാണ് പ്രതിഷേധം. അതിനിടെ, വിസി-രജിസ്‌ട്രാർ പോരും രൂക്ഷമായി തുടരുകയാണ്. അവധി അപേക്ഷ നൽകിയ രജിസ്‌ട്രാർ കെഎസ് അനിൽ കുമാറിനോട് സസ്‌പെൻഷനിലുള്ള അവധി എന്ന് വിസി ചോദിച്ചു. എന്നാൽ, തന്റെ സസ്‌പെൻഷൻ സിൻഡിക്കേറ്റ് റദ്ദാക്കിയതാണ് എന്നായിരുന്നു രജിസ്‌ട്രാറുടെ മറുപടി.
സസ്‌പെൻഷനിലുള്ള രജിസ്‌ട്രാർ അനിൽകുമാർ അനുമതിയില്ലാതെ സർവകലാശാല ക്യാമ്പസിൽ കടക്കുന്നതിന് വിസി വിലക്ക് ഏർപ്പെടുത്തിയിട്ടുണ്ട്. എന്നാൽ, ഇതുമറികടന്ന് അനിൽ കുമാർ ഇന്ന് സർവകലാശാലയിൽ എത്തുമോയെന്നാണ് ആകാംക്ഷ. ഒപ്പം എസ്എഫ്ഐ, ഡിവൈഎഫ്ഐ മാർച്ച് കൂടി ആയാൽ ക്യാമ്പസ് ഇന്നും സംഘർഷഭരിത രംഗങ്ങൾക്ക് സാക്ഷ്യം വഹിക്കേണ്ടിയും വരും.
Most Read| ജീവന്റെ സാന്നിധ്യം, ഒരുലക്ഷത്തിലധികം വർഷം പഴക്കം; സമുദ്രത്തിനടിയിൽ നിഗൂഢ നഗരം!