കൊച്ചി: കേരള സർവകലാശാല രജിസ്‌ട്രാർ ഡോ. കെഎസ് അനിൽകുമാറിന്റെ സസ്‌പെൻഷൻ തുടരും. സിൻഡിക്കേറ്റ് സസ്‌പെൻഷൻ നടപടി പിൻവലിച്ചിട്ടും വൈസ് ചാൻസലർ പ്രവർത്തിക്കാൻ അനുവദിക്കുന്നില്ലെന്ന് ചൂണ്ടിക്കാട്ടി അനിൽ കുമാർ നൽകിയ ഹരജി ഹൈക്കോടതി തള്ളുകയായിരുന്നു.
അതേസമയം, സസ്‌പെൻഷൻ വിഷയം സിൻഡിക്കേറ്റ് യോഗം ചേർന്ന് തീരുമാനിക്കാമെന്നും കോടതി പറഞ്ഞിട്ടുണ്ട്. രജിസ്‌ട്രാർ സ്‌ഥാനത്ത് നിന്നുള്ള സസ്‌പെൻഷൻ നിയമവിരുദ്ധമാണെന്നും സസ്‌പെൻഷൻ നിയമന അധികാരിയായ സിൻഡിക്കേറ്റ് റദ്ദാക്കിയതായും ഹരജിയിൽ വ്യക്‌തമാക്കിയിരുന്നു.
ജോയിന്റ് രജിസ്‌ട്രാർക്ക് ചുമതല കൈമാറിയ വിസിയുടെ നടപടി നിയമവിരുദ്ധമാണെന്നും നടപടി റദ്ദാക്കണമെന്നും കെഎസ് അനിൽകുമാർ ഹരജിയിൽ ആവശ്യപ്പെട്ടു. ജസ്‌റ്റിസ് ടിആർ രവി അധ്യക്ഷനായ സിംഗിൾ ബെഞ്ച് ഹരജിയിൽ നേരത്തെ വിശദമായ വാദം കേട്ടിരുന്നു.
അതേസമയം, കേരള യൂണിവേഴ്‌സിറ്റി രജിസ്‌ട്രാർ ഇൻ ചാർജ് സ്‌ഥാനത്ത് നിന്ന് മിനി കാപ്പനെ മാറ്റിയിരുന്നു. സിൻഡിക്കേറ്റ് യോഗത്തിലാണ് തീരുമാനം. ഇടതു അംഗങ്ങളുടെ ആവശ്യം സിൻഡിക്കേറ്റ് അംഗീകരിക്കുകയായിരുന്നു. കാര്യവട്ടം ക്യാംപസ് ജോയിന്റ് രജിസ്‌ട്രാർ രശ്‌മിക്ക് പകരം ചുമതല നൽകി.
കേരള സർവകലാശാലയിൽ ഗവർണർ പങ്കെടുത്ത പരിപാടിയിലെ ഭാരതാംബ ചിത്ര വിവാദവുമായി ബന്ധപ്പെട്ട് രജിസ്‌ട്രാർ ഡോ. കെഎസ് അനിൽ കുമാറിനെ സസ്‌പെൻഡ് ചെയ്‌ത വിസി ഡോ. മോഹനൻ കുന്നുമ്മൽ പകരം ചുമതല നൽകിയത് മിനി കാപ്പനായിരുന്നു.
Most Read| മലപ്പുറത്ത് വീട്ടിലെ പ്രസവം കുറയുന്നു; ആരോഗ്യവകുപ്പിന്റെ ക്യാംപയിന് ഫലം