തിരുവനതപുരം: കേരള സർവകലാശാല വൈസ് ചാൻസലറുടെ സസ്പെൻഷൻ നടപടി വകവയ്ക്കാതെ രജിസ്ട്രാർ ഡോ. കെഎസ് അനിൽ കുമാർ. രജിസ്ട്രാർ ഇന്ന് സർവകലാശാല ആസ്ഥാനത്ത് എത്തുമെന്നാണ് വിവരം. സിൻഡിക്കേറ്റ് നിർദേശമനുസരിച്ചാണ് അദ്ദേഹം സർവകലാശാലയിൽ എത്തുന്നത്. രജിസ്ട്രാറെ തടഞ്ഞാൽ സർവകലാശാല ഏറ്റുമുട്ടലിന് വേദിയാകും.
രജിസ്ട്രാറെ പിന്തുണച്ച് ഇടത് അനുകൂല അധ്യാപക സംഘടനകളും എസ്എഫ്ഐയും രംഗത്തുണ്ട്. രജിസ്ട്രാറിന് തുടരാമെന്ന സന്ദേശമാണ് സംസ്ഥാന സർക്കാരും നൽകുന്നത്. ഇന്ന് തന്നെ അനിൽ കുമാർ കോടതിയെ സമീപിച്ചേക്കുമെന്നും വിവരമുണ്ട്. സർവകലാശാലയ്ക്ക് മുന്നിൽ ഗവർണർക്കും വിസിക്കുമെതിരെ ബാനർ കെട്ടിയ എസ്എഫ്ഐ, താൽക്കാലിക വിസിയായി നിയമിതയായ ഡോ. സിസ തോമസിനും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
എസ്എഫ്ഐ എന്താണെന്ന് സിസ തോമസിന് അറിയാമെന്നും ചുമതല ഏൽക്കാൻ വരട്ടെ അപ്പോൾ കാണാമെന്നുമാണ് എസ്എഫ്ഐ ജില്ലാ സെക്രട്ടറി എംഎ നന്ദൻ പ്രതികരിച്ചത്. സസ്പെൻഷനെതിരെ എസ്എഫ്ഐ ഇന്നലെ രാജ്ഭവനിലേക്ക് നടത്തിയ മാർച്ച് സംഘർഷത്തിലാണ് കലാശിച്ചത്. ഭാരതാംബ ചിത്രത്തിന് നിയമസാധുതയില്ലെന്ന സർക്കാർ നിലപാടാണ് രജിസ്ട്രാർ നടപ്പാക്കിയത്.
മതപരമായ ചിഹ്നങ്ങൾ പാടില്ലെന്ന സർവകലാശാല നിബന്ധന ലംഘിച്ചെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു രജിസ്ട്രാർ പരിപാടി റദ്ദാക്കിയത്. ഏതാണ് മതപരമായ ചിഹ്നമെന്ന വിസിയുടെ ചോദ്യത്തിന് രജിസ്ട്രാർ മറുപടി നൽകിയിരുന്നില്ല.
അതിനിടെ, എസ്എഫ്ഐ പ്രതിഷേധം നിലനിൽക്കെ, ഇന്ന് സർവകലാശാല ആസ്ഥാനത്ത് എത്തി ചുമതല ഏറ്റെടുക്കുമെന്ന് സിസ തോമസ് അറിയിച്ചു. നാലഞ്ച് ദിവസത്തേക്ക് ചുമതല വഹിക്കാൻ എത്തുന്ന തനിക്ക് എന്തിനാണ് മുന്നറിയിപ്പെന്ന് സിസ തോമസ് ചോദിച്ചു. സസ്പെൻഷനിലായിട്ടും സർവകലാശാലയിലേക്ക് എത്തുന്ന കെഎസ് അനിൽ കുമാറിനെ സിസ തോമസ് എങ്ങനെ നേരിടും എന്നതാകും ശ്രദ്ധേയം.
ഭാരതാംബ ചിത്രവുമായി ബന്ധപ്പെട്ട് കേരള സർവകലാശാലയിൽ വിവാദം കത്തിനിൽക്കുന്നതിനിടെയാണ് വിസിയുടെ താൽക്കാലിക ചുമതല ഡിജിറ്റൽ സർവകലാശാല വിസി ഡോ. സിസ തോമസിന് ഗവർണർ ഇന്നലെ വൈകീട്ടോടെ നൽകിയത്. നിലവിലെ വിസി ഡോ. മോഹൻ കുന്നുമ്മൽ റഷ്യൻ സന്ദർശനത്തിന് പോകുന്ന പശ്ചാത്തലത്തിലാണ് എട്ടാം തീയതിവരെ സിസ തോമസിന് അധിക ചുമതല നൽകിയുള്ള ഗവർണറുടെ തീരുമാനം.
Most Read| ജീവന്റെ സാന്നിധ്യം, ഒരുലക്ഷത്തിലധികം വർഷം പഴക്കം; സമുദ്രത്തിനടിയിൽ നിഗൂഢ നഗരം!