തിരുവനന്തപുരം: വിഴിഞ്ഞം പദ്ധതിക്ക് ഇന്ന് സ്വപ്‌നസാക്ഷാത്‌ക്കാരം. തുറമുഖത്തെത്തിയ ആദ്യ മദർഷിപ്പിനെ മുഖ്യമന്ത്രി പിണറായി വിജയനും കേന്ദ്രമന്ത്രി സർബാനന്ദ സോനോവാളും ചേർന്ന് ഇന്ന് ഔദ്യോഗികമായി സ്വീകരിക്കും. തുറമുഖത്തിന്റെ യാർഡിന്റെ ഉൽഘാടനവും മുഖ്യമന്ത്രി നിർവഹിക്കും.
കപ്പൽ ഇന്നലെ എത്തിയിരുന്നെങ്കിലും ഇന്നാണ് സർക്കാരിന്റെ നേതൃത്വത്തിലുള്ള ഔദ്യോഗിക സ്വീകരണ ചടങ്ങ്. രാവിലെ പത്തുമണിക്ക് വിഴിഞ്ഞം തുറമുഖത്ത് നടക്കുന്ന ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയൻ, കേന്ദ്ര തുറമുഖ മന്ത്രി സർബാനന്ദ സോനോവാൾ, മറ്റു മന്ത്രിമാർ, ഉദ്യോഗസ്‌ഥർ എന്നിവർ ചേർന്ന് കപ്പലിനെ സ്വീകരിക്കും. അദാനി പോർട്‌സ് സിഇഒ കരൺ അദാനിയും ചടങ്ങിനെത്തും.
കപ്പൽ കമ്പനിയായ മെസ്‌കിന്റെ ചാറ്റേഡ് മദർഷിപ്പായ സാൻഫെർണാണ്ടോയാണ് ഇന്നലെ രാവിലെ വിഴിഞ്ഞം തീരമണഞ്ഞത്. വാട്ടർ സല്യൂട്ട് നൽകി കപ്പലിനെ സ്വീകരിച്ചു. ചെണ്ടകൊട്ടിയും ദേശീയപതാക വീശിയുമാണ് പ്രദേശവാസികൾ കപ്പലിനെ സ്വീകരിച്ചത്. സിയാമെൻ തുറമുഖത്ത് നിന്ന് പുറപ്പെട്ട് എട്ട് ദിവസം കൊണ്ട് യാത്ര പൂർത്തിയാക്കിയാണ് സാൻ ഫെർണാണ്ടോ വിഴിഞ്ഞത്തേക്ക് എത്തിയത്.
ഒമ്പത് വർഷം പഴക്കമുള്ളതാണ് കപ്പൽ. രണ്ടായിരത്തിലേറെ കണ്ടെയ്‌നറുകളാണ് കപ്പലിലുള്ളത്. കപ്പലിൽ നിന്ന് കണ്ടെയ്‌നറുകൾ ഇന്നലെ തന്നെ ഇറക്കിത്തുടങ്ങിയിരുന്നു. ഔദ്യോഗിക ചടങ്ങിന് ശേഷം ബാക്കി കണ്ടെയ്‌നറുകൾ ഇറക്കി സാൻ ഫെർണാണ്ടോ വൈകിട്ടോടെ വിഴിഞ്ഞം തീരം വിടും.
അതേസമയം, ചടങ്ങിലേക്ക് പ്രതിപക്ഷ നേതാവിനെ ക്ഷണിക്കാത്തതിൽ കോൺഗ്രസിന് എതിർപ്പുണ്ട്. മുൻ തുറമുഖ മന്ത്രി അഹമ്മദ് ദേവർകോവിലിനും ചടങ്ങിലേക്ക് ക്ഷണമില്ല. പ്രതിപക്ഷ നേതാവിനെ ക്ഷണിക്കാത്തതിൽ പ്രതിഷേധമുണ്ടെങ്കിലും യുഡിഎഫ് ചടങ്ങ് ബഹിഷ്‌കരിക്കില്ല. പദ്ധതി മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിക്ക് സമർപ്പിച്ച് ജില്ലാ ആസ്‌ഥാനങ്ങളിൽ വൈകിട്ട് പ്രകടനം നടത്തുമെന്ന് കോൺഗ്രസ് പ്രഖ്യാപിച്ചിട്ടുണ്ട്.
ചടങ്ങിൽ പങ്കെടുക്കില്ലെന്ന് സ്‌ഥലം എംപി ശശി തരൂരും പറഞ്ഞിട്ടുണ്ട്. എന്നാൽ സ്‌ഥലം എംഎൽഎ എൻ വിൻസന്റ് ചടങ്ങിൽ പങ്കെടുക്കും. ഔദ്യോഗിക ക്ഷണമില്ലെന്ന് ചൂണ്ടിക്കാട്ടി ലത്തീൻ അതിരൂപത പ്രതിനിധികളും ചടങ്ങിൽ എത്തില്ല. കേരളത്തിന്റെ സ്വപ്‌ന പദ്ധതിക്ക് ഇന്നലെ വിജയകരമായ ട്രയൽ റൺ നടന്നിരുന്നു. ഇതോടെ വിഴിഞ്ഞം തുറമുഖം ലോകത്തെ ചരക്ക് നീക്കങ്ങളുടെ ഭൂപടത്തിൽ സ്‌ഥാനം പിടിച്ചുകഴിഞ്ഞു.
Most Read| വിശ്രമജീവിതം നീന്തിത്തുടിച്ച്, 74ആം വയസിൽ രാജ്യാന്തര നേട്ടവുമായി മലയാളി