മലപ്പുറം: ‘ജീവിതം സന്തോഷകരമാക്കാൻ മദ്യവും മയക്കുമരുന്നും ഉപേക്ഷിക്കൂ’ എന്ന സന്ദേശവുമായി പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ (പിസിഡബ്‌ള്യുഎഫ്) നേതൃത്വം നൽകുന്ന ലഹരിവിരുദ്ധ കാംപയിന്റെ ഉൽഘാടനം കാലടി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കെജി ബാബു നിർവഹിച്ചു.
ഒരുമാസത്തോളം നീണ്ടു നിൽക്കുന്നതാണ് കാംപയിൻ. ലോക ലഹരിവിരുദ്ധ ദിനമായ ജൂൺ 26നാണ് കാംപയിൻ സമാപിക്കുക.
വർഡ്‌തല ജാഗ്രതാ സമിതികളുടെ രൂപീകരണത്തിന് ശേഷം ക്യാമ്പസ്‌തല ബോധവൽക്കരണം, ഭവന സന്ദർശനങ്ങൾ, തെരുവ് നാടകങ്ങൾ, മാരത്തോൺ, സൈക്കിൾ – ബൈക്ക് റാലികൾ, ലഘുലേഖ വിതരണം, കലാ-കായിക മൽസരങ്ങൾ ഉൾപ്പടെയുള്ള പരിപാടികളിലൂടെ ലഹരിവിരുദ്ധ കാംപയിൻ പൊതുസമൂഹത്തിലേക്ക് എത്തിക്കാനാണ് പിസിഡബ്ള്യുഎഫ് പദ്ധതിയിട്ടിരിക്കുന്നത്.
എക്‌സൈസ്, പോലീസ്, തദ്ദേശസ്വയംഭരണ വകുപ്പുകളുടെയും സാമൂഹ്യ സന്നദ്ധ സംഘടനകളുടെയും ജനപ്രതിനിധികളുടെയും പങ്കാളിത്തം ഉറപ്പാക്കിക്കൊണ്ട് നടത്തുന്ന പരിപാടികൾ പൊന്നാനി താലൂക്കിന്റെ വിവിധ കേന്ദ്രങ്ങളിൽ സംഘടിപ്പിക്കും.

ചന്തപ്പടി പിഡബ്‌ള്യൂഡി വിശ്രമ കേന്ദ്ര ഹാളിൽ നടന്ന ചടങ്ങിൽ പി കോയക്കുട്ടി മാസ്‌റ്റർ അധ്യക്ഷത വഹിച്ചു. കെ സിദ്ദീഖ് മൗലവി അയിലക്കാട് മുഖ്യ പ്രഭാഷണം നടത്തി. സിവി മുഹമ്മദ് നവാസ്, ടി മുനീറ, അടാട്ട് വാസുദേവൻ, ഹനീഫ മാളിയേക്കൽ, നിഷാദ് അബൂബക്കർ, ടിവി സുബൈർ, കെപി റംല എന്നിവർ സംസാരിച്ചു.
Most Read| കരളും വൃക്കയും പകുത്ത് നൽകിയ അമ്മയ്‌ക്ക് സമ്മാനമായി മകന്റെ ഉന്നതവിജയം








































