തിരുവനന്തപുരം: അനധികൃത സ്വത്ത് സമ്പാദന കേസിൽ സിബിഐ അന്വേഷണത്തിന് ഉത്തരവിട്ട ഹൈക്കോടതി സിംഗിൾ ബെഞ്ച് വിധിക്കെതിരെ അപ്പീൽ നൽകാൻ കിഫ്‌ബി സിഇഒ കെഎം ഏബ്രഹാം. അഭിഭാഷകരുമായി കൂടിക്കാഴ്‌ച നടത്തിയതായാണ് വിവരം. അപ്പീൽ നീക്കത്തിന് സർക്കാരിന്റെയും പിന്തുണയുണ്ടെന്നാണ് സൂചന.
സിബിഐ അന്വേഷണത്തിന് ഉത്തരവിട്ട നടപടിയെ സധൈര്യം നേരിടുമെന്ന് കെഎം ഏബ്രഹാം നേരത്തെ പ്രതികരിച്ചിരുന്നു. താൻ പദവിയിൽ തുടരണോ എന്ന് മുഖ്യമന്ത്രിക്ക് തീരുമാനിക്കാമെന്നും സ്വയം രാജിവെക്കില്ലെന്നും കിഫ്ബി ജീവനക്കാർക്ക് അയച്ച വിഷുദിന സന്ദേശത്തിൽ കെഎം ഏബ്രഹാം വ്യക്‌തമാക്കിയിരുന്നു.
ഹരജിക്കാരനായ ജോമോന്‍ പുത്തന്‍പുരക്കലിനും മുൻ വിജിലൻസ് ഡയറക്‌ടർ ജേക്കബ് തോമസിനും തന്നോടുള്ള വൈരാഗ്യമാണ് ഇതിനൊക്കെ കാരണമെന്നാണ് കെഎം ഏബ്രഹാം പറയുന്നത്. താൻ ധനസെക്രട്ടറിയായിരിക്കെ ഹര്‍ജിക്കാരന്‍ PWD റസ്‌റ്റ് ഹൗസ് ദുരുപയോഗം ചെയ്‌തത് കണ്ടെത്തുകയും സംഭവത്തില്‍ പിഴ ചുമത്തുകയും ചെയ്‌തിരുന്നു. ഈ വൈരാഗ്യമാണ് കേസിന് പിന്നിലെന്നും ഏബ്രഹാം ആരോപിച്ചു.
കൂടാതെ, ധനവകുപ്പ് സെക്രട്ടറിയായിരിക്കെ താന്‍ ക്രമക്കേട് കണ്ടെത്തിയ സ്‌ഥാപനത്തിന്റെ മേധാവിയും ഹര്‍ജിക്കാരനൊപ്പം ചേര്‍ന്നുവെന്നും കെഎം ഏബ്രഹാം പറയുന്നു. മുന്‍ വിജിലന്‍സ് ഡയറക്‌ടർ ജേക്കബ് തോമസ് നേരത്തെ 20 കോടി തിരിമറി നടത്തിയത് താന്‍ കണ്ടെത്തിയതാണെന്നും താന്‍ കിഫ്ബി സിഇഒ സ്‌ഥാനം രാജിവെച്ചാല്‍ ഇവര്‍ക്ക് വിജയം ഉണ്ടാകുന്ന സ്‌ഥിതി ഉണ്ടാകുമെന്നും കെഎം ഏബ്രഹാം വ്യക്‌തമാക്കിയിരുന്നു.
വിരമിച്ച ഐഎഎസ് ഉദ്യോഗസ്‌ഥനായ കണ്ടത്തിൽ മാത്യു എബ്രഹാം എന്ന കെഎം ഏബ്രഹാം വിവിധ പദവികൾക്കൊപ്പം കേരള മുഖ്യമന്ത്രിയുടെ ചീഫ് പ്രിൻസിപ്പൽ സെക്രട്ടറിയായും സേവനം അനുഷ്‌ഠിക്കുന്നുണ്ട്. 2017 ഡിസംബറിൽ കേരള ചീഫ് സെക്രട്ടറിയായി വിരമിച്ച ഇദ്ദേഹം 1982 ബാച്ച് ഐഎഎസിൽ പെട്ടയാളാണ്. സെക്യൂരിറ്റീസ് ആൻഡ് എക്‌സ്‌ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യയിൽ അംഗമായിരുന്നപ്പോൾ സഹാറ ഗ്രൂപ്പ് കുംഭകോണം പുറത്തു കൊണ്ടുവന്നതിൽ ഇദ്ദേഹം നിർണായക പങ്കുവഹിച്ചിരുന്നു.
Most Read| ‘ബില്ലുകളിൽ മൂന്ന് മാസത്തിനകം തീരുമാനമെടുക്കണം, നീട്ടാൻ ഗവർണർക്ക് അധികാരമില്ല’