കൊച്ചി: കോർപറേഷനിൽ വീണ്ടും കൈക്കൂലി വിവാദം. കൈക്കൂലി വാങ്ങുന്നതിനിടെ കൊച്ചി കോർപറേഷനിലെ രണ്ട് ഉദ്യോഗസ്‌ഥർ പിടിയിലായി. ഇടപ്പള്ളി സോണൽ ഓഫീസിലെ സൂപ്രണ്ട് ലാലിച്ചൻ, റവന്യൂ ഇൻസ്‌പെക്‌ടർ മണികണ്‌ഠൻ എന്നിവരെയാണ് കൈക്കൂലിയുമായി ഇന്ന് വിജിലൻസ് പിടികൂടിയത്.
കെട്ടിടത്തിന്റെ ഉടമസ്‌ഥാവകാശം മാറ്റുന്നതുമായി ബന്ധപ്പെട്ട അപേക്ഷ തീർപ്പാക്കുന്നതിന് എളമക്കര സ്വദേശിയിൽ നിന്ന് 7000 രൂപയാണ് ഉദ്യോഗസ്‌ഥർ ആവശ്യപ്പെട്ടത്. എളമക്കര സ്വദേശി ഇക്കാര്യം വിജിലൻസിനെ അറിയിക്കുകയായിരുന്നു. തുടർന്ന് ഇന്ന് കൈക്കൂലി വാങ്ങുന്നതിനിടെ വിജിലൻസ് സംഘം ഇരുവരെയും കസ്‌റ്റഡിയിൽ എടുത്തു.
ഇവരുടെ സാമ്പത്തിക സ്രോതസുകളടക്കം പരിശോധിക്കുമെന്ന് വിജിലൻസ് വൃത്തങ്ങൾ അറിയിച്ചു. കഴിഞ്ഞ മേയ് മാസത്തിലാണ് കെട്ടിടത്തിന്റെ ഉടമസ്‌ഥാവകാശം മാറ്റുന്നതിനായി അപേക്ഷ നൽകിയതെന്ന് പരാതിക്കാരൻ പറയുന്നു. ന്യായമായും നടത്തിത്തരേണ്ട കാര്യം മാസങ്ങളായി ചെയ്യാതിരിക്കുകയായിരുന്നു. ഇത്തവണ വളരെ ഭവ്യമായി അവർ കൈക്കൂലി ചോദിച്ചു.
അറിയാമല്ലോ, ഇവിടെ കാര്യങ്ങൾ നടക്കണമെങ്കിൽ ചില പതിവുകളൊക്കെയുണ്ട്. സൂപ്രണ്ടിന് 5000 രൂപയും എനിക്ക് 2000 രൂപയുമെന്നാണ് മണികണ്‌ഠൻ പറഞ്ഞത്. സാധാരണക്കരുടെ കൈയിൽ നിന്ന് ഇങ്ങനെ പണം പിടിച്ചുവാങ്ങുന്നതിന് എതിരെയുള്ള എന്റെ ചെറിയ പ്രതിഷേധമാണിതെന്നും പരാതിക്കാരൻ പറഞ്ഞു.
മൂന്നാഴ്‌ച മുൻപ് കോർപറേഷന്റെ പള്ളുരുത്തി സോണൽ ഓഫ്‌സിലെ റവന്യൂ വിഭാഗം ക്ളർക്ക് പ്രകാശൻ, കടയുടെ ലൈസൻസുമായി ബന്ധപ്പെട്ട് അപേക്ഷ നൽകിയ ആളിൽ നിന്ന് 25,000 രൂപ കൈക്കൂലി വാങ്ങുന്നതിനിടെ വിജിലൻസിന്റെ പിടിയിലായിരുന്നു.
ഇക്കഴിഞ്ഞ ഏപ്രിലിൽ വൈറ്റില സോണൽ ഓഫീസിലെ ബിൽഡിങ് ഇൻസ്‌പെക്‌ടർ സ്വപ്‌നയെ വാഹനത്തിൽ വെച്ച് 15,000 രൂപ കൈക്കൂലി വാങ്ങുന്നതിനിടെയും വിജിലൻസ് പിടികൂടിയിരുന്നു. മൊബൈൽ ഫോൺ ആക്‌സസറീസിന്റെ ലൈസൻസ് അനുവദിക്കുന്നതിനായി കൈക്കൂലി വാങ്ങുന്ന സമയത്ത് ഇടപ്പള്ളി സോണൽ ഓഫീസിലെ മൂന്ന് ഉദ്യോഗസ്‌ഥരും പിടിയിലായിരുന്നു.
Most Read| ‘തനിയെ നെന്നിനീങ്ങുന്ന കല്ലുകൾ’; ഡെത്ത് വാലിയിലെ നിഗൂഢമായ രഹസ്യം!








































