കൊച്ചി: റാപ്പർ വേടൻ രണ്ടു ദിവസം വനംവകുപ്പിന്റെ കസ്‌റ്റഡിയിൽ തുടരും. വേടൻ എന്ന പേരിൽ അറിയപ്പെടുന്ന ഹിരൺദാസ് മുരളിയെ ഇന്ന് പെരുമ്പാവൂർ കോടതിയിൽ ഹാജരാക്കിയിരുന്നെങ്കിലും ജാമ്യം നൽകിയില്ല. ജാമ്യാപേക്ഷ പരിഗണിക്കുന്നത് മേയ് രണ്ടിലേക്ക് മാറ്റി. തെളിവ് ശേഖരണം നടത്തണമെന്ന് വനംവകുപ്പ് കോടതിയെ അറിയിച്ചു.
കഞ്ചാവ് കേസിൽ അറസ്‌റ്റിലായി സ്‌റ്റേഷൻ ജാമ്യം കിട്ടിയ റാപ്പർ വേടനെ വനംവകുപ്പ് കസ്‌റ്റഡിയിൽ എടുത്തിരുന്നു. വേടന്റെ മാലയിൽ പുലി പല്ലുകളുള്ള ലോക്കറ്റ് കണ്ടെടുത്തതിന് പിന്നാലെയായിരുന്നു വനംവകുപ്പിന്റെ നടപടി. തുടർന്നാണ് കോടതിയിൽ ഹാജരാക്കിയത്. ഇയാളുടെ പേരിൽ ഏഴുവർഷം വരെ തടവ് ശിക്ഷ ലഭിക്കാവുന്ന വകുപ്പുകളാണ് വനംവകുപ്പ് ചുമത്തിയത്.
വേടൻ ധരിച്ചിരുന്ന മാലയിലെ പുലിപ്പല്ല് യഥാർഥമാണെന്ന് പ്രാഥമിക പരിശോധനയിൽ വ്യക്‌തമായതോടെയാണ് കൂടുതൽ വകുപ്പുകൾ ചുമത്തിയത്. ഒരു രാസലഹരിയും ഉപയോഗിച്ചിട്ടില്ലെന്നും താൻ വലിക്കുകയും കുടിക്കുകയുമൊക്കെ ചെയ്യുന്ന ആളാണെന്ന് എല്ലാവർക്കും അറിയാവുന്നതാണെന്നും കോടതിയിൽ ഹാജരാക്കാൻ കൊണ്ടുപോകുമ്പോൾ വേടൻ മാദ്ധ്യമങ്ങളോട് പ്രതികരിച്ചു.
അതേസമയം, പുലിപ്പല്ല് നൽകിയത് ശ്രീലങ്കൻ വംശജനായ രഞ്‌ജിത് കുമ്പിടി എന്നയാളാണെന്നും അത് യഥാർഥ പല്ലാണോ എന്ന് അന്ന് ഇന്നും അറിയില്ലെന്നും വേടൻ വനംവകുപ്പ് അധികൃതരോട് പറഞ്ഞു. വേടനെ ഇന്ന് തൃപ്പൂണിത്തുറയിലെ ഫ്‌ളാറ്റിലെത്തി തെളിവെടുപ്പ് നടത്തിയേക്കും. വൈദ്യപരിശോധനകൾക്ക് ശേഷം ഉച്ചയോടെയാണ് വേടനെ പെരുമ്പാവൂർ മജിസ്‌ട്രേറ്റ് കോടതിയിൽ ഹാജരാക്കിയത്.
ഇന്നലെയാണ് തൃപ്പൂണിത്തുറയിലെ ഫ്‌ളാറ്റിൽ നിന്ന് വേടൻ അടക്കം ഒമ്പതുപേരെ ആറ് ഗ്രാം കഞ്ചാവുമായി അറസ്‌റ്റ് ചെയ്‌തത്. വേടനെ പിടികൂടിയത് കഞ്ചാവ് വലിക്കുന്നതിനിടെ ആണെന്നാണ് എഫ്‌ഐആറിൽ പറയുന്നത്. കഞ്ചാവ് പൊടിക്കാനുള്ള ക്രഷറും ചുരുട്ടാനുള്ള പേപ്പറും ത്രാസും അടക്കം വേടന്റെ ഫ്ളാറ്റിൽ നിന്ന് പിടിച്ചെടുത്തു. ഇതിൽ ഇവർ സ്‌റ്റേഷൻ ജാമ്യം ലഭിച്ചിരുന്നു.
Most Read| പണമിട്ടാൽ പാൽ തരുന്ന എടിഎം! ഇത് മൂന്നാർ സ്‌റ്റൈൽ, അൽഭുതമെന്ന് സ്‌കോട്ടിഷ് സഞ്ചാരി