തിരുവനന്തപുരം: വിഴിഞ്ഞത്ത് നിന്ന് കൊച്ചിയിലേക്കുള്ള യാത്രക്കിടെ അപകടത്തിൽപ്പെട്ട എംഎസ്‌സി എൽസ 3 എന്ന കപ്പൽ കൊച്ചി പുറങ്കടലിൽ മുങ്ങിയ സംഭവത്തിൽ കപ്പൽ കമ്പനിക്ക് മുന്നറിയിപ്പുമായി കേന്ദ്ര ഷിപ്പിങ് മന്ത്രാലയം.
അവശിഷ്‌ടങ്ങൾ മാറ്റുന്ന നടപടിക്രമങ്ങളിൽ എംഎസ്‌സി കമ്പനി ഗുരുതര വീഴ്‌ച വരുത്തിയതായി മന്ത്രാലയം ചൂണ്ടിക്കാട്ടി. ആവർത്തിച്ച് ആവശ്യപ്പെട്ടിട്ടും അവശിഷ്‌ടങ്ങൾ നീക്കം ചെയ്യുന്നതിൽ കമ്പനി കാലതാമസം വരുത്തി. കപ്പൽ അപകടം ഇന്ത്യൻ തീരത്തെയും സമുദ്രാവാസവ്യവസ്‌ഥയെയും കടുത്ത ആഘാതത്തിലാക്കിയെന്നും മന്ത്രാലയം വിശദമാക്കി. ഇക്കാര്യങ്ങൾ വ്യക്‌തമാക്കി കേന്ദ്ര ഷിപ്പിങ് മന്ത്രാലയം കമ്പനിക്ക് നോട്ടീസ് അയച്ചു.
കപ്പൽ അപകടം കേരളാ തീരത്തെ ഇതിനകം ബാധിച്ചു. സാൽവേജ് നടപടിക്രമങ്ങൾ മേയ് 30 വരെ കമ്പനി വൈകിപ്പിച്ചു. തുടക്കത്തിലെ കാലതാമസം വലിയ തിരിച്ചടിയുണ്ടാക്കി. ഇന്ധനം നീക്കുന്ന നടപടികൾ ഇനിയും തുടങ്ങിയിട്ടില്ല. മൽസ്യത്തൊഴിലാളികൾക്ക് ജോലി നഷ്‌ടമായി. 48 മണിക്കൂറിനുള്ളിൽ എണ്ണ ചോർച്ച നീക്കാൻ നടപടി ആരംഭിക്കണം. അല്ലെങ്കിൽ ഇന്ത്യൻ നിയമപ്രകാരം നടപടിയെടുക്കുമെന്നാണ് നോട്ടീസിലെ മുന്നറിയിപ്പ്.
മതിയായ ഉപകരണങ്ങളും സംവിധാനങ്ങളും ഉടൻ എത്തിക്കണമെന്ന് ആവശ്യപ്പെട്ട് സിംഗപ്പൂർ കപ്പലിലെ തീപിടിത്തത്തിലും വാൻ ഹായി ലെൻസ് ഷിപ്പിങ് കമ്പനിക്ക് ഷിപ്പിങ് മന്ത്രാലയം മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. സാൽവേജ് നടപടിക്രമങ്ങൾ വൈകിച്ചാൽ ക്രിമിനൽ നടപടിയെടുക്കും. തീ അണയ്‌ക്കാനോ, കപ്പലിനെ നിയന്ത്രിക്കാനോ മതിയായ സംവിധാനം ഷിപ്പിങ് കമ്പനി എത്തിച്ചില്ല. നിൽവിലെ സാൽവേജ് കപ്പലിൽ മതിയായ സംവിധാനമില്ലെന്നും കേന്ദ്രം അയച്ച നോട്ടീസിൽ പറയുന്നു.
ആലപ്പുഴ തോട്ടപ്പിള്ളി സ്‌പിൽവേയിൽ നിന്ന് 14.6 നോട്ടിക്കൽ മൈൽ ദൂരത്താണ് മേയ് 25ന് എൽസ 3 ലൈബീരിയൻ കപ്പൽ മുങ്ങിയത്. കപ്പലിൽ നിന്ന് ഒഴുകിനീങ്ങിയ കണ്ടെയ്‌നറുകൾ ആലപ്പുഴ, കൊല്ലം, തിരുവനന്തപുരം തീരങ്ങളിലാണ് അടിഞ്ഞത്. സംഭവത്തിൽ ഫോർട്ട് കൊച്ചി തീരദേശ പോലീസ് ഇന്നലെ കേസെടുത്തിരുന്നു. കപ്പൽ കമ്പനിയായ എംഎസ്‌സി ഒന്നാംപ്രതിയും ഷിപ് മാസ്‌റ്റർ രണ്ടാംപ്രതിയും കപ്പലിലെ മറ്റു ജീവനക്കാർ മൂന്നാം പ്രതിയുമായാണ് കേസെടുത്തത്.
Most Read| ജീവന്റെ സാന്നിധ്യം, ഒരുലക്ഷത്തിലധികം വർഷം പഴക്കം; സമുദ്രത്തിനടിയിൽ നിഗൂഢ നഗരം!