കൊച്ചി: കൊടകര കുഴൽപ്പണക്കേസ് അന്വേഷണം പൂർത്തിയായതായി എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റ് ഹൈക്കോടതിയിൽ. കേസിൽ ഒരുമാസത്തിനകം കുറ്റപത്രം സമർപ്പിക്കുമെന്നും ഇഡി ഹൈക്കോടതിയെ അറിയിച്ചു. കുറ്റപത്രം നൽകാൻ ഹൈക്കോടതി രണ്ടുമാസത്തെ സാവകാശം അനുവദിച്ചു.
അന്വേഷണം വേഗത്തിൽ തീർപ്പാക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹരജിയിലാണ് ഇഡി ഇക്കാര്യം വ്യക്‌തമാക്കിയത്. കവർച്ചക്ക് ശേഷം നടന്ന കള്ളപ്പണ ഇടപാടിനെ കുറിച്ചാണ് തങ്ങൾ അന്വേഷിച്ചതെന്നും ഇഡി കോടതിയെ അറിയിച്ചു. പണത്തിന്റെ ഉറവിടത്തെ കുറിച്ച് ഇഡി അന്വേഷണം നടത്തിയില്ലെന്നാണ് ഇതോടെ വ്യക്‌തമാകുന്നത്.
തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി കൊണ്ടുവന്ന കള്ളപ്പണമാണ് കൊടകരയിൽ കവർച്ച ചെയ്യപ്പെട്ടതെന്നായിരുന്നു കേസ് അന്വേഷിച്ച കേരളാ പോലീസിന്റെ കണ്ടെത്തൽ. എന്നാൽ, ഇക്കാര്യം പരിശോധിക്കാതെയാണ് ഇഡി അന്വേഷണം അവസാനിപ്പിക്കുന്നത്. കുഴൽപ്പണം കൊണ്ടുവന്നത് ബിജെപിക്ക് വേണ്ടിയാണെന്ന രീതിയിൽ വലിയ രാഷ്‌ട്രീയ വിവാദം ഉയർന്ന കേസാണ് കുഴൽപ്പണ കേസ്.
നിയമസഭാ തിരഞ്ഞെടുപ്പിന് ദിവസങ്ങൾക്ക് മുൻപ് 2021 ഏപ്രിൽ 31നാണ് ദേശീയപാതയിൽ കൊടകരയ്‌ക്കടുത്ത് ഒരു സംഘം കാറിൽ നിന്ന് പണം അപഹരിച്ചത്. തുടക്കത്തിൽ 25 ലക്ഷം എന്നായിരുന്നു പരാതിയെങ്കിലും പിന്നീട് 3.5 കോടി രൂപ നഷ്‌ടപ്പെട്ടു എന്ന് തെളിഞ്ഞു. തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ഉപയോഗിക്കാനായി കൊണ്ടുവന്ന കള്ളപ്പണമാണ് ഇതെന്ന ആക്ഷേപം ഉയരുകയും രാഷ്‌ട്രീയ വിവാദമായി മാറുകയും ചെയ്‌തിരുന്നു.
Most Read| സ്വതന്ത്ര ഇന്ത്യയിൽ ആദ്യം; ഉത്തരാഖണ്ഡിൽ ഇന്ന് ഏക സിവിൽ കോഡ് നിലവിൽ വരും