തിരുവനന്തപുരം: അന്തരിച്ച ഡിവൈഎഫ്ഐ നേതാവും യുവജനക്ഷേമ ബോര്‍ഡ് വൈസ് ചെയര്‍മാനുമായ പി ബിജുവിനെ അനുസ്മരിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി കൊടിയേരി ബാലകൃഷ്ണൻ. ബിജുവിന്റെ അകാലത്തിലുള്ള വിയോഗ വാര്‍ത്ത തീര്‍ത്തും വേദനാജനകമാണെന്ന് അദ്ദേഹം പറഞ്ഞു. വിദ്യാര്ഥിയായിക്കെ തന്നെ ഉയര്‍ന്ന രാഷ്ട്രീയ ബോധവും സംഘടനാ മികവും പ്രകടിപ്പിച്ച ഭാവി വാഗ്ദാനമെന്ന നിലയിലാണ് ബിജുവിനെ കണ്ടതെന്നും സംസ്ഥാന സെക്രട്ടറി ഫേസ്ബുക്കില്‍ കുറിച്ചു.
കുറിപ്പിന്റെ പൂര്‍ണ രൂപം:
സഖാവ് പി ബിജുവിന്റെ അകാലത്തിലുള്ള വിയോഗ വാര്‍ത്ത നടുക്കമുണര്‍ത്തുന്നതും തീര്‍ത്തും വേദനാജനകവുമാണ്. വിദ്യാര്‍ഥിയായിരിക്കുന്ന കാലത്ത് തന്നെ ഉയര്‍ന്ന രാഷ്ട്രീയ ബോധവും സംഘടനാ മികവും പ്രകടിപ്പിച്ച ഭാവി വാഗ്ദാനമെന്ന നിലയിലാണ് ബിജുവിനെ കണ്ടത്. നിരവധി സമരമുഖങ്ങളില്‍ തീക്കനല്‍ പോലെ ജ്വലിച്ചു നിന്ന ബിജുവിനെ കേരളത്തിന് മറക്കാന്‍ സാധിക്കില്ല.
യുഡിഎഫ് ഭരണകാലത്ത് ക്രൂരമായ മര്‍ദ്ദനങ്ങള്‍ക്ക് സഖാവ് വിധേയനായി. ആ സന്ദര്‍ഭങ്ങളിലൊക്കെ ബിജുവിനെ നേരിട്ട് കാണുകയും സംസാരിക്കുകയും ചെയ്തിരുന്നു. അപ്പോഴൊക്കെ സമരമുഖങ്ങളിലെ വേട്ടയാടലുകളില്‍ പതറാത്ത കമ്യൂണിസ്റ്റായാണ് ബിജു അടയാളപ്പെടുത്തിയത്. ശാരീരികമായ പരിമിതികളെ അതിജീവിച്ച് കുട്ടിക്കാലം മുതല്‍ക്കെ വിദ്യാര്‍ഥി സംഘടനാ രാഷ്ട്രീയത്തിലൂടെ വളര്‍ന്നു വന്ന നേതാവായിരുന്നു പി ബിജു.
ആശയപരമായ ഉള്‍ക്കാഴ്ചയും സര്‍ഗാത്മകമായ സംഘാടന പാടവവും സംഘടനാ രംഗത്ത് പുലര്‍ത്തിയ മികവുമാണ് പി ബിജുവിനെ പുരോഗമന വിദ്യാര്‍ഥി പ്രസ്ഥാനത്തിന്റെ സംസ്ഥാന സെക്രട്ടറി സ്ഥാനത്തേക്കുയര്‍ത്തിയത്. യുവജനപ്രസ്ഥാനത്തിന്റെ ഭാരവാഹിയായും സഖാവ് മികവ് തെളിയിച്ചു. യുവജനക്ഷേമ ബോര്‍ഡിന്റെ വൈസ് ചെയര്‍മാനെന്ന ഉത്തരവാദിത്തം ഏല്‍പ്പിച്ചപ്പോള്‍, രാജ്യത്തിന് തന്നെ മാതൃകയാവുന്ന രീതിയില്‍ യുവജനക്ഷേമ പ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിക്കാന്‍ ബിജുവിന് സാധിച്ചു. വൈവിധ്യമാര്‍ന്ന പരിപാടികള്‍ ഏറ്റെടുത്ത് നടപ്പിലാക്കാന്‍ യുവജനക്ഷേമ ബോര്‍ഡിനെ പ്രാപ്തമാക്കി. ബിജുവിന്റെ നേതൃപരമായ ഏകോപന മികവാണ് ഇവിടെ കാണാനായത്.
കേരളത്തിലെ വിപ്ളവ പ്രസ്ഥാനത്തിന്റെ ഭാവി വാഗ്ദാനത്തെയാണ് നഷ്ടപ്പെട്ടിരിക്കുന്നത്. ഇത് അപരിഹാര്യമായ ഒരു വിടവ് തന്നെയാണ്. പി ബിജുവിന്റെ വേര്‍പാട് ഏറെ ദുഖിപ്പിക്കുന്നതാണ്. അദ്ദേഹത്തിന്റെ സഖാക്കളുടെയും സുഹൃത്തുക്കളുടെയും ബന്ധുക്കളുടെയും ദുഖത്തോടൊപ്പം ഞാനും പങ്കാളിയാവുന്നു. സിപിഐഎം സംസ്ഥാന കമ്മറ്റിയുടെ അഗാധമായ അനുശോചനം രേഖപ്പെടുത്തുന്നു.
Read also: യുവജന ക്ഷേമ ബോര്‍ഡ് വൈസ് ചെയര്മാന് പി ബിജു അന്തരിച്ചു



































