കൊൽക്കത്ത: ബംഗാളിലെ ആർജി കർ മെഡിക്കൽ കോളേജിൽ വനിതാ പിജി ഡോക്‌ടറെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ കേസിൽ പ്രതി സഞ്‌ജയ് റോയി കുറ്റക്കാരനെന്ന് കോടതി. കൊൽക്കത്തയിലെ സീൽദാ അഡീഷണൽ ജില്ലാ സെഷൻസ് കോടതിയാണ് വിധി പ്രസ്‌താവിച്ചത്. പ്രതിക്കുള്ള ശിക്ഷാവിധി തിങ്കളാഴ്‌ച പ്രസ്‌താവിക്കും.
പ്രതി ജൂനിയർ വനിതാ ഡോക്‌ടറെ അക്രമിച്ചെന്നും ലൈംഗികമായി പീഡിപ്പിച്ച് കൊലപ്പെടുത്തിയെന്നും കോടതിയിൽ തെളിഞ്ഞു. ആശുപത്രിയിലെ സുരക്ഷാ ജീവനക്കാരനായിരുന്നു സഞ്‌ജയ് റോയി. സുപ്രീം കോടതിയും ഹൈക്കോടതിയും നിർണായക ഇടപെടൽ നടത്തിയ കേസാണിത്. സംഭവം നടന്ന് അഞ്ചുമാസത്തിന് ശേഷമാണ് വിധി പറയുന്നത്.
കഴിഞ്ഞവർഷം ഓഗസ്‌റ്റ് ഒമ്പതിനാണ് വനിതാ ഡോക്‌ടറെ ആശുപത്രിയിലെ സെമിനാർ ഹാളിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. ക്രൂരമായ ലൈംഗിക പീഡനത്തിന് ശേഷമാണ് ഡോക്‌ടർ കൊല്ലപ്പെട്ടതെന്ന് അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. സഞ്‌ജയ് റോയിയെ പിറ്റേന്ന് തന്നെ കൊൽക്കത്ത പോലീസ് അറസ്‌റ്റ് ചെയ്‌തിരുന്നു. സിസിടിവി ദൃശ്യങ്ങളടക്കം പരിശോധിച്ചാണ് പ്രതിയെ പിടികൂടിയത്.
സംഭവത്തെ തുടർന്ന് രാജ്യവ്യാപകമായി ഡോക്‌ടർമാരുടെ നേതൃത്വത്തിൽ പ്രതിഷേധം അരങ്ങേറിയിരുന്നു. ഡോക്‌ടർമാർ ജോലി ബഹിഷ്‌കരിച്ചു സമരം നടത്തിയിരുന്നു. തുടർന്നാണ് കോടതി ഇടപെടുന്നതും കേസന്വേഷണം സിബിഐക്ക് കൈമാറുന്നതും.
അതിനിടെ, മുൻ കൊൽക്കത്ത പോലീസ് കമ്മീഷണർ വിനീത് ഗോയൽ ഉൾപ്പടെയുള്ള മുതിർന്ന പോലീസ് ഉദ്യോഗസ്‌ഥർ തന്നെ കള്ളക്കേസിൽ കുടുക്കുകയായിരുന്നെന്ന് പ്രതി ആരോപിച്ചിരുന്നു. ഇതിൽ മുഖ്യമന്ത്രി മമതാ ബാർജിയോട് ഗവർണർ സിവി ആനന്ദ ബോസ് അടിയന്തിര റിപ്പോർട്ടും ആവശ്യപ്പെട്ടിരുന്നു.
Most Read| ചാംപ്യൻസ് ട്രോഫി; ഇന്ത്യൻ ടീമിനെ രോഹിത് നയിക്കും, സഞ്‌ജു ടീമിലില്ല- മുഹമ്മദ് ഷമി തിരിച്ചെത്തി







































