
കൊല്ലം: കൊട്ടിയം മൈലക്കാടിന് സമീപം നിർമാണത്തിലിരിക്കുന്ന ദേശീയപാത ഇടിഞ്ഞുതാണു. ദേശീയപാതയുടെ പാർശ്വഭിത്തി താഴെ സർവീസ് റോഡിലേക്ക് ഇടിഞ്ഞു താഴുകയായിരുന്നു. ഇതേത്തുടർന്ന് സർവീസ് റോഡിൽ വിള്ളലുണ്ടായി. സ്‌കൂൾ ബസും മൂന്ന് കാറുകളും തകർന്ന സർവീസ് റോഡിലെ വിള്ളലിൽ കുടുങ്ങി.
വൈകീട്ട് 3.55 ഓടെയായിരുന്നു സംഭവം. 30 മീറ്ററോളം നീളത്തിലാണ് ദേശീയപാതയുടെ പാർശ്വഭിത്തി ഇടിഞ്ഞത്. 30ഓളം കുട്ടികളുമായി സ്‌കൂൾ ബസ് കടന്നുപോകുമ്പോഴായിരുന്നു അപകടം. കുട്ടികളെയും മറ്റു വാഹനങ്ങളിൽ ഉണ്ടായിരുന്നവരെയും പരിക്കില്ലാതെ രക്ഷപ്പെടുത്തി. വിണ്ടുകീറിയ റോഡിൽ നിന്ന് വാഹനങ്ങൾ മാറ്റാൻ പറ്റാത്ത സാഹചര്യമാണ്.
സർവീസ് റോഡിന് പുറത്തും നിലം വിണ്ടുകീറിയിട്ടുണ്ട്. അപകട സ്‌ഥലത്ത് ഉയരത്തിലാണ് ആറുവരിപ്പാത കടന്നുപോകുന്നത്. മണ്ണിട്ട് ഉയർത്തി നിർമാണം നടക്കുന്നതിനാൽ ഇരുഭാഗത്തേയും സർവീസ് റോഡുകൾ വഴിയായിരുന്നു ഇവിടെ ഗതാഗതം. സർവീസ് റോഡ് തകർന്നതോടെ ഗതാഗതം ഒരുവശത്തുകൂടി മാത്രമാണ് നടക്കുന്നത്. സ്‌ഥലത്ത് വലിയ ഗതാഗതക്കുരുക്കുണ്ടായി.
അതേസമയം, റോഡ് ഇടിഞ്ഞ സംഭവത്തിൽ അടിയന്തിര റിപ്പോർട് തേടി പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസ്. പൊതുമരാമത്ത് വകുപ്പ് സെക്രട്ടറിയോടാണ് റിപ്പോർട് ആവശ്യപ്പെട്ടത്. ദേശീയപാത അതോറിറ്റിയോട് വിശദീകരണം തേടി റിപ്പോർട് സമർപ്പിക്കാനാണ് നിർദ്ദേശം.
Most Read| ഇൻഡിഗോയ്‌ക്ക് ആശ്വാസം; ഡ്യൂട്ടി ചട്ടത്തിൽ ഇളവ് പ്രഖ്യാപിച്ച് ഡിജിസിഎ






































