കൊല്ലം: തേവലക്കര ബോയ്‌സ് ഹൈസ്‌കൂളിലെ എട്ടാം ക്ളാസ് വിദ്യാർഥി ഷോക്കേറ്റ് മരിച്ച സംഭവത്തിൽ സ്‌കൂൾ അധികൃതർക്കെതിരെ വിമർശനവുമായി വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. എച്ച്എമ്മും അവിടുത്തെ മറ്റ് അധികാരികളും എന്നും കാണുന്നതല്ലേ ഈ വൈദ്യുതി ലൈൻ? എന്നിട്ട് ശ്രദ്ധിച്ചോ? എച്ച്എമ്മിനും പ്രിൻസിപ്പലിനും ഒക്കെ എന്താണ് ജോലിയൊന്നും മന്ത്രി ചോദിച്ചു.
ഒരു മകനാണ് നഷ്‌ടപ്പെട്ടത്. അനാസ്‌ഥ ഉണ്ടെങ്കിൽ ഒരു വിട്ടുവീഴ്‌ചയും ഇല്ലാതെ നടപടി എടുക്കുമെന്നും മന്ത്രി മുന്നറിയിപ്പ് നൽകി. കേരളത്തിലെ 14,000 സ്‌കൂളുകളും വിദ്യാഭ്യാസ ഡയറക്‌ടർക്ക് നോക്കാൻ പറ്റില്ലാലോ. ഒരു സ്‌കൂളിന്റെ അധിപനായി ഇരിക്കുമ്പോൾ സർക്കാരിൽ നിന്നുള്ള നിർദ്ദേശം വായിച്ചെങ്കിലും നോക്കണ്ടേ എന്നും ശിവൻകുട്ടി ചോദിച്ചു.
സ്‌കൂൾ തുറക്കുന്നതിന് മുൻപ് പലതവണ യോഗം ചേർന്ന് എല്ലാവരോടും സംസാരിച്ചതാണ്. ചെയ്യേണ്ട കാര്യങ്ങൾ ഉദ്യോഗസ്‌ഥരോട് പലതവണ പറഞ്ഞു. വൈദ്യുതിലൈൻ സ്‌കൂൾ പരിസരത്ത് കൂടി പോകാൻ പാടില്ലെന്നതും അങ്ങനെയുണ്ടെങ്കിൽ നീക്കം ചെയ്യണമെന്നതും അതിലെ ഏറ്റവും പ്രധാനപ്പെട്ട നിർദ്ദേശമായിരുന്നു. ലൈൻ കെഎസ്ഇബിയെ കൊണ്ട് മാറ്റിക്കേണ്ട ഉത്തരവാദിത്തം പ്രധാനാധ്യാപകനും വിദ്യാഭ്യാസ വകുപ്പ് ഉദ്യോഗസ്‌ഥർക്കുമാണ്. കെഎസ്ഇബിക്കും ഉത്തരവാദിത്തമുണ്ട്. പരിശോധിച്ച് വേണ്ട നടപടി എടുക്കുമെന്നും മന്ത്രി പറഞ്ഞു.
വിദ്യാഭ്യാസ ഡയറക്‌ടറോട് സംഭവ സ്‌ഥലത്ത് പോയി കാര്യങ്ങൾ അന്വേഷിച്ചു റിപ്പോർട് നൽകാൻ നിർദ്ദേശം നൽകിയിട്ടുണ്ടെന്നും മരിച്ച മിഥുന്റെ കുടുംബത്തിന് എല്ലാ പിന്തുണയും നൽകുമെന്നും കൊല്ലത്തെത്തി കുട്ടിയുടെ കുടുംബത്തെ കാണുമെന്നും മന്ത്രി അറിയിച്ചു. എട്ടാം ക്ളാസ് വിദ്യാർഥി മിഥുനാണ് (13) ഇന്ന് രാവിലെ മരിച്ചത്. സൈക്കിൾ ഷെഡിന് മുകളിൽ വീണ ചെരുപ്പ് എടുക്കാൻ ശ്രമിച്ചപ്പോഴാണ് ഷോക്കേറ്റതെന്നാണ് പ്രാഥമിക നിഗമനം.
ഇലക്‌ട്രിക് ലൈൻ താഴ്ന്ന് കിടക്കുകയായിരുന്നു. ക്ളാസിലെ ബെഞ്ച് ഉപയോഗിച്ച് സൈക്കിൾ ഷെഡിന് മുകളിലേക്ക് കയറുമ്പോൾ കാൽതെറ്റി വൈദ്യുതി ലൈനിലേക്ക് വീഴുകയായിരുന്നു. പടിഞ്ഞാറേ കല്ലട വലിയപാടം വിളന്തറ ക്ഷേത്രത്തിന് അടുത്താണ് മിഥുന്റെ വീട്. മനു-സുജ ദമ്പതികളുടെ മകനാണ്. പട്ടുകടവ് സ്‌കൂളിൽ നിന്ന് തേവലക്കര ബോയ്‌സ് ഹൈസ്‌കൂളിലേക്ക് ഈ അധ്യയന വർഷമാണ് മിഥുൻ മാറിയത്.
സാധാരണ സ്‌കൂൾ ബസിലാണ് മിഥുൻ സ്‌കൂളിലേക്കു പോകുന്നത്. എന്നാൽ, ഇന്ന് പിതാവ് മനുവാണ് മിഥുനെ സ്‌കൂട്ടറിൽ സ്‌കൂളിൽ വിട്ടത്. അമ്മ സുജ കുവൈത്തിൽ ഹോം നഴ്‌സായി ജോലി ചെയ്യുകയാണ്. സുജ ഇതുവരെ വിവരം അറിഞ്ഞിട്ടില്ലെന്നാണ് ബന്ധുക്കൾ പറയുന്നത്. കുവൈത്തിൽ സുജ ജോലി ചെയ്യുന്ന കുടുംബം തുർക്കിയിലേക്ക് വിനോദയാത്ര പോയിരിക്കുകയാണ്. സുജയും ഇവർക്കൊപ്പം പോയിട്ടുണ്ട്. സുജയുടെ ഫോണിൽ ബന്ധപ്പെടാൻ കഴിഞ്ഞിട്ടില്ല.
മനുവിന് കൂലിപ്പണിയാണ്. സാമ്പത്തികമായി താഴെത്തട്ടിലുള്ള കുടുംബമാണ്. പുതിയ വീട് നിർമിക്കാൻ ലൈഫ് പദ്ധതിയിൽ പേര് ചേർത്തിട്ടുണ്ട്. സംഭവത്തിന് പിന്നാലെ സ്‌കൂളിന് മുന്നിൽ നാട്ടുകാരും വിവിധ സംഘടനകളും പ്രതിഷേധിക്കുന്നുണ്ട്. പ്രധാന അധ്യാപികയുടെ ഓഫീസിന് മുന്നിൽ ബിജെപി പ്രവർത്തകർ പ്രതിഷേധിക്കുകയാണ്.
അതേസമയം, ലൈൻ മാറ്റാൻ നേരത്തെ തന്നെ അപേക്ഷ കൊടുത്തിരുന്നുവെന്നാണ് സ്‌കൂൾ മാനേജ്‍മെന്റിന്റെ വാദം. സിപിഎം നിയന്ത്രണത്തിലുള്ള സ്‌കൂളാണിത്. സംഭവത്തിൽ മനുഷ്യാവകാശ കമ്മീഷൻ സ്വമേധയാ കേസെടുത്തിട്ടുണ്ട്. പൊതു വിദ്യാഭ്യാസ ഡയറക്‌ടറും ജില്ലാ പോലീസ് മേധാവിയും അടിയന്തിരമായി അന്വേഷണം നടത്തി 14 ദിവസത്തിനകം റിപ്പോർട് സമർപ്പിക്കണമെന്നാണ് കമ്മീഷന്റെ നിർദ്ദേശം.
Most Read| ജീവന്റെ സാന്നിധ്യം, ഒരുലക്ഷത്തിലധികം വർഷം പഴക്കം; സമുദ്രത്തിനടിയിൽ നിഗൂഢ നഗരം!






































