കോട്ടയം: കൂട്ടിക്കലില്‍ കാണാതായവര്‍ക്ക് വേണ്ടിയുള്ള തിരച്ചില്‍ ഊര്‍ജിതമെന്ന് മന്ത്രി വിഎന്‍ വാസവന്. വഴികള്‍ ഒന്നടങ്കം ഒലിച്ചുപോയതിനാല്‍ ദുരന്ത പ്രദേശത്തേക്ക് കാല്‍നടയായാണ് പോകേണ്ടതെന്നും പ്രതികൂല കാലാവസ്ഥ രക്ഷാപ്രവര്‍ത്തനത്തിന് തടസമായെന്നും മന്ത്രി പറഞ്ഞു.
നിലവില്‍ കൂട്ടിക്കല്‍ അക്ഷരാര്‍ഥത്തില്‍ ഒറ്റപ്പെട്ടിരിക്കുകയാണ്. കോട്ടയം ജില്ലയില്‍ ഇതിനുമുന്‍പ് ഇത്രയും രൂക്ഷമായ പ്രകൃതിക്ഷോഭം ഉണ്ടായിട്ടില്ല; മന്ത്രി പറഞ്ഞു.
പ്രദേശത്ത് മഴയ്ക്ക് ശമനമുണ്ടായതിനാല്‍ ഗതാഗതം സാധ്യമല്ലാതായ, ഒറ്റപ്പെട്ട പ്ളാപ്പള്ളി മേഖലകളിലേക്ക് രക്ഷാപ്രവര്‍ത്തകര്‍ കാല്‍നടയായി എത്തുന്നുണ്ട്. ശനിയാഴ്ച രാവിലെ 8.30 മുതല്‍ 11.30 വരെ ചെറുതും വലുതുമായ ഇരുപതോളം ഉരുള്‍പൊട്ടലുകളാണ് ഇവിടെ ഉണ്ടായതെന്നാണ് റിപ്പോർട്. കാഞ്ഞിരപ്പള്ളി താലൂക്കില്‍ കൂട്ടിക്കല്‍ പഞ്ചായത്തിലെ മൂന്നാം വാര്‍ഡാണ് പ്ളാപ്പള്ളി.
അരനൂറ്റാണ്ടിനിടയായി ഇത്തരത്തില്‍ ഒരു ദുരന്തം കോട്ടയം ജില്ലയിലുണ്ടായിട്ടില്ല. ഏതാണ്ട് പന്ത്രണ്ടടിയോളം ഉയര്‍ച്ചയിലാണ് കെട്ടിടങ്ങള്‍ക്ക് മുകളിൽ വെള്ളം പൊങ്ങിയത്.
അതേസമയം കൂട്ടിക്കലിലും പരിസര പ്രദേശങ്ങളിലും ഉണ്ടായത് ലഘുമേഘ വിസ്ഫോടനമാണെന്ന് കൊച്ചി സര്‍വകലാശാല അന്തരീക്ഷ പഠന കേന്ദ്രത്തിന്റെ പഠന റിപ്പോർട് പുറത്തുവന്നു. കൂട്ടിക്കലിലുണ്ടായ മലവെള്ളപ്പാച്ചിലിലും ഉരുള്‍പൊട്ടലിലും നാലുപേരാണ് മരണപ്പെട്ടത്.
Most Read: കൂടുതല്‍ ദുരിതാശ്വാസ ക്യാംപുകള്‍ തുറക്കും, കോവിഡ് മാനദണ്ഡങ്ങള്‍ പാലിക്കണം; മുഖ്യമന്ത്രി







































