കൊച്ചി: മാതിരപ്പള്ളി മേലോത്തുമാലിൽ അൻസിലിന്റെ (38) മരണം കൊലപാതകമെന്ന് സ്‌ഥിരീകരിച്ച് പോലീസ്. സംഭവത്തിൽ അൻസിലിന്റെ പെൺസുഹൃത്ത് മാലിപ്പാറ മുത്തംകുഴി ഇടയത്തുകുടി അഥീനയെ (30) കൊലക്കുറ്റം ചുമത്തി പോലീസ് അറസ്‌റ്റ് ചെയ്‌തു. യുവതിയെ നേരത്തെ കോതമംഗലം പോലീസ് കസ്‌റ്റഡിയിൽ എടുത്തിരുന്നു.
അൻസിലിനെ ഒഴിവാക്കാനായി അഥീന കീടനാശിനി നൽകി കൊലപ്പെടുത്തുകയായിരുന്നു എന്നാണ് പോലീസ് നിഗമനം. ചേലാടുള്ള ഒരു കടയിൽ നിന്നാണ് ഈ കീടനാശിനി വാങ്ങിയതെന്നാണ് വിവരം. എന്നാൽ, ഇത് എന്തിൽ കലക്കിയാണ് അൻസിലിന് നൽകിയതെന്ന കാര്യത്തിൽ വ്യക്‌തത വന്നിട്ടില്ല. പോസ്‌റ്റുമോർട്ടം റിപ്പോർട് ലഭിച്ചാലേ ഇക്കാര്യത്തിൽ വ്യക്‌തത വരികയുള്ളൂ.
ടിപ്പർ ഡ്രൈവറായ അൻസിലും അഥീനയും തമ്മിൽ അടുപ്പത്തിലായിരുന്നു. അൻസിൽ വിവാഹിതനും രണ്ട് കുട്ടികളുടെ പിതാവുമാണ്. യുവതിയുമായി വർഷങ്ങളായി അൻസിലിന് പരിചയമുണ്ട്. അടുത്തിടെ ഇരുവരുടെയും ബന്ധത്തിൽ സാമ്പത്തിക തർക്കങ്ങളുണ്ടായി. രണ്ടുമാസം മുൻപ് അൻസിൽ മർദ്ദിച്ചതായി കാണിച്ച് കോതമംഗലം പോലീസിൽ അഥീന പരാതി നൽകിയിരുന്നു.
ഈ കേസ് രണ്ടാഴ്‌ച മുൻപ് അഥീന പിൻവലിച്ചിരുന്നു. കഴിഞ്ഞ ചൊവ്വാഴ്‌ചയും ഇരുവരും തമ്മിൽ വീണ്ടും വഴക്കുണ്ടായി. തുടർന്നുണ്ടായ വൈരാഗ്യമാണ് കൊലപാതകത്തിൽ കലാശിച്ചതെന്ന് പോലീസിന് മൊഴി നൽകിയിട്ടുണ്ട്. മാലിപ്പാറയിൽ ഒറ്റയ്‌ക്ക് താമസിക്കുന്ന പെൺസുഹൃത്തിന്റെ വീടിന് സമീപം വ്യാഴാഴ്‌ച പുലർച്ചെയാണ് അൻസിലിനെ വിഷം ഉള്ളിൽ ചെന്ന നിലയിൽ കണ്ടെത്തിയത്. പിന്നാലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും രാത്രിയോടെ മരിച്ചു.
വിഷം അകത്തുചെന്നെന്ന് അൻസിൽ സുഹൃത്തിനെയും പോലീസിനെയും അറിയിച്ചു. ഇതിനിടെ, അൻസിലിന്റെ വീട്ടുകാരെ അഥീന വിവരം അറിയിച്ചിരുന്നു. ആത്‍മഹത്യാ ശ്രമം എന്നായിരുന്നു അഥീന പോലീസിനോടും വീട്ടുകാരോടും പറഞ്ഞത്. പോലീസ് ബന്ധുക്കളെ വിളിച്ച് ആംബുലൻസ് വരുത്തി അൻസിലിനെ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു.
ആംബുലൻസിൽ വെച്ച് അഥീനയാണ് വിഷം നൽകിയതെന്ന് അൻസിൽ പോലീസിനോടും ബന്ധുവിനോടും പറഞ്ഞു. അതേസമയം, അഥീനയ്‌ക്ക് പുറമെ മറ്റാർക്കെങ്കിലും കേസിൽ പങ്കുണ്ടോ എന്ന് പോലീസ് പരിശോധിക്കുന്നുണ്ട്. അൻസിലിന്റെ മൃതദേഹം പോസ്‌റ്റുമോർട്ടത്തിന് ശേഷം മാതിരപ്പിള്ളി ജുമാ മസ്‌ജിദിൽ ഖബറടക്കി.
Most Read| ദേശീയ ചലച്ചിത്ര പുരസ്‌കാരം; ഷാരൂഖും വിക്രാന്ത് മാസിയും മികച്ച നടൻമാർ, നടി റാണി മുഖർജി