കോട്ടയം: ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിലെ കെട്ടിടം തകർന്നുവീണുണ്ടായ അപകടത്തിൽ സ്‌ത്രീ മരിച്ചു. തലയോലപ്പറമ്പ് സ്വദേശി ബിന്ദുവാണ് മരിച്ചത്. മകളുടെ ചികിൽസാ ആവശ്യത്തിന് എത്തിയതായിരുന്നു ബിന്ദുവും ഭർത്താവും. കെട്ടിടം തകർന്നുവീണ് രണ്ടര മണിക്കൂറിന് ശേഷമാണ് അവശിഷ്‌ടങ്ങൾക്ക് ഇടയിൽ നിന്ന് ബിന്ദുവിനെ രക്ഷാപ്രവർത്തകർ കണ്ടെത്തിയത്.
തകർന്നുവീണ കെട്ടിടത്തിലെ ശുചിമുറിയിൽ കുളിക്കാൻ പോയതായിരുന്നു ബിന്ദുവെന്ന് ഭർത്താവ് വിശ്രുതൻ പറഞ്ഞു. ഇവരുടെ മകൾ ട്രോമാ കെയറിൽ ചികിൽസയിലാണ്. രാവിലെ 11 മണിയോടെയാണ് സംഭവം. പതിനാലാം വാർഡിനോട് ചേർന്നുള്ള മൂന്നുനില കെട്ടിടത്തിന്റെ ശുചിമുറിയുടെ ഭാഗമാണ് ഇടിഞ്ഞുവീണത്.
അപകടത്തിൽ വയനാട് മീനങ്ങാടി സ്വദേശിനി അലീന വിൻസെന്റിന് (11) പരിക്കേറ്റിട്ടുണ്ട്. ശസ്‌ത്രക്രിയ കഴിഞ്ഞ് പത്താം വാർഡിൽ ചികിൽസയിൽ കഴിയുന്ന മുത്തശ്ശിയുടെ കൂടെ ബൈ സ്‌റ്റാൻഡറായി നിൽക്കുകയായിരുന്നു അലീന. കുട്ടിയുടെ പരിക്ക് ഗുരുതരമല്ലെന്ന് ഡോക്‌ടർമാർ അറിയിച്ചു. രോഗികളെ ഒഴിപ്പിക്കുന്നതിനിടെ അത്യാഹിത വിഭാഗത്തിലെ ജീവനക്കാരൻ അമൽ പ്രദീപിന് ട്രോളി വന്നിടിച്ച് നിസാര പരിക്കേറ്റു. 10,11,14 വാർഡുകളിലും പരിസരങ്ങളിലും ഉണ്ടായിരുന്ന രോഗികളെയും കൂട്ടിരിപ്പുകാരെയും ഉടൻ ഒഴിപ്പിച്ചു.
മുഖ്യമന്ത്രിയുടെ അവലോകന യോഗം കോട്ടയത്ത് നടക്കുമ്പോഴാണ് അപകടം. മന്ത്രിമാരായ വീണ ജോർജും വിഎൻ വാസവനും മെഡിക്കൽ കോളേജിൽ എത്തിയിട്ടുണ്ട്. ആരോഗ്യവകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി രാജൻ ഖൊബ്രഗഡെയും സ്‌ഥലത്തുണ്ട്. അഗ്‌നിരക്ഷാസേനയും പോലീസും രക്ഷാപ്രവർത്തനം തുടരുകയാണ്. തകർന്നുവീണ കെട്ടിടഭാഗം ഉപയോഗിക്കുന്നില്ലെന്നാണ് മന്ത്രിമാരുടെ വാദം.
അതിനിടെ, കെട്ടിടം തകർന്നുവീണ ഗവ. മെഡിക്കൽ കോളേജിലേക്ക് ചാണ്ടി ഉമ്മൻ എംഎൽഎയുടെ നേതൃത്വത്തിൽ പ്രതിഷേധിക്കുകയാണ്. രക്ഷാപ്രവർത്തനം വൈകിയെന്ന് ചൂണ്ടിക്കാട്ടിയാണ് എംഎൽഎ പ്രതിഷേധിച്ചത്. ആളൊഴിഞ്ഞ കെട്ടിടമെന്ന് തെറ്റിദ്ധരിപ്പിച്ചെന്നും ചാണ്ടി ഉമ്മൻ എംഎൽഎ പറഞ്ഞു.
പത്താം വാർഡിനോട് ചേർന്നുള്ള മൂന്നുനില കെട്ടിടത്തിന്റെ ശുചിമുറിയാണ് ഇടിഞ്ഞുവീണതെന്ന് ആശുപത്രി സൂപ്രണ്ട് ഡോ.ടികെ ജയകുമാർ അറിയിച്ചു. താഴത്തെ രണ്ടു ശുചിമുറികളും പൂർണമായി ഉപയോഗിച്ചിരുന്നില്ല. 10,11,14 വാർഡുകളാണ് ഇവിടെ പ്രവർത്തിച്ചിരുന്നതെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം, അടച്ചിട്ട കെട്ടിടത്തിന്റെ ശുചിമുറിയുടെ ഭാഗമാണ് ഇടിഞ്ഞുവീണതെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ് അറിയിച്ചു. കിഫ്ബിയിൽ നിന്ന് പണം അനുവദിച്ച് പുതിയ കെട്ടിടത്തിന്റെ നിർമാണം പൂർത്തിയായിരുന്നു. പുതിയ കെട്ടിടത്തിലേക്ക് മാറാനുള്ള നടപടികൾ സ്വീകരിച്ച് വരികയായിരുന്നുവെന്നും മന്ത്രി അറിയിച്ചു.
Most Read| ആയമ്പാറയിൽ ഓരില ചെന്താമര വിരിഞ്ഞത് നാട്ടുകാർക്ക് കൗതുകമായി