കോട്ടയം: ഗവ. നഴ്‌സിങ് കോളേജിലെ റാഗിങ് കേസിൽ അടുത്തയാഴ്‌ച കുറ്റപത്രം സമർപ്പിക്കാൻ പോലീസ്. കേസിൽ തെളിവെടുപ്പ്, സാക്ഷിമൊഴി, ശാസ്‌ത്രീയ തെളിവുശേഖരണം എന്നിവ വേഗത്തിൽ പൂർത്തിയാക്കിയ പോലീസ് പ്രതികൾക്ക് പരമാവധി ശിക്ഷ ഉറപ്പാക്കുന്ന പഴുതടച്ചുള്ള കുറ്റപത്രമാണ് തയ്യാറാക്കിയിരിക്കുന്നത്.
വിവാദമായ കേസായതിനാൽ നിയമോപദേശം കൂടി തേടിയതിന് ശേഷമാകും കുറ്റപത്രം കോടതിയിൽ സമർപ്പിക്കുക. കേസിൽ അഞ്ച് പ്രതികളാണുള്ളത്. പ്രതികൾ ഒരാഴ്‌ച മുൻപ് ജാമ്യാപേക്ഷ സമർപ്പിച്ചിരുന്നെങ്കിലും കോടതി തള്ളിയിരുന്നു. രണ്ടു പേരുടെ ജാമ്യാപേക്ഷ കോടതി തള്ളിയതോടെ ബാക്കിയുള്ള മൂന്നുപേർ അപേക്ഷ പിൻവലിക്കുകയായിരുന്നു.
സിപിഎം അനുകൂല സംഘടനയായ കേരള ഗവ. സ്‌റ്റുഡന്റ്സ് നഴ്‌സസ് അസോസിയേഷൻ (കെജിഎസ്എൻഎ) സംസ്‌ഥാന സെക്രട്ടറി മലപ്പുറം വണ്ടൂർ സ്വദേശി കെപി രാഹുൽ രാജ് (22), മൂന്നിലവ് വാളകം കരയിൽ കീരിപ്ളാക്കൽ വീട്ടിൽ സാമുവൽ ജോൺസൺ (20), വയനാട് നടവയൽ പുൽപ്പള്ളി സ്വദേശി എൻഎസ് ജീവ (19), മലപ്പുറം മഞ്ചേരി പയ്യനാട് സ്വദേശി സി റിജിൽ ജിത്ത് (20), കോരിത്തോട് മടുക്ക നെടുങ്ങാട്ട് എൻവി വിവേക് (21) എന്നിവരാണ് പ്രതികൾ. ഇവർ റിമാൻഡിലാണ്.
പ്രതികൾക്കെതിരെ ഭാരത് നിയമ സംഹിതയിലെ 118ആം വകുപ്പ് (ആയുധം ഉപയോഗിച്ചുള്ള ദേഹോപദ്രവം), 308 (2) (ഭീഷണിപ്പെടുത്തി പണമോ വിലപിടിപ്പുള്ളതോ അപഹരിക്കുക), 351 (1) (കൊന്നു കളയുമെന്ന് ഭീഷണിപ്പെടുത്തുക) എന്നിവയും റാഗിങ് നിരോധന നിയമത്തിലെ വകുപ്പുകളും ചേർത്താണ് കേസെടുത്തത്.
കഴിഞ്ഞ നവംബർ നാല് മുതലായിരുന്നു കോട്ടയം ഗവ. നഴ്‌സിങ് കോളേജ് ഹോസ്‌റ്റലിൽ വിദ്യാർഥികൾ ക്രൂര റാഗിങ്ങിന് ഇരയായത്. സീനിയർ വിദ്യാർഥികൾക്ക് മദ്യപിക്കാൻ പണം നൽകാത്തവരെയാണ് റാഗ് ചെയ്‌തത്. ജൂനിയർ വിദ്യാർഥികളെ നഗ്‌നരാക്കിയ ശേഷം സ്വകാര്യ ഭാഗങ്ങളിൽ ഡമ്പൽ തൂക്കുക, മുഖത്തും തലയിലും ക്രീം തേയ്‌ക്കുക, കോമ്പസ്, ബ്ളേയ്‌ഡ് എന്നിവ ഉപയോഗിച്ച് ശരീരത്തിൽ മുറിവ് ഉണ്ടാക്കുക, മുറിവിൽ ലോഷൻ തേക്കുക, സംഘം ചേർന്ന് മർദ്ദിക്കുക തുടങ്ങിയ ക്രൂരതകളാണ് സീനിയേഴ്‌സ് നടത്തിയത്.
Most Read| ക്ഷേമ പെൻഷൻ ഒരു ഗഡു കൂടി അനുവദിച്ചു; വ്യാഴാഴ്‌ച മുതൽ വിതരണം







































