കോഴിക്കോട്: നടക്കാവിൽ സുഹൃത്തും സംഘവും ചേർന്ന് തട്ടിക്കൊണ്ടുപോയ യുവാവിനെ കണ്ടെത്തി. വയനാട് പടിഞ്ഞാറത്തറ സ്വദേശി റഹീസിനെയാണ് തട്ടിക്കൊണ്ടുപോയി മണിക്കൂറുകൾക്കകം നടക്കാവ് പോലീസ് കണ്ടെത്തിയത്. സംഭവത്തിൽ എട്ടംഗ സംഘവും പിടിയിലായി.
കക്കാടംപൊയിലിൽ നിന്നാണ് പോലീസ് ഇവരെ പിടികൂടിയത്. വെള്ളിയാഴ്‌ച പുലർച്ചെയാണ് റഹീസിനെ നടക്കാവ് ജവഹർ നഗർ കോളനിയിൽ നിന്ന് സുഹൃത്ത് സിനാനും സംഘവും ചേർന്ന് കാർ ഉൾപ്പടെ തട്ടിക്കൊണ്ടുപോയത്. ഇവിടുത്തെ താമസക്കാർ വിവരം അറിയിച്ചതിനെ തുടർന്ന് പോലീസ് സ്‌ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.
വാഹന നമ്പറും വാഹനം കടന്നുപോയ സ്‌ഥലങ്ങളിലെ സിസിടിവി ദൃശ്യങ്ങളും കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതികളെ പിടികൂടാനായത്. റഹീസിന് സുഹൃത്തുക്കളുമായി ചില സാമ്പത്തിക ഇടപാടുകൾ ഉണ്ടായിരുന്നുവെന്ന് പോലീസ് പറയുന്നു. പ്രതികളെ വിശദമായി ചോദ്യം ചെയ്‌തതിന് ശേഷം മാത്രമേ തട്ടിക്കൊണ്ടു പോകലിന് പിന്നിലെ കാരണം വ്യക്‌തമാകൂ എന്ന് പോലീസ് അറിയിച്ചു.
Most Read| ഓൺലൈൻ ഗെയിമിങ് ആപ്പുകൾക്ക് നിരോധനം; ബില്ലിന് രാഷ്‍ട്രപതിയുടെ അംഗീകാരം