കോഴിക്കോട്: ദേശീയപാതയിൽ കുന്നമംഗലം പതിമംഗലം അങ്ങാടി മുറിയനാൽ പത്താംമൈലിൽ പിക്കപ്പ് വാനും കാറും കൂട്ടിയിടിച്ച് മൂന്നുമരണം. പിക്കപ്പ് വാൻ ഡ്രൈവറും രണ്ട് യാത്രക്കാരുമാണ് മരിച്ചത്. ഇന്ന് പുലർച്ചെ രണ്ടുമണിയോടെയാണ് അപകടം. പിക്കപ്പ് വാനിന്റെ ക്ളീനർ ഉൾപ്പടെ രണ്ടുപേർക്ക് പരിക്കേറ്റു.
കാറിൽ ഉണ്ടായിരുന്ന കോഴിക്കോട് പുതുപ്പാടി പെരുമ്പള്ളി സ്വദേശി സുബിക്കി (27), കൊടുവള്ളി വാവാട് ഇരുമോത്ത് മണ്ടാട്ട് ഹൗസിൽ നിഹാൽ (27), പിക്കപ്പ് വാൻ ഡ്രൈവർ മയക്കത്തൊടി പൊഴുതന ഷമീർ (33) എന്നിവരാണ് മരിച്ചത്. അപകടത്തിൽ പരിക്കേറ്റ പൊഴുതന ഷഫീക്കിന്റെ (43) നില ഗുരുതരമാണ്.
ചുരമിറങ്ങി കുന്നമംഗലത്തേക്ക് വന്ന പിക്കപ്പ് വാനും കൊടുവള്ളിയിലേക്ക് പോയ കാറുമാണ് നേർക്കുനേർ കൂട്ടിയിടിച്ചത്. അപകടം ഉണ്ടായ പതിമംഗലം അങ്ങാടിയിലെ മുറിയനാൽ ഭാഗം സ്‌ഥിരം അപകട മേഖലയാണ്. അപകടത്തിൽപ്പെട്ട കാറും പിക്കപ്പ് വാനും ഹൈഡ്രോളിക് കട്ടർ ഉപയോഗിച്ച് വെട്ടിപ്പൊളിച്ചാണ് വെള്ളിമാടുകുന്നിൽ നിന്നെത്തിയ ഫയർ ഫോഴ്‌സും പോലീസും നാട്ടുകാരും ചേർന്ന് യാത്രക്കാരെ പുറത്തെടുത്തത്.
പിക്കപ്പ് വാനിന്റെ മുൻഭാഗവും കാറിന്റെ ഇടതുഭാഗവും പൂർണമായും തകർന്ന നിലയിലാണ്. കാർ യാത്രികരായ രണ്ടുപേരും സംഭവ സ്‌ഥലത്തുവെച്ചും പിക്കപ്പ് വാൻ ഡ്രൈവർ ആശുപത്രിയിലേക്കുള്ള യാത്രയ്‌ക്കിടയിലുമാണ് മരിച്ചത്. പരിക്കേറ്റ രണ്ടുപേരും മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിൽസയിലാണ്.
Most Read| 76ആം വയസിൽ പത്താം ക്ളാസ് പൂർത്തിയാക്കി; പത്‌മാവതി അമ്മയുടെ വിജയത്തിന് മധുരമേറെ



































