കോഴിക്കോട്: മെഡിക്കൽ കോളേജിലെ അത്യാഹിത വിഭാഗം കെട്ടിടത്തിലുണ്ടായ തീപിടിത്തത്തിന് പിന്നാലെ മരിച്ച അഞ്ചുപേരുടെ മരണകാരണം സംബന്ധിച്ച് അവ്യക്‌തത തുടരുന്നു. പുക ശ്വസിച്ചല്ല ഇവർ മരിച്ചതെന്ന് ആശുപത്രി അധികൃതർ അറിയിച്ചിട്ടുണ്ട്. എന്നാൽ, ഇവരിൽ ചിലരുടെ ബന്ധുക്കൾ ആരോപണം ഉന്നയിച്ച സാഹചര്യത്തിൽ മരണം സംബന്ധിച്ച് വ്യക്‌തത വരുത്തേണ്ടതുണ്ട്.
വെസ്‌റ്റ്‌ഹിൽ സ്വദേശിയായ ഗോപാലൻ, വടകര സ്വദേശിയായ സുരേന്ദ്രൻ, മേപ്പയ്യൂർ സ്വദേശിയായ ഗംഗാധരൻ, മേപ്പാടി സ്വദേശിനി നസീറ, പശ്‌ചിമ ബംഗാളുകാരിയായ ഗംഗ എന്നിവരുടെ മരണത്തിലാണ് വ്യക്‌തത വരുത്തേണ്ടത്. സംശയം ഉന്നയിച്ചവരുടെ മൃതദേഹം പോസ്‌റ്റുമോർട്ടം നടത്തിയാകും മരണകാരണം കണ്ടെത്തുക.
മൂന്നുപേർ അവരുടെ രോഗം കാരണം മരിച്ചതാണെന്നാണ് ആശുപത്രി അധികൃതർ പറയുന്നത്. ഇവരുടെ ബന്ധുക്കളും ആക്ഷേപങ്ങൾ ഉന്നയിച്ചിട്ടില്ല. നസീറയെയും ഗംഗയെയും ആത്‍മഹത്യാശ്രമത്തെ തുടർന്നാണ് ആശുപത്രിയിലെത്തിച്ചത്. ഗംഗ ആശുപത്രിയിൽ എത്തുംമുമ്പേ മരിച്ചതായാണ് മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ അറിയിച്ചത്. നസീറയുടെ മരണത്തിൽ സഹോദരൻ ആരോപണം ഉന്നയിച്ചിട്ടുണ്ട്. വെന്റിലേറ്ററിൽ നിന്ന് മാറ്റിയതുകൊണ്ടാണ് നസീറ മരിച്ചതെന്നാണ് ആക്ഷേപം.
ഇരുവരുടെയും മൃതദേഹങ്ങൾ പോസ്‌റ്റുമോർട്ടം ചെയ്യും. മറ്റുള്ളവരുടേത് സംബന്ധിച്ച് ബന്ധുക്കളുമായി കൂടിയാലോചിച്ച ശേഷമായിരിക്കും തീരുമാനമെടുക്കുക. ഇതുസംബന്ധിച്ച് ഇന്ന് പത്തുമണിയോടെ മെഡിക്കൽ ബോർഡ് ചേരും. അപകടത്തിന് പിന്നാലെ മൂന്നുപേർ മരിച്ചതായി ടി സിദ്ദിഖ് എംഎൽഎയും ആരോപിച്ചിരുന്നു. ആരോപണം മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ കെജി സജീത്ത് കുമാർ നിഷേധിക്കുകയും ചെയ്‌തിരുന്നു.
ഇന്നലെ രാത്രി എട്ടുമണിയോടെയാണ് മെഡിക്കൽ കോളേജിലെ അത്യാഹിത വിഭാഗത്തിനോട് ചേർന്നുള്ള യുപിഎസ് റൂമിൽ നിന്നും പുക ഉയർന്നത്. ഷോർട്ട് സർക്യൂട്ട് ഉണ്ടായെന്നാണ് പ്രാഥമിക നിഗമനമെന്ന് കലക്‌ടർ വ്യക്‌തമാക്കി. കൂടുതൽ പരിശോധനകൾ നടക്കുകയാണ്.
പുക കണ്ടയുടൻ ഐസിയുവിൽ നിന്നും കാഷ്വാലിറ്റിയിൽ നിന്നും രോഗികളെ ഒഴിപ്പിച്ചു. മൊത്തം 200 രോഗികൾ ഉണ്ടായിരുന്നു. ഇവരെ മെഡിക്കൽ കോളേജ് വാർഡ്, ഐസിയു, സൂപ്പർ സ്‌പെഷ്യാലിറ്റി, ടെറിഷ്വറി കാൻസർ കെയർ, സമീപത്തെ സ്വകാര്യ ആശുപത്രികൾ എന്നിവിടങ്ങളിലേക്കാണ് മാറ്റിയത്.
Most Read| നിർണായക ധാതുകരാറിൽ ഒപ്പുവെച്ച് യുഎസും യുക്രൈനും; റഷ്യയ്‌ക്ക് മുന്നറിയിപ്പ്