കോഴിക്കോട്: ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിലെ അത്യാഹിത വിഭാഗത്തിൽ വീണ്ടും പുക ഉയർന്നു. കഴിഞ്ഞദിവസം പൊട്ടിത്തെറിയുണ്ടായ അത്യാഹിത വിഭാഗം കെട്ടിടത്തിന്റെ ആറാം നിലയിലാണ് പുക പടർന്നത്. ഇലക്‌ട്രിക്കൽ ഇൻസ്‌പെക്‌ടറേറ്റ് പരിശോധന നടക്കുന്നതിനിടെയാണ് സംഭവം.
ഇതോടെ, നാല്, അഞ്ച്, ആറ്, നിലകളിലെ ആളുകളെ ഒഴിപ്പിക്കുകയാണ്. അഗ്‌നിരക്ഷാ സേനയുടെ രണ്ട് യൂണിറ്റ് ആശുപത്രിയിലെത്തി. ഓപ്പറേഷൻ തിയേറ്റർ ഉൾപ്പെടെയാണ് ആറാംനിലയിൽ പ്രവർത്തിച്ചിരുന്നത്. ഇതിന്റെ പ്രവർത്തനം നാളെ പുനരാരംഭിക്കാനിരിക്കെ ആയിരുന്നു വീണ്ടും പുക ഉയർന്നത്.
വെള്ളിയാഴ്‌ച രാത്രി എട്ടുമണിയോടെയാണ് മെഡിക്കൽ കോളേജ് പിഎംഎസ് എസ്‌വൈ ബ്ളോക്ക് കെട്ടിടത്തിലെ അത്യാഹിത വിഭാഗത്തിൽ പൊട്ടിത്തെറി ഉണ്ടായത്. തുടർന്ന് കെട്ടിടത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് പുക വ്യാപിച്ചു. ഇതോടെ മെഡിക്കൽ കോളേജ് അധികൃതരും പോലീസും നാട്ടുകാരും ചേർന്ന് രോഗികളെ മാറ്റുകയായിരുന്നു.
Most Read| പോരാട്ടം വിപുലപ്പെടുത്തി ഗാസ കീഴടക്കും; പദ്ധതിക്ക് അംഗീകാരം നൽകി ഇസ്രയേൽ