5 മൃതദേഹങ്ങളും പോസ്‌റ്റുമോർട്ടം ചെയ്യും, അസ്വാഭാവിക മരണത്തിന് കേസെടുത്തു

വെസ്‌റ്റ്‌ഹിൽ സ്വദേശി ഗോപാലൻ (65), വടകര സ്വദേശി സുരേന്ദ്രൻ (59), മേപ്പയ്യൂർ സ്വദേശി ഗംഗാധരൻ (70) , വയനാട് മേപ്പാടി സ്വദേശിനി നസീറ (44), പശ്‌ചിമ ബംഗാളുകാരിയായ ഗംഗ (34) എന്നിവരുടെ മരണത്തിലാണ് പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തത്.

By Senior Reporter, Malabar News
kozhikode medical college
Ajwa Travels

കോഴിക്കോട്: മെഡിക്കൽ കോളേജിലെ അത്യാഹിത വിഭാഗം കെട്ടിടത്തിലുണ്ടായ തീപിടിത്തത്തിന് പിന്നാലെ മരിച്ച അഞ്ചുപേരുടെയും മൃതദേഹങ്ങൾ പോസ്‌റ്റുമോർട്ടം ചെയ്യും. മരണത്തിൽ ആരോപണങ്ങൾ ഉയർന്ന സാഹചര്യത്തിലാണിത്. സംഭവത്തിൽ അസ്വാഭാവിക മരണത്തിന് പോലീസ് കേസെടുത്തിട്ടുമുണ്ട്.

വെസ്‌റ്റ്‌ഹിൽ സ്വദേശി ഗോപാലൻ (65), വടകര സ്വദേശി സുരേന്ദ്രൻ (59), മേപ്പയ്യൂർ സ്വദേശി ഗംഗാധരൻ (70) , വയനാട് മേപ്പാടി സ്വദേശിനി നസീറ (44), പശ്‌ചിമ ബംഗാളുകാരിയായ ഗംഗ (34) എന്നിവരുടെ മരണത്തിലാണ് പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തത്. ബന്ധുക്കളുടെ പരാതിയിലാണ് നടപടി.

അത്യാഹിത വിഭാഗത്തിലെ യുപിഎസ് റൂമിൽ പൊട്ടിത്തെറിയുണ്ടായതിന് പിന്നാലെ കനത്ത പുക കെട്ടിടത്തിന്റെ നാല് നിലകളിലേക്കും പടർന്നതോടെയാണ് 5 മൃതദേഹങ്ങൾ അധികൃതർ മോർച്ചറിയിലേക്ക് മാറ്റിയത്. ഇവരുടെ മരണം പുക ശ്വസിച്ചാണോ എന്ന് സ്‌ഥിരീകരിച്ചിട്ടില്ല. മരണകാരണം വ്യക്‌തമല്ലെന്നാണ് നിലവിൽ അധികൃതർ വിശദീകരിക്കുന്നത്.

ഇതോടെയാണ് അഞ്ചുപേരുടെയും മൃതദേഹങ്ങൾ പോസ്‌റ്റുമോർട്ടം ചെയ്യാൻ തീരുമാനിച്ചത്. അതേസമയം, തീപിടിത്തത്തിന്റെ പശ്‌ചാത്തലത്തിൽ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയ രോഗികളുടെ ചികിൽസാ ചിലവ് പൂർണമായി സർക്കാർ ഏറ്റെടുക്കണമെന്ന് ടി സിദ്ദിഖ് എംഎൽഎ ആവശ്യപ്പെട്ടു. സാധാരണക്കാർ സർക്കാർ ആശുപത്രികളെ ആശ്രയിക്കുന്നത് സൗജന്യ ചികിൽസയ്‌ക്കാണ്. ഇത് സർക്കാർ ഉറപ്പുവരുത്തണമെന്നും എംഎൽഎ പറഞ്ഞു.

അതിനിടെ, സാധാരണഗതിയിൽ സംഭവിക്കാൻ പാടില്ലാത്തതാണ് കോഴിക്കോട് മെഡിക്കൽ കോളേജിൽ സംഭവിച്ചതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പ്രതികരിച്ചു. എന്താണ് സംഭവിച്ചത് എന്നതിനെപ്പറ്റി ഇലക്‌ട്രിക്കൽ ഇൻസ്‌പെക്‌ടേഴ്‌സിന്റെ അന്വേഷണം നടത്തേണ്ടതുണ്ട്. ആരോഗ്യമന്ത്രി വീണാ ജോർജ് മെഡിക്കൽ കോളേജിലേക്ക് പോയിട്ടുണ്ട്. അവരുടെ സന്ദർശനത്തിന് ശേഷം തുടർ നടപടികൾ തീരുമാനിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

ഇന്നലെ രാത്രി എട്ടുമണിയോടെയാണ് മെഡിക്കൽ കോളേജിലെ അത്യാഹിത വിഭാഗത്തിനോട് ചേർന്നുള്ള യുപിഎസ് റൂമിൽ നിന്നും പുക ഉയർന്നത്. ഷോർട്ട് സർക്യൂട്ട് ഉണ്ടായെന്നാണ് പ്രാഥമിക നിഗമനമെന്ന് കലക്‌ടർ വ്യക്‌തമാക്കി. കൂടുതൽ പരിശോധനകൾ നടക്കുകയാണ്.

പുക കണ്ടയുടൻ ഐസിയുവിൽ നിന്നും കാഷ്വാലിറ്റിയിൽ നിന്നും രോഗികളെ ഒഴിപ്പിച്ചു. മൊത്തം 200 രോഗികൾ ഉണ്ടായിരുന്നു. ഇവരെ മെഡിക്കൽ കോളേജ് വാർഡ്, ഐസിയു, സൂപ്പർ സ്‌പെഷ്യാലിറ്റി, ടെറിഷ്വറി കാൻസർ കെയർ, സമീപത്തെ സ്വകാര്യ ആശുപത്രികൾ എന്നിവിടങ്ങളിലേക്കാണ് മാറ്റിയത്. ഇതിനിടെ മെഡിക്കൽ കോളേജിലെ താൽക്കാലിക കാഷ്വാലിറ്റി ഉടൻ സജ്‌ജമാകുമെന്ന് ആശുപത്രി പ്രിൻസിപ്പൽ അറിയിച്ചു.

Most Read| നിർണായക ധാതുകരാറിൽ ഒപ്പുവെച്ച് യുഎസും യുക്രൈനും; റഷ്യയ്‌ക്ക് മുന്നറിയിപ്പ്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE