കോഴിക്കോട്: വേദവ്യാസ സൈനിക സ്‌കൂളിൽ നിന്ന് കാണാതായ വിദ്യാർഥിക്കായി തിരച്ചിൽ തുടർന്ന് പോലീസ്. കുട്ടിയുടെ ഇൻസ്‌റ്റഗ്രാം ചാറ്റ് കേന്ദ്രീകരിച്ചാണ് അന്വേഷണം നടക്കുന്നത്. കാണാതാകുന്നതിന് മുൻപ് സ്‌കൂൾ ഹോസ്‌റ്റൽ വാർഡന്റെ ഫോണിൽ നിന്ന് വിദ്യാർഥി ആരുമായോ ഇൻസ്‌റ്റഗ്രാമിൽ ചാറ്റ് ചെയ്‌തിരുന്നു.
സ്‌കൂൾ അവധി ആരംഭിച്ചോ എന്ന ചോദ്യത്തിന് ഇല്ലെന്നും സ്‌കൂളിൽ ഫോൺ ഉപയോഗിക്കാൻ പാടില്ലാത്തതിനാൽ വാർഡന്റെ ഫോണിൽ നിന്നാണ് സന്ദേശങ്ങൾ അയക്കുന്നതെന്നും വിദ്യാർഥി പറഞ്ഞിരുന്നതായുള്ള വിവരങ്ങളും ലഭ്യമായിട്ടുണ്ട്. ബിഹാർ മകത്പുർ സ്വദേശിയായ സൻസ്‌കർ കുമാർ (13) എന്ന വിദ്യാർഥിയെയാണ് കഴിഞ്ഞ തിങ്കളാഴ്‌ച മുതൽ കാണാതായത്.
കാണാതാകുന്നതിന് തലേദിവസം ഉൾപ്പടെ ഈ അക്കൗണ്ടിൽ നിന്ന് സൻസ്‌കറിനെ തേടി കോളുകൾ വന്നിരുന്നതായി കണ്ടെത്തിയിട്ടുണ്ട്. ഫോൺ ഉപയോഗിക്കാൻ നിയന്ത്രണമുള്ള സ്‌കൂളിൽ വിദ്യാർഥിയുടെ കൈയിൽ ഫോൺ ലഭിക്കുകയും ഇൻസ്‌റ്റഗ്രാം ചാറ്റിനുള്ള അവസരം ഒരുങ്ങുകയും ചെയ്‌തത് അധികൃതരുടെ ഭാഗത്തുനിന്നുണ്ടായ വീഴ്‌ചയാണെന്ന് സൻസ്‌കറിന്റെ പിതാവ് ആരോപിച്ചു.
സൻസ്‌കറിന് വേണ്ടിയുള്ള തിരച്ചിലിനിടയിൽ കോഴിക്കോട്, പാലക്കാട് റെയിൽവേ സ്‌റ്റേഷനുകളിലെ സിസിടിവി ദൃശ്യങ്ങളിൽ കുട്ടിയുടെ സാന്നിധ്യം തിരിച്ചറിഞ്ഞിരുന്നു. കുട്ടി ബിഹാറിലേക്കാണോ പോയതെന്നുൾപ്പടെ പോലീസ് അന്വേഷിച്ചിരുന്നു. പൂനെ, ജാർഖണ്ഡ് എന്നിവിടങ്ങളിലേക്കും പോലീസ് അന്വേഷണം വ്യാപിപ്പിച്ചിട്ടുണ്ട്.
ഹോസ്‌റ്റലിൽ നിന്ന് നടന്ന് കോഴിക്കോട് റെയിൽവേ സ്‌റ്റേഷനിൽ എത്തിയ കുട്ടി പിന്നീട് പാലക്കാട്ടേക്ക് പോവുകയായിരുന്നുവെന്ന് പോലീസ് കണ്ടെത്തി. അതിസാഹസികമായാണ് കുട്ടി ഹോസ്‌റ്റലിൽ നിന്ന് രക്ഷപ്പെട്ടതെന്ന് സ്‌കൂൾ അധികൃതർ പറഞ്ഞു. പുലർച്ചെ ഒരുമണിയോടെ ഹോസ്‌റ്റലിന്റെ ഒന്നാം നിലയിൽ നിന്ന് കേബിളിൽ പിടിച്ചിറങ്ങിയ കുട്ടി താഴേക്ക് എറിഞ്ഞ കിടക്കയിലേക്ക് ചാടിയാണ് പുറത്തുപോയത്.
കുട്ടിയുടെ കൈവശം രണ്ടായിരത്തോളം രൂപയുണ്ടായിരുന്നു. മൊബൈൽ ഫോണില്ല. ബിഹാറിലുള്ള രക്ഷിതാക്കൾക്കും കുട്ടിയെക്കുറിച്ച് ഇതുവരെ വിവരമൊന്നും ലഭിച്ചിട്ടില്ലെന്നും സ്‌കൂൾ അധികൃതർ പറഞ്ഞു.
Most Read| ആഹാ ഇത് കൊള്ളാലോ, വിൽപ്പനക്കെത്തിച്ച കോഴിയെ കണ്ട് കണ്ണുതള്ളി കടയുടമ!