കോഴിക്കോട്: ബാങ്ക് ജീവനക്കാരനിൽ നിന്നും പണം തട്ടിയെടുത്ത് പ്രതി കടന്നുകളഞ്ഞു. 40 ലക്ഷം രൂപയാണ് തട്ടിയെടുത്തത്. കോഴിക്കോട് പന്തീരാങ്കാവിൽ ഉച്ചയ്‌ക്ക് ഒരുമണിയോടെയാണ് സംഭവം. ഇസാഫ് ബാങ്കിലെ ജീവനക്കാരനായ അരവിന്ദ് എന്നയാളുടെ കൈയിൽ നിന്നാണ് പണം ഉൾപ്പെടുന്ന കറുത്ത നിറത്തിലുള്ള ബാഗ് തട്ടിപ്പറിച്ചുകൊണ്ടുപോയത്.
പന്തീരാങ്കാവിൽ നിന്ന് മാങ്കാവിലേക്ക് പോകുന്ന റോഡിൽ അക്ഷയ ഫിനാൻസ് എന്ന സ്‌ഥാപനത്തിന് മുന്നിലായിരുന്നു സംഭവം. പന്തീരാങ്കാവ് സ്വദേശി ഷിബിൻ ലാലാണ് പണം തട്ടിയെടുത്തതെന്ന് തിരിച്ചറിഞ്ഞതായി പോലീസ് പറഞ്ഞു. കറുത്ത ഇരുചക്ര വാഹനത്തിൽ രക്ഷപ്പെട്ട ഇയാളുടെ സിസിടിവി ദൃശ്യങ്ങളും പോലീസ് പുറത്തുവിട്ടു.
ഷിബിൻ ലാലിനായി നഗരത്തിൽ ഉടനീളം പോലീസ് അന്വേഷണം തുടങ്ങി. കറുപ്പും പച്ചയും വെള്ളയും നിറങ്ങൾ ഉള്ള ടീ ഷർട്ടും മഞ്ഞ റെയിൻകോട്ടും ഹെൽമറ്റും ഇയാൾ ധരിച്ചിട്ടുണ്ട്. വലതു ചെവിയിൽ കമ്മലും ഉണ്ടെന്ന് പോലീസ് പറഞ്ഞു.
Most Read| എംഎസ്‌സി എൽസ 3 കപ്പൽ അപകടം; കേസെടുത്ത് പോലീസ്