കോഴിക്കോട്: മലാപ്പറമ്പ് പെൺവാണിഭക്കേസിൽ നിർണായക വഴിത്തിരിവ്. അനാശാസ്യ കേന്ദ്രം കേസിൽ പ്രതിചേർക്കപ്പെട്ട പോലീസുകാരുടേതാണെന്ന് കണ്ടെത്തി. പോലീസ് ജില്ലാ ഹെഡ് ക്വാർട്ടേഴ്‌സ് ഡ്രൈവർമാരായ പെരുമണ്ണ സ്വദേശി സീനിയർ സിപിഒ കെ ഷൈജിത്ത്, കുന്ദമംഗലം പടനിലം സ്വദേശി സിപിഒ കെ സനിത്ത് എന്നിവരാണ് കേന്ദ്രത്തിന്റെ യഥാർഥ ഉടമസ്‌ഥർ.
കേസിലെ ഒന്നാംപ്രതി ബിന്ദു കേന്ദ്രത്തിന്റെ നടത്തിപ്പുകാരിയും മാനേജരും കാഷ്യറും മാത്രമാണെന്നും അന്വേഷണ സംഘം പറയുന്നു. അതേസമയം, കേസിൽ പ്രതിചേർത്തതിന് പിന്നാലെ ഒളിവിൽപോയ ഷൈജിത്തിനും സനിത്തിനുമായുള്ള അന്വേഷണം തുടരുകയാണ്. പ്രതികളുടെ മൊബൈൽ ഫോൺ ഇന്നലെ പ്രവർത്തിച്ചെങ്കിലും പിന്നീട് സ്വിച്ച് ഓഫായി. സൈബർ പോലീസ് സഹകരണത്തോടെയാണ് അന്വേഷണം പുരോഗമിക്കുന്നത്.
ഷൈജിത്തും സനിത്തും മിക്ക ദിവസങ്ങളിലും മലാപ്പറമ്പിലെ ഫ്‌ളാറ്റിൽ എത്തിയിരുന്നതായും ഇവരുടെ അക്കൗണ്ടിലേക്ക് ലക്ഷങ്ങൾ വന്നിട്ടുണ്ടെന്നും അന്വേഷണത്തിൽ തെളിഞ്ഞിട്ടുണ്ട്. ദിവസം ഒരുലക്ഷം രൂപയായിരുന്നു റാക്കറ്റിന്റെ വരുമാനം. ഇതിൽ നല്ലൊരു പങ്കും പോലീസുകാർക്കാണ് എത്തിയിരുന്നത്. പോലീസ് പ്രതികളുടെ വീടുകളിലെത്തി ബന്ധുക്കളിൽ നിന്ന് വിവരം ശേഖരിച്ചിരുന്നു.
ബിന്ദു ഉൾപ്പടെ കേന്ദ്രത്തിലെ മൂന്നുപേരെയും ഇടപാടിനെത്തിയ രണ്ടു പേരെയും മറ്റ് നാല് സ്‌ത്രീകളെയും ഒരുമിച്ചിരുത്തി ചോദ്യം ചെയ്‌തപ്പോഴാണ് ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്തുവന്നത്. നടത്തിപ്പിന്റെ രീതികളും പോലീസുകാരുടെ ബന്ധവും ഇവർ വെളിപ്പെടുത്തിയതായാണ് വിവരം. അതിനിടെ, കേസിൽ പ്രതിചേർത്ത് ദിവസങ്ങളായിട്ടും ഷൈജിത്തിനെയും സനിത്തിനെയും പിടികൂടാൻ പോലീസ് തയ്യാറാകുന്നില്ലെന്ന ആക്ഷേപം ഉയർന്നിട്ടുണ്ട്. മുൻകൂർ ജാമ്യം തേടാനുള്ള നീക്കത്തിലാണ് പ്രതികളെന്നും സൂചനയുണ്ട്.
ഇവർ കേസിലെ യഥാക്രമം 11ഉം 12ഉം പ്രതികളാണ്. ഇരുവരെയും ബുധനാഴ്‌ച വൈകീട്ടോടെ സർവീസിൽ നിന്ന് സസ്‌പെൻഡ് ചെയ്‌തിരുന്നു. ടൗൺ അസി. കമ്മീഷണറുടെ റിപ്പോർട്ടിന്റെ അടിസ്‌ഥാനത്തിലായിരുന്നു നടപടി. മലാപ്പറമ്പിലെ ഒരു അപ്പാർട്മെന്റ് കേന്ദ്രീകരിച്ചാണ് പെൺവാണിഭ കേന്ദ്രം പ്രവർത്തിച്ചിരുന്നത്. വെള്ളിയാഴ്‌ച നടക്കാവ് പോലീസ് ഇവിടെ നടത്തിയ റെയ്‌ഡിൽ നടത്തിപ്പുകാരിയായ വയനാട് ഇരുളം സ്വദേശി ബിന്ദുവടക്കം ഒമ്പതുപേരെയാണ് അറസ്‌റ്റ് ചെയ്‌തത്.
തുടരന്വേഷണത്തിലാണ് പോലീസുകാർക്കെതിരെ തെളിവുകൾ കിട്ടിയതും പ്രതിപ്പട്ടികയിൽ ചേർത്തതും. ബിന്ദുവിന്റെ സുഹൃത്തായ വിദേശത്തുള്ള ബാലുശ്ശേരി വട്ടോളിബസാർ സ്വദേശി അമനീഷ് കുമാറിനെ കേസിൽ പത്താം പ്രതിയായും ചേർത്തിട്ടുണ്ട്. 2020ലാണ് സമാന കേസുമായി ബന്ധപ്പെട്ട് ബിന്ദുവുമായി പോലീസുകാർ അടുപ്പം സ്‌ഥാപിക്കുന്നത്.
Most Read| ജീവന്റെ സാന്നിധ്യം, ഒരുലക്ഷത്തിലധികം വർഷം പഴക്കം; സമുദ്രത്തിനടിയിൽ നിഗൂഢ നഗരം!