കോഴിക്കോട്: ലൈംഗികാരോപണ വീഡിയോ പ്രചരിച്ചതിന് പിന്നാലെ കോഴിക്കോട് ഗോവിന്ദപുരം സ്വദേശിയായ യു. ദീപക് ജീവനൊടുക്കിയ സംഭവത്തിലെ പ്രതിയായ ഷിംജിത മുസ്‌തഫ ഒളിവിലെന്ന് സൂചന. ആത്‍മഹത്യാ പ്രേരണാക്കുറ്റം ചുമത്തി മെഡിക്കൽ കോളേജ് പോലീസ് എഫ്‌ഐആർ രജിസ്‌റ്റർ ചെയ്‌തതിന് പിന്നാലെ അറസ്‌റ്റ് ഭയന്ന് ഒളിവിൽ പോയതായാണ് സൂചന.
അതേസയം, വിദേശത്തേക്ക് കടക്കാൻ സാധ്യതയുള്ളതിനാൽ ഷിംജിതയെ ഉടൻ അറസ്‌റ്റ് ചെയ്യണമെന്ന് ദീപക്കിന്റെ കുടുംബം ആവശ്യപ്പെട്ടു. പയ്യന്നൂരിൽ സ്വകാര്യ ബസിൽ വെച്ച് ലൈംഗികാതിക്രമം നടത്തിയെന്ന് ആരോപിച്ച് വടകര സ്വദേശിനിയായ ഷിംജിത മുസ്‌തഫ ഇൻസ്‌റ്റാഗ്രാമിൽ വീഡിയോ പോസ്‌റ്റ് ചെയ്‌ത് പ്രചരിച്ചതിന് പിന്നാലെയാണ് ദീപക് ആത്‍മഹത്യ ചെയ്‌തത്.
ഷിംജിതയും ദീപക്കും സഞ്ചരിച്ച സ്വകാര്യ ബസിലെ സിസിടിവി ദൃശ്യങ്ങൾ പോലീസ് ശേഖരിച്ചു. എന്നാൽ, ബസിലെ തിരക്കിന്റെ ദൃശ്യങ്ങൾ മാത്രമാണ് അതിൽ അടങ്ങിയിട്ടുള്ളത്. ഷിംജിതയിൽ നിന്ന് ഒരു പരാതിയും അന്നേദിവസത്തെ യാത്രയ്‌ക്ക് ശേഷം കിട്ടിയിട്ടില്ലെന്ന് സ്വകാര്യ ബസ് ജീവനക്കാരും മാദ്ധ്യമങ്ങളോട് പറഞ്ഞിരുന്നു.
ഇരുവരും ബസിൽ കയറിയതുമുതലുള്ള ദൃശ്യങ്ങൾ വിശദമായി പരിശോധിക്കാനാണ് പോലീസിന്റെ നീക്കം. ബസിൽ ആ സമയം യാത്ര ചെയ്‌തവരുടെയും ബസ് ജീവനക്കാരുടെയും മൊഴി എടുക്കും. യുവതി സാമൂഹിക മാദ്ധ്യമത്തിൽ പങ്കുവെച്ച വീഡിയോ എഡിറ്റ് ചെയ്‌ത് നീളം കുറച്ചതാണെന്ന് പോലീസ് കണ്ടെത്തിയിട്ടുണ്ട്.
യുവതി ബസിൽ നിന്ന് മൊബൈൽ ഫോണിൽ പകർത്തിയ ദൃശ്യങ്ങളുടെ മുഴുവൻ ഭാഗങ്ങളും വീണ്ടെടുക്കാൻ പോലീസ് ശ്രമം തുടങ്ങിയിട്ടുണ്ട്. ഇതിനായി ഷിംജിതയുടെ ഫോൺ കസ്‌റ്റഡിയിൽ എടുക്കാനാണ് നീക്കം. ഇൻസ്‌റ്റാഗ്രാമിൽ പോസ്‌റ്റ് ചെയ്‌ത ദൃശ്യങ്ങൾ സൈബർ പോലീസിന്റെ സഹായത്തോടെ പരിശോധിക്കും. കേസിൽ നിർണായകമാവുക ഈ ദൃശ്യങ്ങളാണെന്നാണ് പോലീസ് പറയുന്നത്.
Most Read| വയനാട് തുരങ്കപാത; പാറതുരക്കൽ പ്രവൃത്തികൾക്ക് ഫെബ്രുവരിയിൽ തുടക്കമാകും





































