തിരുവനന്തപുരം: കെഎസ്ഇബിയിലെ അഴിമതിയും വ്യാപക ക്രമക്കേടുകളും കണ്ടെത്തി വിജിലൻസ്. ‘ഓപ്പറേഷൻ ഷോർട് സർക്യൂട്ട്’ എന്ന പേരിൽ സംസ്‌ഥാന വ്യാപകമായി വിജിലൻസ് നടത്തിയ മിന്നൽ പരിശോധനയിലാണ് വ്യാപക ക്രമക്കേടുകൾ കണ്ടെത്തിയത്.
കരാറുകാരിൽ നിന്നും കമ്മീഷൻ ഇനത്തിൽ ഉദ്യോഗസ്‌ഥർ കൈക്കൂലി വാങ്ങി പരിശോധന നടത്താതെ ബിൽ മാറി കൊടുക്കുന്നുവെന്ന വിവരത്തിന്റെ അടിസ്‌ഥാനത്തിൽ ആയിരുന്നു പരിശോധന. വിവിധ സെക്ഷൻ ഓഫീസികളിലെ 41 ഉദ്യോഗസ്‌ഥർ പല കരാറുകാരിൽ നിന്നായി 16,50,000 രൂപ അക്കൗണ്ടുകളിലൂടെ മാത്രം കൈക്കൂലിയായി കൈപ്പറ്റിയതായി വിജിലൻസ് വ്യക്‌തമാക്കി.
കഴിഞ്ഞ അഞ്ചുവർഷം നടത്തിയ കരാർ പ്രവൃത്തികളാണ് വിജിലൻസ് പരിശോധനയ്‌ക്ക് വിധേയമാക്കിയത്. കെഎസ്ഇബിയിൽ ഭൂരിഭാഗം ഓഫീസുകളിലും കരാറുകൾ നൽകുന്നത് നടപടിക്രമങ്ങൾ പാലിക്കാതെയാണെന്നും, കരാർ പ്രവൃത്തികൾ ടെൻഡർ നടപടി ക്രമങ്ങളിൽ നിന്നും ഒഴിവാകുന്നതിനായി കുറഞ്ഞ തുകയ്‌ക്കുള്ള പ്രവൃത്തികളായി വിഭജിച്ച് ക്വട്ടേഷൻ ക്ഷണിച്ച് പദ്ധതി നടപ്പിലാക്കുന്നതായും കണ്ടെത്തി.
ഭൂരിഭാഗം ഓഫീസികളിലും കരാർ പ്രവൃത്തികളുടെ ഫയലുകൾ കൃത്യമായി പരിപാലിക്കുന്നില്ല. സ്‌ക്രാപ്പ് രജിസ്‌റ്റർ, ലോഗ് ബുക്ക്, വർക്ക് രജിസ്‌റ്റർ തുടങ്ങിയ വിവിധ രജിസ്‌റ്ററുകൾ കൃത്യമായി എഴുതി സൂക്ഷിച്ചിട്ടില്ലെന്നും കണ്ടെത്തി. തിരുവനന്തപുരം വർക്കലയിൽ സബ് എൻജിനിയർ 55,200 രൂപയും മറ്റൊരാൾ 38,000 രൂപയും കരാറുകാരനിൽ നിന്ന് ഗൂഗിൾ പേ വഴി കൈപ്പറ്റി.
കോട്ടയത്ത് ഇത്തരത്തിൽ സബ് എൻജിനിയർ 1,83,000 രൂപയും ഓവർസിയർ 18,550 രൂപയുമാണ് വാങ്ങിയത്. കട്ടപ്പന സെക്ഷൻ ഓഫീസിൽ അസി. എൻജിനിയർ 2,35,700 രൂപയാണ് വാങ്ങിയത്. ഇതേ ഓഫീസിലെ നാല് ഉദ്യോഗസ്‌ഥർ 1,86,000 രൂപ കരാറുകാർക്ക് അയച്ചുകൊടുത്തിട്ടുണ്ട്. ബെനാമി കരാറുകാരെ വെച്ച് ഉദ്യോഗസ്‌ഥർ തന്നെ വർക്ക് ഏറ്റെടുത്ത് ചെയ്യുന്നതാണോ എന്നാണ് വിജിലൻസ് അന്വേഷിക്കുന്നത്.
Most Read| ആരിക്കാടി ടോൾ പ്ളാസ അടിച്ചുതകർത്ത കേസ്; രണ്ടുപേർ അറസ്‌റ്റിൽ





































