കൽപ്പറ്റ: വയനാട് മുണ്ടക്കൈ-ചൂരൽമല ഉരുൾപൊട്ടൽ ദുരന്തബാധിതരോട് മുടങ്ങിയ തവണകളുടെ തുക അടയ്‌ക്കാൻ ആവശ്യപ്പെട്ട് നോട്ടീസ് നൽകിയത് അബദ്ധത്തിലെന്ന് കെഎസ്എഫ്ഇ. ദുരന്തബാധിതരായ രണ്ടുപേർക്കാണ് വായ്‌പാ തുക ഉടൻ തിരിച്ചടക്കണമെന്ന് ആവശ്യപ്പെട്ട് കഴിഞ്ഞ ദിവസം കെഎസ്എഫ്ഇയുടെ നോട്ടീസ് ലഭിച്ചത്.
പിന്നാലെ മുസ്‌ലിം യൂത്ത് ലീഗ് പ്രതിഷേധവുമായി കെഎസ്എഫ്ഇ ബ്രാഞ്ച് ഓഫീസിലെത്തി. എന്നാൽ, കമ്പ്യൂട്ടറിൽ വന്ന തകരാറാണ് രണ്ടുപേർക്ക് നോട്ടീസ് പോകാൻ കാരണമെന്നാണ് മേപ്പാടി ബ്രാഞ്ച് മാനേജർ തോമസ് അറിയിച്ചത്. സംഭവത്തിൽ വീഴ്‌ച പറ്റി. നോട്ടീസ് അയക്കാൻ പാടില്ലായിരുന്നു. മുൻപ് ഇങ്ങനെ ഉണ്ടായിട്ടില്ല. ദുരന്തബാധിതരോട് അനുഭാവ പൂർവമായ സമീപനമാണ് ഇതുവരെ സ്വീകരിച്ചതെന്നും അദ്ദേഹം പറഞ്ഞു.
മുടങ്ങിയ തവണകളുടെ തുക അടിയന്തിരമായി അടക്കാൻ ആവശ്യപ്പെട്ട് ചൂരൽമല സ്വദേശികളായ സൗജത്ത്, മിന്നത്ത് എന്നിവർക്കാണ് കെഎസ്എഫ്ഇയിൽ നിന്ന് നോട്ടീസ് ലഭിച്ചത്. ഉരുൾപൊട്ടലിൽ എല്ലാം നഷ്‌ടമായ ഇവർ താൽക്കാലിക വാടക വീടുകളിലാണ് താമസിക്കുന്നത്. നിത്യചിലവിന് പണം കണ്ടെത്താൻ ബുദ്ധിമുട്ടുന്നതിനിടെയാണ് നോട്ടീസ് ലഭിച്ചത്.
ദുരന്തബാധിതരിൽ നിന്ന് ഇഎംഐ ഉൾപ്പടെ വായ്‌പകൾ തിരിച്ചുപിടിക്കാൻ നടപടി സ്വീകരിക്കരുതെന്ന് സർക്കാരിന്റെ കർശന നിർദ്ദേശമുണ്ട്. നേരത്തെ, ഗ്രാമീൺ ബാങ്ക് വായ്‌പ തിരിച്ചടക്കണമെന്ന് ആവശ്യപ്പെട്ട് ദുരന്തബാധിതർക്ക് നോട്ടീസ് നൽകിയതും വലിയ വിവാദമായിരുന്നു.
Most Read| സൂക്ഷിച്ചോളൂ, ഈ നഗരത്തിലെത്തിയാൽ ഭിക്ഷ കൊടുക്കരുത്! പോലീസ് കേസ് പിന്നാലെ വരും