കൊച്ചി: എറണാകുളം മഹാരാജാസ് കോളേജ് ഹോസ്‌റ്റലിലേക്ക് കെഎസ്‍യു മാർച്ച്. കഴിഞ്ഞ ദിവസം കെഎസ്‍യു പ്രവർത്തകരെ എസ്എഫ്ഐക്കാർ മർദ്ദിച്ചെന്ന് ആരോപിച്ചാണ് മാർച്ച് നടത്തിയത്. നിലവിൽ സംഘർഷ സാധ്യതകൾ ഇല്ല.
എറണാകുളം ഡിസിസി ഓഫിസിൽ നിന്നും ആരംഭിച്ച മാർച്ച് മഹാരാജാസ് കോളേജ് ഹോസ്‌റ്റലിന് മുന്നിൽ എത്തിയപ്പോൾ പോലീസ് തടഞ്ഞു. കെഎസ്‍യു പ്രവർത്തകർ റോഡിൽ കുത്തിയിരുന്ന് മുദ്രാവാക്യം വിളിച്ചു. കെഎസ്‍യു പ്രവർത്തകരെ ആക്രമിച്ച എസ്എഫ്ഐ പ്രവർത്തകർ കോളേജ് ഹോസ്‌റ്റലിൽ ഉണ്ടെന്നും അവരെ അറസ്‌റ്റ് ചെയ്യണമെന്നുമാണ് കെഎസ്‍യുവിന്റെ ആവശ്യം.
അതേസമയം, വിദ്യാർഥി സംഘർഷത്തെ തുടർന്ന് എറണാകുളം മഹാരാജാസ് കോളേജ് രണ്ടാഴ്‌ചത്തേക്ക് അടച്ചു. ഇന്ന് ചേർന്ന കോളേജ് കൗൺസിൽ യോഗത്തിലാണ് തീരുമാനം. ഇടുക്കി ഗവൺമെന്റ് എൻജിനീയറിങ് കോളേജിലെ എസ്എഫ്ഐ പ്രവർത്തകൻ ധീരജിന്റെ കൊലപാതകത്തിന് പിന്നാലെയാണ് മഹാരാജാസ് കോളേജിൽ സംഘർഷമുണ്ടായത്.
ഇന്നലെ വൈകിട്ട് എസ്എഫ്ഐ-കെഎസ്‍യു പ്രവർത്തകർ തമ്മിൽ ഏറ്റുമുട്ടിയിരുന്നു. ഇതേത്തുടർന്ന് 10 പേർക്ക് പരുക്കേറ്റു. ഒരു വിദ്യാർഥിയുടെ തലക്ക് സാരമായ പരിക്കുണ്ട്. ധീരജിന്റെ കൊലപാതകത്തിൽ പ്രതിഷേധിച്ച് എസ്എഫ്ഐ പ്രവര്‍ത്തകര്‍ ക്യാമ്പസിൽ പ്രകടനം നടത്തുന്നതിനിടെയാണ് സംഘര്‍ഷം ഉണ്ടായത്. പ്രകടനത്തിനിടെ എസ്എഫ്ഐ പ്രവര്‍ത്തകരും കെഎസ്‍യു പ്രവര്‍ത്തകരും തമ്മില്‍ വാക്കേറ്റമുണ്ടാവുകയും ഇത് സംഘര്‍ഷത്തില്‍ കലാശിക്കുകയും ആയിരുന്നു.
Most Read: മുല്ലപ്പെരിയാർ; ഹരജികളിലെ അന്തിമ വാദം ഫെബ്രുവരിയിൽ ആരംഭിക്കും