കൊച്ചി: കൂത്തുപറമ്പ് മൂര്യാട് അയോധ്യാനഗറിലെ ബിജെപി പ്രവർത്തകൻ കുമ്പളപവൻ പ്രമോദിനെ വെട്ടിക്കൊലപ്പെടുത്തിയ കേസിൽ പ്രതികളായ പത്ത് സിപിഎം പ്രവർത്തകരുടെ ശിക്ഷ ഹൈക്കോടതി ശരിവെച്ചു. പ്രതികൾ സമർപ്പിച്ച അപ്പീൽ തള്ളിക്കൊണ്ടാണ് പിബി സുരേഷ് കുമാർ, ജോബിൻ സെബാസ്‌റ്റ്യൻ എന്നിവരുടെ ബെഞ്ച് വിധി പറഞ്ഞത്.
പ്രതികളെ ജീവപര്യന്തം തടവിനും ഒരുലക്ഷം രൂപ വീതം പിഴയടക്കാനും വിധിച്ച തലശ്ശേരി അഡീഷണൽ സെഷൻസ് കോടതി വിധിക്കെതിരെയാണ് പ്രതികൾ ഹൈക്കോടതിയിൽ അപ്പീൽ നൽകിയത്. 2007 ഓഗസ്‌റ്റ് 16ന് രാവിലെയാണ് പ്രമോദ് കൊല്ലപ്പെടുകയും സുഹൃത്തായ പ്രകാശന് പരിക്കേൽക്കുകയും ചെയ്‌തത്.
കോൺക്രീറ്റ് പണിക്കാരായ പ്രമോദും പ്രകാശനും ജോലിക്ക് പോകുന്നതിനിടയിൽ മാനന്തേരി മൂര്യാട് ചുള്ളിക്കുന്ന് നിരയിലെ കശുമാവിൻ തോട്ടത്തിൽ വെച്ച് പ്രതികൾ വാൾ, കത്തിവാൾ എന്നിവകൊണ്ട് ഇവരെ ആക്രമിക്കുകയായിരുന്നു എന്നാണ് കേസ്.
കൂത്തുപറമ്പ് നഗരസഭാംഗവും തലശ്ശേരി പബ്ളിക് സർവന്റ്സ് ബാങ്ക് കൂത്തുപറമ്പ് ശാഖാ ജീവനക്കാരനുമായിരുന്ന മൂര്യാട് മാണിക്യപറമ്പത്ത് കുന്നപ്പാടി മനോഹരൻ (51), സിപിഎം ലോക്കൽ സെക്രട്ടറി ആയിരുന്ന നാനോൻ പവിത്രൻ (61), പാറക്കെട്ടിൽ വീട്ടിൽ അണ്ണേരി പവിത്രൻ (60), ചാമാളിയിൽ ഹൗസിൽ പാട്ടക്ക ദിനേശൻ (54), മൂര്യാട് കുട്ടിമാക്കൂൽ ഹൗസിൽ ധനേഷ് കളത്തുംകണ്ടി (36), ജാനകി നിലയത്തിൽ കേളോത്ത് ഷാജി എന്ന കോയി ഷാജി (40), അണ്ണേരി വിപിൻ (32), പാട്ടക്ക സുരേഷ് ബാബു (48), കിഴക്കയിൽ ഹൗസിൽ റിജേഷ് പാലേരി എന്ന റിജു (34), ഷവിൽനിവാസിൽ ശശി വളോടത്ത് എന്ന പച്ചടി ശശി (53) എന്നിവരെയായിരുന്നു സെഷൻസ് കോടതി ശിക്ഷിച്ചത്. കേസിലെ ഒന്നാംപ്രതി സിപിഎം ലോക്കൽ സെക്രട്ടറി ആയിരുന്ന താറ്റ്യോട്ട് ബാലകൃഷ്‌ണൻ വിചാരണയ്‌ക്കിടെ മരിച്ചിരുന്നു.
Most Read| ആഹാ ഇത് കൊള്ളാലോ, വിൽപ്പനക്കെത്തിച്ച കോഴിയെ കണ്ട് കണ്ണുതള്ളി കടയുടമ!








































