ലഖ്‌നൗ: മഹാകുംഭമേളയ്‌ക്കെതിരെ സാമൂഹിക മാദ്ധ്യമങ്ങളിലൂടെ അപകീർത്തികരമായ സന്ദേശങ്ങൾ പ്രചരിപ്പിച്ചവർക്കെതിരെ കേസ്. 140 സാമൂഹിക മാദ്ധ്യമ അക്കൗണ്ടുകൾക്കെതിരെ 13 എഫ്ഐആറുകൾ രജിസ്‌റ്റർ ചെയ്‌തതായി ഡിഐജി വൈഭവ് കൃഷ്‌ണ അറിയിച്ചു.
ശിവരാത്രിയോട് അനുബന്ധിച്ച് പ്രയാഗ്‌രാജിൽ സുരക്ഷാ ക്രമീകരണങ്ങൾ വർധിപ്പിച്ചതായും സജ്‌ജീകരണങ്ങൾ പൂർത്തിയായെന്നും ഡിഐജി പറഞ്ഞു. ഗതാഗതക്കുരുക്കും അനിയന്ത്രിതമായ തിരക്കും നിയന്ത്രിക്കാനുള്ള ക്രമീകരണങ്ങൾ ഒരുക്കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഉത്തർപ്രദേശ് സർക്കാരിന്റെ കണക്കനുസരിച്ച് ഏകദേശം 87 ലക്ഷം തീർഥാടകരാണ് ഇതുവരെ പുണ്യസ്‌നാനം നടത്തിയത്.
62 കോടി തീർഥാടകർ കുംഭമേളയിൽ പങ്കെടുത്തതായി യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പറഞ്ഞു. അതേസമയം, അനിയന്ത്രിതമായ തിരക്ക് നിയന്ത്രിക്കുന്നതിന്റെ ഭാഗമായി അയോധ്യ ധാം റെയിൽവേ സ്‌റ്റേഷനിൽ സുരക്ഷാ ക്രമീകരണങ്ങൾ ഏർപ്പെടുത്തി. ട്രെയിൻ വരുമ്പോൾ മാത്രമേ തീർഥാടകർക്ക് പ്ളാറ്റ്‌ഫോമിലേക്ക് പ്രവേശിക്കാൻ സാധിക്കൂവെന്ന് ഡെപ്യൂട്ടി പോലീസ് സൂപ്രണ്ട് യശ്വന്ത് സിങ് പറഞ്ഞു.
”ശിവരാത്രി ദിനത്തിലെ മഹാകുംഭ സ്‌നാനത്തിന് മുന്നോടിയായി സുരക്ഷ വർധിപ്പിച്ചിട്ടുണ്ട്. റെയിൽവേ സ്‌റ്റേഷനിൽ 350ൽ അധികം ഉദ്യോഗസ്‌ഥരെ വിന്യസിച്ചിട്ടുണ്ട്. ബാരിക്കേഡുകളും ഹോൾഡിങ് ഏരിയയും സ്‌ഥാപിച്ചിട്ടുണ്ട്. തീർഥാടകരുടെ സുരക്ഷയെ മുൻനിർത്തിയാണ് ക്രമീകരണങ്ങൾ”- ഡിസിപി യശ്വന്ത് സിങ് പറഞ്ഞു. ശിവരാത്രി ദിനമായ ഫെബ്രുവരി 26നാണ് അവസാനത്തെ അമൃതസ്‌നാനം നടക്കുക.
Most Read| 124ആം വയസിലും 16ന്റെ ചുറുചുറുക്കിൽ ക്യൂ ചൈഷി മുത്തശ്ശി