തൃശൂര്‍ : ആളും ആരവവുമായ് ഈ വട്ടം കുമ്മാട്ടികള്‍ ദേശത്തിറങ്ങില്ല. തൃശൂരിന്റെ പലഭാഗങ്ങളില്‍ ഓണത്തിന്റെ വരവറിയിച്ച് എത്താറുള്ള കുമ്മാട്ടിക്കളി ഈ വര്‍ഷമില്ല. പൂരത്തിന്റെയും പുലികളിയുടെയും ഒപ്പം തന്നെ നാടിന്റെ സംസ്‌കാരത്തിന്റെ ഭാഗമായ കുമ്മാട്ടിക്കളി കോവിഡ് വ്യാപനം മൂലം ചടങ്ങ് മാത്രമായി നടത്താനാണ് ഉദ്ദേശിച്ചിരിക്കുന്നത്.
80 വര്‍ഷത്തിനിടെ ഇതാദ്യമായാണ് തൃശൂര്‍ക്കാര്‍ക്ക് കുമ്മാട്ടി ഇല്ലാത്തൊരോണം. നാഗദൈവങ്ങള്‍, ശിവപാര്‍വതികള്‍, സുഗ്രീവന്‍, ബാലി, കാട്ടാളന്‍, തള്ള, ഗണപതി തുടങ്ങിയവരുടെ മുഖങ്ങള്‍ വെച്ചുകെട്ടി, പര്‍പ്പടകപുല്ല് ദേഹത്ത് മുഴുവന്‍ അണിഞ്ഞാണ് കുമ്മാട്ടികളുടെ വരവ്. ഓരോ ദേശവീഥികളിലും ആള്‍ക്കൂട്ടാരവങ്ങള്‍ക്ക് മധ്യേയും ഇവരെത്തും.വാദ്യങ്ങളുടെയും നിശ്ചലദൃശ്യങ്ങളുടെയും അകമ്പടിയോടെയാണ് കുമ്മാട്ടികളുടെ വരവ്. ഉത്രാടം മുതല്‍ ചതയം വരെയുള്ള നാളുകളിലാണ് ദേശത്ത് കുമ്മാട്ടിക്കളി അരങ്ങേറുക.
കോവിഡ് ഭീതിയൊന്നുമില്ലാതെ അടുത്ത വര്‍ഷം കുമ്മാട്ടി നടത്താനാവുമെന്ന പ്രതീക്ഷയിലാണ് ദേശക്കാര്‍. ശിവന്റെ ഭൂതഗണങ്ങള്‍ പാര്‍വതിക്ക് മുന്നില്‍ നൃത്തം ചവിട്ടുന്നുവെന്നതാണ് കുമ്മാട്ടികളിയുടെ പിന്നിലെ സങ്കല്പം.



































