വായ്‌പയെടുത്ത് മുങ്ങി; കോടികൾ തട്ടിയ മലയാളികളെ തേടി കുവൈത്ത് ബാങ്ക്

കുവൈത്തിലെ ബാങ്കിൽ നിന്ന് കോവിഡ് സമയത്ത് വായ്‌പയെടുത്ത ശേഷം തിരിച്ചടക്കാതെ നാട്ടിലേക്ക് മുങ്ങിയ എട്ട് പേർക്കെതിരെയാണ് പരാതി. 60 ലക്ഷം മുതൽ 1.20 കോടി രൂപ വരെ ബാങ്കിന് കുടിശികയായവരാണ് ഇക്കൂട്ടത്തിലുള്ളത്.

By Senior Reporter, Malabar News
Kuwait Bank Fraud Case
Representational Image
Ajwa Travels

കോട്ടയം: കുവൈത്തിലെ ബാങ്കിൽ നിന്ന് കോടികൾ തട്ടിയ മലയാളികളെ തേടി ബാങ്ക് ഉദ്യോഗസ്‌ഥർ കേരളത്തിൽ. കോട്ടയത്താണ് ഉദ്യോഗസ്‌ഥർ പരിശോധന നടത്തുന്നത്. പത്തുകോടി രൂപ വായ്‌പയെടുത്ത ശേഷം തിരിച്ചടക്കാതെ നാട്ടിലേക്ക് മുങ്ങിയ എട്ട് പേർക്കെതിരെയാണ് പരാതി.

വൈക്കം, തലയോലപ്പറമ്പ്, വെള്ളൂർ, കടുത്തുരുത്തി, കുറവിലങ്ങാട് സ്‌റ്റേഷനുകളിലായി എട്ട് കേസുകളാണ് പോലീസ് രജിസ്‌റ്റർ ചെയ്‌തിരിക്കുന്നത്‌. 60 ലക്ഷം മുതൽ 1.20 കോടി രൂപ വരെ ബാങ്കിന് കുടിശികയായവർ ഇക്കൂട്ടത്തിലുണ്ട്. എറണാകുളം ജില്ലയിലും കേസുകളുണ്ട്. ബാങ്ക് തെളിവുകൾ ഹാജരാക്കുന്നതോടെ പ്രതികളുടെ എണ്ണം കൂടിയേക്കും.

അൽ അലി ഓഫ് കുവൈത്തിലെ ചീഫ് കൺസ്യൂമർ ഓഫീസർ ജില്ലാ പോലീസ് മേധാവിക്ക് നേരിട്ടാണ് പരാതി നൽകിയത്. കോവിഡ് സമയത്ത് ബാങ്ക് അനുവദിച്ച വായ്‌പകളുടെ തിരിച്ചടവ് മുടക്കുകയും പിന്നീട് നാട്ടിലേക്ക് കടക്കുകയും ചെയ്‌തവരെ അന്വേഷിച്ചാണ് ഉദ്യോഗസ്‌ഥരെത്തിയത്. 2020ൽ എടുത്ത വായ്‌പകളുടെ മേൽ 2022ൽ നടപടി ആരംഭിച്ചപ്പോഴാണ് പലരും കുവൈത്തിൽ ഇല്ലെന്ന കാര്യം ബാങ്ക് തിരിച്ചറിയുന്നത്.

നഴ്‌സ്, ഡ്രൈവർ, മാനേജർ ജോലികൾ ചെയ്‌തിരുന്നവരാണ് പ്രതികളായവരിൽ ഏറെയും. ബാങ്കിന്റെ പരാതിയിൽ പറയുന്ന മേൽവിലാസം ഉപയോഗിച്ച് ആളുകളെ കണ്ടെത്തി അതത്‌ സ്‌റ്റേഷനുകളിലാണ് കേസ് രജിസ്‌റ്റർ ചെയ്യന്നത്. ഒരു കോടിയിൽ അധികം രൂപ തിരിച്ചടക്കാനുള്ള ചിലർ ഇപ്പോഴും വിദേശത്താണെന്നതിനാൽ ലുക്ക്ഔട്ട് നോട്ടീസ് നൽകുന്നതിൽ വിദഗ്‌ധ ഉപദേശം പോലീസ് തേടിയേക്കും.

സാമ്പത്തിക തട്ടിപ്പ് അടക്കം ആരോപണങ്ങൾ സാധൂകരിക്കാനുള്ള തെളിവ് നൽകാൻ ബാങ്കുകളോട് ആവശ്യപ്പെട്ടെന്ന് ജില്ലാ പോലീസ് മേധാവി എ. ഷാഹുൽ ഹമീദ് പറഞ്ഞു. ബാങ്ക് അധികൃതർ നൽകിയ തെളിവുകളിൽ പ്രാഥമിക പരിശോധന നടത്തിയ ശേഷമാണ് കേസെടുത്തത്. മറ്റൊരു രാജ്യത്തെ സാമ്പത്തിക സ്‌ഥാപനവുമായി ബന്ധപ്പെട്ട പരാതിയായതിനാൽ സംസ്‌ഥാന ക്രൈംബ്രാഞ്ച് കേസ് ഏറ്റെടുക്കാനുള്ള സാധ്യതയുണ്ട്.

Most Read| 70ആം വയസിൽ സ്‌കൈ ഡൈവ്; പ്രായത്തെ തോൽപ്പിച്ച് ഇടുക്കി സ്വദേശിനി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE