പുതുമുഖതാരങ്ങളെ അണിനിരത്തി നവാഗതനായ കബീര്‍ പുഴമ്പ്രം സംവിധാനം ചെയ്‌ത ചിത്രം ‘ലാല്‍ജോസ്’ 18ന് റിലീസ് ചെയ്യും. ചിത്രത്തിന്റെ ട്രെയ്‌ലർ അണിയറ പ്രവർത്തകർ പുറത്തുവിട്ടു. അവതരണത്തിലെ പുതുമയും പ്രമേയത്തിലെ വ്യത്യസ്‌തതയും തന്നെയാണ് ചിത്രത്തിന്റെ ഹൈലൈറ്റ്.
സിനിമയെയും സിനിമാ പ്രവര്‍ത്തകരെയും ആരാധിച്ചു നടക്കുന്ന ഒരു ചെറുപ്പക്കാരന്റെ ജീവിതത്തിലെ വഴിത്തിരിവാണ് ‘ലാല്‍ജോസ്’ സിനിമയുടെ കേന്ദ്ര പ്രമേയം. സസ്‌പെന്‍സും ത്രില്ലും നിറഞ്ഞ ഒരു ഫാമിലി എന്റർടൈനർ കൂടിയാണ് ചിത്രം. ഇതുറപ്പ് നൽകുന്നതാണ് ട്രെയ്‌ലറും.
സംഗീതത്തിനും ഏറെ പ്രാധാന്യമുള്ള ചിത്രത്തിന് ഈണം പകർന്നിരിക്കുന്നത് ബിനേഷ് മണിയാണ്. ജോ പോള്‍ ആണ് ഗാനരചന. ഗോപി സുന്ദറാണ് ബിജിഎം ഒരുക്കിയിരിക്കുന്നത്. സംവിധായകൻ കബീര്‍ പുഴമ്പ്രം തന്നെയാണ് ചിത്രത്തിന്റെ കഥ, തിരക്കഥ, സംഭാഷണം ഒരുക്കിയിരിക്കുന്നതും.
666 പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ഹസീബ് മേപ്പാട്ട് നിർമിച്ചിരിക്കുന്ന ചിത്രത്തിൽ വെബ്‌സീരിയലുകളിലൂടെ ശ്രദ്ധേയനായ യുവനടന്‍ ശാരിഖ് ആണ് നായക കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. പുതുമുഖ നടി ആന്‍ ആന്‍ഡ്രിയയാണ് നായിക.
ഇവർക്ക് പുറമെ ഭഗത് മാനുവല്‍, ജെന്‍സണ്‍, റിസബാവ, കലിങ്ക ശശി, ടോണി, മജീദ്, കലാഭവന്‍ ഹനീഷ്, വിനോദ് കെടാമംഗലം, സാലു കുറ്റനാട്, ദേവി അജിത്ത്, ദേവിക, മാളവിക, ഫജ്‌ത, രാജേഷ് ശര്‍മ്മ, വികെ ബൈജു, ബാലതാരങ്ങളായ നിഹാര ബിനേഷ് മണി, ആദിത് പ്രസാദ് എന്നിവരും അണിനിരക്കുന്നു.
മറ്റ് അണിയറ പ്രവർത്തകർ: ഛായാഗ്രഹണം- ധനേഷ്, മേക്കപ്പ്- രാജേഷ് രാഘവന്‍, വസ്‌ത്രാലങ്കാരം- റസാഖ് തിരൂര്‍, ആര്‍ട്ട്- ബിജു പൊന്നാനി, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍- ഇഎ ഇസ്‌മയില്‍, പ്രൊഡക്ഷന്‍ എക്‌സിക്യുട്ടീവ്- ജബ്ബാര്‍ മതിലകം, പ്രൊഡക്ഷന്‍ മാനേജര്‍- അസീസ് കെവി, ലൊക്കേഷന്‍ മാനേജര്‍- അമീര്‍ ഇവെന്‍ട്രിക്ക്, ചീഫ് അസോസിയേറ്റ് ഡയറക്‌ടർ- സനു, വിന്റെഷ്, സംഗീത് ജോയ്. പിആര്‍ സുമേരന്‍ ആണ് വാർത്താ പ്രചാരണം നിർവഹിക്കുന്നത്.
Most Read: ഹിന്ദുത്വ ശക്‌തികൾക്ക് വെല്ലുവിളിയാകാൻ കോൺഗ്രസിന് ശേഷിയില്ല; സീതാറാം യെച്ചൂരി