തൃശൂർ: കോർപറേഷനിൽ മേയർ സ്ഥാനാർഥിയെ ചൊല്ലി കോൺഗ്രസിൽ പൊട്ടിത്തെറി. കൗൺസിലർ ലാലി ജെയിംസ് ആണ് ഗുരുതര ആരോപണവുമായി രംഗത്തെത്തിയത്. തൃശൂർ കോർപറേഷനിൽ മേയർ പദവി പണം വാങ്ങി വിറ്റെന്ന ഗുരുതര ആരോപണമാണ് ലാലി ജെയിംസ് ഉന്നയിച്ചത്.
ജില്ലയിലെ പാർട്ടി നേതൃത്വത്തിന് എതിരെയാണ് കൗൺസിലറുടെ ആരോപണം. തൃശൂരിൽ യുഡിഎഫ് മേയർ സ്‌ഥാനാർഥി ഡോ. നിജി ജസ്‌റ്റിസിനെതിരെയും ലാലി ആരോപണം ഉന്നയിച്ചിട്ടുണ്ട്. പണപ്പെട്ടിയുമായി നേതാക്കളെ പോയി കണ്ടെന്നും പണം ഇല്ലാത്തതിനാലാണ് തന്നെ തഴഞ്ഞതെന്നുമാണ് ലാലി മാദ്ധ്യമങ്ങളോട് വെളിപ്പെടുത്തിയത്.
രണ്ടുദിവസം മുമ്പാണ് ഇടപാടുകൾ നടന്നതെന്നും അവർ ആരോപിച്ചു. വിജയിച്ച കോൺഗ്രസ് കൗൺസിലർമാരിൽ ഭൂരിഭാഗവും തന്റെ പേരാണ് മേയർ സ്‌ഥാനത്തേക്ക് ആവശ്യപ്പെട്ടത്. മേയർ പദവി ലഭിക്കില്ലെന്ന് അറിഞ്ഞപ്പോൾ ജില്ലയിലെ മുതിർന്ന നേതാവിനെ കണ്ടു. അപ്പോഴാണ് ഇക്കാര്യം അറിഞ്ഞത്.
ആദ്യത്തെ ഒരുവർഷം നൽകിയാൽ മതിയെന്ന് ഡിസിസി നേതൃത്വത്തിനോട് പറഞ്ഞെങ്കിലും അംഗീകരിച്ചില്ല. ഇന്ന് നടക്കുന്ന മേയർ തിരഞ്ഞെടുപ്പിൽ ഇതുവരെ തനിക്ക് പാർട്ടി വിപ്പ് ലഭിച്ചിട്ടില്ലെന്നും തുടർന്നും കോൺഗ്രസ് പ്രവർത്തകയായി തുടരുമെന്നും ലാലി ജെയിംസ് പറഞ്ഞു. നാലുതവണ കൗൺസിലറായ തനിക്ക് മേയർ പദവിയിലേക്ക് പരിഗണന ലഭിച്ചില്ലെന്ന പരാതിയാണ് ലാലി പരസ്യമാക്കിയത്.
അതേസമയം, പാർട്ടി നൽകിയ ചുമതല ഭംഗിയായി ഉത്തരവാദിത്തത്തോടെ നിർവഹിക്കുമെന്ന് നിയുക്‌ത മേയർ ഡോ. നിജി ജസ്‌റ്റിൻ പറഞ്ഞു. ലാലി ജെയിംസ് ഉന്നയിച്ച ആരോപണങ്ങൾ കോൺഗ്രസ് ജില്ലാ നേതൃത്വം തള്ളുകയും ചെയ്‌തിട്ടുണ്ട്.
Most Read| ചുഴലിക്കാറ്റിൽ കാണാതായി; 443 ദിവസങ്ങൾക്ക് ശേഷം ഉടമയ്‌ക്കരികിൽ ഗാബി







































