കൊച്ചി: പകുതി വിലയ്‌ക്ക് ഇരുചക്ര വാഹനം വാഗ്‌ദാനം ചെയ്‌ത് കോടികൾ തട്ടിയ കേസിൽ പ്രതിചേർക്കപ്പെട്ട കോൺഗ്രസ് നേതാവും അഭിഭാഷകയുമായ ലാലി വിൻസെന്റിന്റെ അറസ്‌റ്റ് തടഞ്ഞ് ഹൈക്കോടതി. ലാലിക്കെതിരായ ആരോപണങ്ങൾ ഗൗരവതാരമാണെന്ന് കൂടി ചൂണ്ടിക്കാട്ടിയാണ് ജസ്‌റ്റിസ് പിവി കുഞ്ഞികൃഷ്‌ണൻ മുൻകൂർ ജാമ്യം അനുവദിച്ചത്.
കേസ് വീണ്ടും ഈ മാസം 17ന് പരിഗണിക്കും. കേസിൽ പ്രതിയാക്കപ്പെട്ടതോടെയാണ് ലാലി വിൻസെന്റ് മുൻകൂർ ജാമ്യാപേക്ഷയുമായി ഹൈക്കോടതിയെ സമീപിച്ചത്. തനിക്ക് തട്ടിപ്പിൽ യാതൊരു പങ്കുമില്ലെന്നും അഭിഭാഷകയെന്ന നിലയിൽ നിയമോപദേശം നൽകുക മാത്രമാണ് ചെയ്‌തത് എന്നുമായിരുന്നു ജാമ്യഹരജിയിലെ വാദം. രാഷ്‌ട്രീയ കാരണങ്ങളാലാണ് തനിക്കെതിരെ കേസ് എന്നും അവർ വാദിച്ചിരുന്നു.
കഴിഞ്ഞ ദിവസമാണ് ലാലി വിൻസെന്റിനെ ഏഴാം പ്രതിയാക്കി കണ്ണൂർ പോലീസ് കേസെടുത്തത്. തട്ടിപ്പിന്റെ മുഖ്യ ആസൂത്രകനും തൊടുപുഴ സ്വദേശിയുമായ അനന്തു കൃഷ്‌ണൻ, നാഷണൽ എൻജിഒ കോൺഫെഡറേഷൻ സ്‌ഥാപകനായിരുന്ന കെഎൻ ആനന്ദ് കുമാർ, കോൺഫെഡറേഷൻ ചെയർപേഴ്‌സൻ ബീന സെബാസ്‌റ്റ്യൻ, ഷീബ സുരേഷ്, സുമ കെപി, ഇന്ദിരാ, ലാലി വിൻസെന്റ് എന്നിവരാണ് പ്രതികൾ.
494 പരാതികളാണ് കണ്ണൂർ ടൗണിൽ നിന്ന് മാത്രം തട്ടിപ്പുമായി ബന്ധപ്പെട്ട് ലഭിച്ചത്. മൂവാറ്റുപുഴ സോഷ്യോ- ഇക്കണോമിക് ഡവലപ്പ്മെന്റ് സൊസൈറ്റി എന്ന സംഘം രൂപീകരിച്ചായിരുന്നു തട്ടിപ്പിന്റെ തുടക്കമെന്നാണ് പോലീസും നാട്ടുകാരും പറയുന്നത്. പ്രദേശവാസികൾ തന്നെയായ 13 അംഗ പ്രമോട്ടർ ഗ്രൂപ്പിന്റെ നേതൃത്വത്തിലാണ് സൊസൈറ്റി പ്രവർത്തിച്ചത്.
എട്ടുകോടിയോളം രൂപ ഇവിടെ നിന്ന് തട്ടിച്ചിട്ടുണ്ടെന്നാണ് കരുതുന്നത്. ഈ കേസിലാണ് ലാലിയെ പ്രതി ചേർത്തിരിക്കുന്നത്. താൻ നിയമോപദേശം നൽകിയ വകയിൽ 40 ലക്ഷം രൂപ അനന്തു കൃഷ്‌ണനിൽ നിന്ന് ഈടാക്കിയിട്ടുണ്ടെന്നും ഇതിന്റെ അക്കൗണ്ട് വിവരങ്ങൾ ഹാജരാക്കാൻ തയ്യാറാണെന്നും അവർ പറഞ്ഞിരുന്നു. അനന്തു നിലവിൽ അറസ്‌റ്റിലാണ്.
Most Read| ട്രാൻസ്‌ജെൻഡർ അത്‌ലീറ്റുകൾക്ക് വനിതാ കായിക ഇനങ്ങളിൽ നിരോധനം; ഉത്തരവിറക്കി ട്രംപ്