പാലക്കാട്: അട്ടപ്പാടിയിലെ ആദിവാസികൾക്ക് കണ്ടെത്തിയ ഭൂമി എത്രയും പെട്ടെന്ന് കൈമാറണമെന്ന് കാട്ടി ജില്ലാ കളക്‌ടർ റവന്യൂ മന്ത്രിക്ക് വീണ്ടും റിപ്പോർട് കൈമാറി. സർക്കാർ തലത്തിൽ നിയമപരമായ തീരുമാനം ഉണ്ടാകുമെന്നാണ് ആദിവാസികൾ പ്രതീക്ഷിക്കുന്നത്. അതേസമയം, അട്ടപ്പാടിയിലെ ആദിവാസികൾക്ക് ഭൂമി നൽകുന്നതുമായി ബന്ധപ്പെട്ട് വകുപ്പുകൾ തമ്മിലുള്ള തർക്കങ്ങൾ തുടരുന്ന സാഹചര്യത്തിൽ സമരത്തിന് ഇറങ്ങാനാണ് ആദിവാസി സംഘടനകളുടെ തീരുമാനം.
വനാവകാശ നിയമപ്രകാരം ഭൂമി അനുവദിക്കാൻ ഇനിയും കാലതാമസമുണ്ടായാൽ സമരം നടത്താനാണ് സംഘടനകളുടെ തീരുമാനം. വിവിധ രാഷ്‌ട്രീയ കക്ഷികളും ആദിവാസികൾക്ക് പിന്തുണയുമായി എത്തിയിട്ടുണ്ട്. അനുയോജ്യമായ ഭൂമി കണ്ടെത്തിയിട്ടും വനംവകുപ്പ് അനുമതി നൽകാൻ വിമുഖത കാട്ടുകയാണ്. ആദിവാസികൾ നേരത്തേ സ്വന്തമായി നട്ട് നനച്ചുണ്ടാക്കിയ ഭൂമിയാണ് പതിച്ച് നൽകാൻ റവന്യൂ വകുപ്പ് കണ്ടെത്തിയത്. എന്നാൽ, ഇത് മൃഗങ്ങളുടെ ആവാസ വ്യവസ്‌ഥയിലേക്കുള്ള കടന്നുകയറ്റമാണെന്നും പരിസ്‌ഥിതി സന്തുലിതാവസ്‌ഥയ്‌ക്ക് കോട്ടമുണ്ടാക്കുമെന്നുമാണ് വനംവകുപ്പിന്റെ വാദം.
ഭൂമി കണ്ടെത്തിയിട്ട് ഏറെ നാളായെങ്കിലും പതിച്ചു കൊടുക്കാനുള്ള തീരുമാനത്തിലെ അനിശ്‌ചിതത്വം തുടരുകയാണ്. സാധാരണക്കാരെ സഹായിക്കാനുള്ള നടപടി എടുത്തില്ലെങ്കിൽ ആദിവാസികൾക്കൊപ്പം സമരത്തിന് ഉണ്ടാകുമെന്ന് കോൺഗ്രസ് നേതൃത്വം വ്യക്‌തമാക്കിയിട്ടുണ്ട്. ഭൂമി കാലതാമസം വരുത്താതെ എത്രയും പെട്ടെന്ന് അനുവദിക്കണമെന്ന് ജില്ലാ കളക്‌ടർ നിർദ്ദേശം നൽകിയിരുന്നു. എന്നാൽ, ഇത് അംഗീകരിക്കാൻ ആവില്ലെന്ന് മണ്ണാർക്കാട് ഡിഎഫ്ഒ നിലപാട് അറിയിച്ചതോടെയാണ് ഭൂമി സംബന്ധമായ പ്രശ്‌നത്തിന് തുടക്കമായത്. കണ്ടെത്തിയ ഭൂമി നിബിഡ വനമാണെന്നും ഇത് പാരിസ്‌ഥിതിക പ്രശ്‍നങ്ങൾ ഉണ്ടാക്കുമെന്നായിരുന്നു ഡിഎഫ്ഒയുടെ വാദം.
Most Read: പൊതു ഇടങ്ങളിലെ കൊടിമരങ്ങൾ; വിമർശിച്ച് ഹൈക്കോടതി






































