പാലക്കാട്: അട്ടപ്പാടിയിലെ ആദിവാസികൾക്ക് ഭൂമി നൽകുന്നതുമായി ബന്ധപ്പെട്ട് വകുപ്പുകൾ തമ്മിലുള്ള തർക്കങ്ങൾ തുടരുന്നു. വനാവകാശ നിയമപ്രകാരം അട്ടപ്പാടിയിൽ ആദിവാസികൾക്ക് ഭൂമി നൽകുന്നതിനെച്ചൊല്ലിയുള്ള റവന്യൂ-വനംവകുപ്പുകളുടെ തർക്കമണ് രൂക്ഷമായത്. ഇതേ തുടർന്ന് ആദിവാസികൾ പ്രതിഷേധം സംഘടിപ്പിക്കാൻ തീരുമാനിച്ചിരിക്കുകയാണ്. മതിയായ ഭൂമി കണ്ടെത്തിയിട്ടും തടസം നിൽക്കുന്ന വനംവകുപ്പ് സമീപനം അവസാനിപ്പിക്കണമെന്നാണ് ഇവരുടെ ആവശ്യം.
അട്ടപ്പാടിയിലെ ആദിവാസികൾക്കായി കണ്ടെത്തിയ ഭൂമി കാലതാമസം വരുത്താതെ എത്രയും പെട്ടെന്ന് അനുവദിക്കണമെന്ന് ജില്ലാ കളക്‌ടർ നിർദ്ദേശം നൽകിയിരുന്നു. എന്നാൽ, ഇത് അംഗീകരിക്കാൻ ആവില്ലെന്ന് മണ്ണാർക്കാട് ഡിഎഫ്ഒ നിലപാട് അറിയിച്ചതോടെയാണ് ഭൂമി സംബന്ധമായ പ്രശ്‌നത്തിന് തുടക്കമായത്. കണ്ടെത്തിയ ഭൂമി നിബിഡ വനമാണെന്നും ഇത് പാരിസ്‌ഥിതിക പ്രശ്‍നങ്ങൾ ഉണ്ടാക്കുമെന്നായിരുന്നു ഡിഎഫ്ഒയുടെ വാദം. ഇതിനെച്ചൊല്ലി റവന്യൂ-വനംവകുപ്പുകളുടെ തർക്കം എങ്ങുമെത്താതെ കിടക്കുകയാണ്.
ഈ സാഹചര്യത്തിലാണ് ആദിവാസികൾ സംഘടിക്കുന്നത്. വിപുലമായ കൺവെൻഷനുകൾ വിളിച്ച് ചേർത്ത് പ്രക്ഷോഭ പരിപാടികൾ സംഘടിപ്പിക്കുന്നതിനെ കുറിച്ച് തീരുമാനം എടുക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു. തടഞ്ഞുവെച്ച 436 കൈവശാവകാശ രേഖകൾ ഉടൻ വിതരണം ചെയ്യാനുള്ള നടപടി സ്വീകരിക്കുക, അട്ടപ്പാടിയിലെ എല്ലാ ഊരുകളും വനാവകാശ നിയമത്തിന്റെ പരിധിയിൽ കൊണ്ടുവരിക, വനാവകാശ നിയമപ്രകാരം ലഭിച്ച ഭൂമിയിലും ആദിവാസി ഭൂമിയിലും തുടരുന്ന ജെണ്ട കെട്ടൽ അവസാനിപ്പിക്കുക തുടങ്ങിയവയാണ് ഇവരുടെ ആവശ്യം.
Most Read: വാഹനങ്ങൾ തകർത്ത് മോഷണശ്രമം; സംഭവം തിരുവനന്തപുരം റെയിൽവേ സ്‌റ്റേഷനിൽ







































