ന്യൂഡെൽഹി: മണ്ണിടിച്ചിലിനെ തുടർന്ന് ജമ്മു കശ്‌മീരിലെ ജമ്മു-ശ്രീനഗർ ദേശീയ പാത വീണ്ടും അടച്ചു. കഴിഞ്ഞ 4 ദിവസത്തിനിടെ രണ്ടാം തവണയാണ് ഇവിടെ മണ്ണിടിച്ചിലിനെ തുടർന്ന് ഗതാഗതം സ്‌തംഭിക്കുന്നത്. റോഡ് അടച്ചതുമായി ബന്ധപ്പെട്ട വിവരം ജമ്മു കശ്‌മീർ ട്രാഫിക് പോലീസാണ് നൽകിയത്. കശ്‌മീരിനെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളുമായി ബന്ധിപ്പിക്കുന്ന ഏക പാതയാണ് ഈ ദേശീയപാത.
റോഡ് വൃത്തിയാക്കുന്നത് വരെ ഇതുവഴി യാത്ര ചെയ്യാൻ പാടില്ലെന്ന് ട്രാഫിക് പോലീസ് നിർദ്ദേശം നൽകിയിട്ടുണ്ട്. അതേസമയം മണ്ണിച്ചിലിനെ തുടർന്ന് ദേശീയപാതയുടെ ഇരു വശങ്ങളിലും ഗതാഗത കുരുക്ക് രൂക്ഷമായിട്ടുണ്ട്. നിലവിൽ പോലീസും പ്രാദേശിക ജില്ലാ ഭരണകൂടവും ചേർന്ന് ഗതാഗതം സുഗമമാക്കുന്നതിനായുള്ള ജോലികൾ ആരംഭിച്ചിട്ടുണ്ട്.
കഴിഞ്ഞ തിങ്കളാഴ്‌ചയും ഇവിടെ മണ്ണിടിച്ചിലിനെ തുടർന്ന് ഗതാഗതം തടസപ്പെട്ടിരുന്നു. ഉധംപൂർ ജില്ലയിലാണ് മണ്ണിടിച്ചിലിനെ തുടർന്ന് റോഡ് അടച്ചത്. തുടർന്ന് നൂറ് കണക്കിന് വാഹനങ്ങളാണ് ഇവിടെ കുടുങ്ങിയത്. അതിന് പിന്നാലെയാണ് ഇന്ന് വീണ്ടും മണ്ണിടിച്ചിൽ ഉണ്ടായിരിക്കുന്നത്.
Read also: ഷെല്ലാക്രമണം തുടർന്ന് റഷ്യ; കുട്ടികളടക്കം എട്ട് പേർ കൊല്ലപ്പെട്ടു