കോഴിക്കോട്: കുറ്റ്യാടി ചുരത്തിൽ ഉണ്ടായ ഉരുൾപൊട്ടലിനെ തുടർന്ന് ഭീതിയൊഴിയാതെ പ്രദേശവാസികൾ. ഉരുൾപൊട്ടൽ ഉണ്ടായ കുറ്റ്യാടി കാവിലുംപാറയിൽ നിലവിൽ പല വീടുകളും അപകടാവസ്ഥയിലാണ്. ഉരുൾപൊട്ടൽ മുന്നിൽക്കണ്ട ഈ കുടുംബങ്ങൾ കനത്ത മഴയിൽ ഭീതിയോടെ ഇറങ്ങി ഓടുകയായിരുന്നു.
പ്രദേശത്തെ പല വീടുകളും മൺകട്ടകൾ കൊണ്ട് നിമിച്ചതാണ്. അതിനാൽ, അപകട സാധ്യത കൂടുതലാണ്. വ്യാപകമായ ഉരുൾപൊട്ടൽ ഉണ്ടായ കാവിലുംപാറ വള്ളുവൻകുന്നിന്റെ താഴ്ഭാഗത്തെ വീടുകളോട് ചേർന്നെല്ലാം മണ്ണിടിച്ചിൽ ഉണ്ടായിട്ടുണ്ട്. മുളവട്ടത്തെ പാർഥസാരഥിയുടെ വീടിനോട് ചേർന്ന് വലിയ ഗർത്തം തന്നെ രൂപപ്പെട്ടിട്ടുണ്ട്. തൊട്ടടുത്തുള്ള ഗംഗാധരന്റെ വീടും ഇതേ അവസ്ഥയിലാണ്.
നിലവിൽ ഒട്ടും സുരക്ഷിതമല്ലാതെയാണ് കുടുംബങ്ങൾ ഇവിടെ താമസിക്കുന്നത്. മഴ തുടരുന്നതിനാൽ ഉരുൾപൊട്ടലും മണ്ണിടിച്ചിൽ സാധ്യതയും മേഖലയിൽ തുടരുകയാണ്. നിലവിൽ കുറ്റ്യാടി ചുരത്തിൽ ഗതാഗതം പൂർണമായി പുനഃസ്ഥാപിച്ചിട്ടുണ്ട്. അതേസമയം, തൊട്ടിൽപ്പാലം -മാനന്തവാടി റൂട്ടിൽ മണ്ണിടിച്ചിൽ സാധ്യത നിലനിൽക്കുന്നതിന്റെ പശ്ചാത്തലത്തിൽ അടിയന്തിര ആവശ്യങ്ങൾക്കല്ലാതെ ഇതുവഴിയുള്ള യാത്ര നിരോധിച്ചിട്ടുണ്ട്.
Most Read: കെഎസ്ആർടിസി പണിമുടക്ക്; ഇന്ന് അർധരാത്രി മുതൽ ആരംഭിക്കും




































