പാലക്കാട്: ജില്ലയിലെ ആദിവാസികളുടെ പുനരധിവാസ പദ്ധതിക്ക് തുടക്കം. മണ്ണാർക്കാട് കാഞ്ഞിരപ്പുഴയിലെ ആദിവാസികളുടെ പുനരധിവാസ പദ്ധതിയാണ് തുടക്കമായത്. അതേസമയം, നിർമിക്കുന്ന വീടിന് വേണ്ടത്ര വിസ്‌തൃതി ഇല്ലെന്ന് ആരോപിച്ച് ആദിവാസി കുടുംബങ്ങൾ പരാതിയുമായി രംഗത്തെത്തിയിട്ടുണ്ട്. 410 ചതുരശ്ര അടി വിസ്‌തീർണ്ണത്തിലാണ് വീടുകൾ നിർമിക്കുന്നത്. ഇത് വാസയോഗ്യമല്ലെന്നാണ് കുടുംബങ്ങളുടെ ആക്ഷേപം.
ഉരുൾപൊട്ടൽ ഭീഷണിയെ തുടർന്ന് പാമ്പൻതോട്, വെള്ളത്തോട് കോളനികളിലുള്ള 87 കുടുംബങ്ങളെയാണ് മാറ്റിപ്പാർപ്പിക്കുന്നത്. പാമ്പൻതോട് കോളനിയിലെ 51, വെള്ളത്തോട് കോളനിയിലെ 36 കുടുംബങ്ങളുമാണ് പദ്ധതിയിൽ ഉൾപ്പെട്ടിരിക്കുന്നത്. ഇവർക്ക് പത്ത് സെന്റ് സ്‌ഥലം വാങ്ങാൻ ആറ് ലക്ഷം രൂപയും വീട് നിർമാണത്തിന് നാല് ലക്ഷം രൂപയുമാണ് അനുവദിച്ചത്.
അതേസമയം, സമാന പുനരധിവാസ പദ്ധതിയിൽ ഉൾപ്പെടുത്തി അമ്പലപ്പാറയിൽ നിർമിക്കുന്ന വീടുകൾക്ക് 650 അടി വിസ്‌തീർണം ഉണ്ടെന്നാണ് ആദിവാസികൾ പറയുന്നത്. 410 ചതുരശ്ര അടി വിസ്‌തീർണത്തിൽ വീട് നിർമിച്ചാൽ അത് വാസയോഗ്യമല്ലാതായി തീരുമെന്നും കുടുംബങ്ങൾ ആരോപിച്ചു. ഇക്കാര്യത്തിൽ പുനഃപരിശോധന നടത്തണമെന്ന ആവശ്യവുമായി വീണ്ടും കളക്‌ടർക്ക് പരാതി നൽകാനുള്ള തീരുമാനത്തിലാണ് ആദിവാസികൾ.
Most Read: നെടുമുടി വേണു വിടവാങ്ങി; മൺമറഞ്ഞത് അഭ്രപാളിയിലെ അനശ്വരനടൻ






































