നെടുമുടി വേണു വിടവാങ്ങി; മൺമറഞ്ഞത് അഭ്രപാളിയിലെ അനശ്വരനടൻ

By Staff Reporter, Malabar News
iffk-nedumudi venu
Ajwa Travels

തിരുവനന്തപുരം: മലയാളത്തിലെ എക്കാലത്തെയും മികച്ച അഭിനയപ്രതിഭ നെടുമുടി വേണു (73) ഓർമയായി. ഇന്ത്യൻ സിനിമയിലെ തന്നെ പ്രതിഭാധനൻമാരായ അഭിനേതാക്കളിൽ ഒരാളായ അദ്ദേഹത്തെ കഴിഞ്ഞ ദിവസം ദേഹാസ്വസ്‌ഥ്യത്തെ തുടര്‍ന്ന് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. അവിടെ ചികിൽസയിൽ കഴിയവെയാണ് അന്ത്യം. ടിആര്‍ സുശീലയാണ് ഭാര്യ. മക്കള്‍: കണ്ണന്‍, ഉണ്ണി.

അഞ്ച് പതിറ്റാണ്ടുകൾക്ക് ഇടയിൽ അഞ്ഞൂറിലധികം ശക്‌തമായ വേഷങ്ങൾ അഭിനയിച്ചു ഫലിപ്പിച്ച അതുല്യ പ്രതിഭയായ നെടുമുടി വേണു നായകനായും, വില്ലനായും, സഹനടനായും ഒക്കെ മലയാളി പ്രേക്ഷകർക്ക് മുൻപിൽ നിറഞ്ഞാടിയിരുന്നു.

മലയാളികളുടെ മനസിൽ ഒരുപക്ഷേ തിലകൻ, മുരളി, ഭരത് ഗോപി തുടങ്ങിയ അതികായർക്കൊപ്പം നിലയുറപ്പിച്ച ചുരുക്കം അഭിനേതാക്കളിൽ ഒരാൾ കൂടിയായിരുന്നു നെടുമുടി. മോഹൻലാൽ, സിബി മലയിൽ, ലോഹിതദാസ് കൂട്ടുകെട്ടിൽ വന്ന ചിത്രങ്ങളിൽ പലപ്പോഴും അമ്പരപ്പിക്കുന്ന പ്രകടനങ്ങളിലൂടെ അദ്ദേഹം പ്രേക്ഷകരുടെ മനം കവർന്നിരുന്നു.

ആലപ്പുഴ നെടുമുടിയിൽ അധ്യാപക ദമ്പതികളായ പികെ കേശവപിള്ളയുടെയും പി കുഞ്ഞിക്കുട്ടിയമ്മയുടെയും മകനായി 1948 മെയ്‌ 22നാണ്‌ കെ വേണുഗോപാൽ എന്ന നെടുമുടി വേണുവിന്റെ ജനനം. കൊട്ടാരം എൻഎസ് യുപി സ്‌കൂൾ, ചമ്പക്കുളം സെന്റ് മേരീസ് ഹൈസ്‌കൂൾ, ആലപ്പുഴ എസ്‌ഡി കോളേജ് എന്നിവിടങ്ങളിലായിരുന്നു വിദ്യാഭ്യാസം.

കുട്ടിക്കാലത്തെ മൃദംഗത്തോടും ഘടത്തോടും വളരെ അധികം താൽപര്യം പ്രകടിപ്പിച്ച അദ്ദേഹം അഭിനയ മോഹവും ഒപ്പം കൊണ്ടുനടന്നു. ആലപ്പുഴ എസ്‌ഡി കോളേജിൽ പ്രീഡിഗ്രിക്ക് പഠിക്കുമ്പോൾ സഹപാഠിയായ സംവിധായകൻ ഫാസിൽ എഴുതിയ നാടകങ്ങളിലൂടെ നാടകരംഗത്ത് സജീവമായി.

Bharat-Gopy-with-Nedumudi-Venu-Mammootty-director-Bharathan-in-Patheyam
നെടുമുടി വേണു, മമ്മൂട്ടി, ഭരതൻ, ഭരത് ഗോപി

നാടകാചാര്യൻ കാവാലം നാരായണപണിക്കരെ പരിചയപ്പെട്ടത്‌ ജീവിതത്തിലെ വഴിത്തിരിവായി. കാവാലത്തിനൊപ്പം ആദ്യം ചെയ്‌ത നാടകം ‘എനിക്ക്‌ ശേഷം’ ആയിരുന്നു. തുടർന്ന്‌ ദൈവത്താർ, അവനവൻ കടമ്പ തുടങ്ങിയ സമൂഹ ശ്രദ്ധയാകർഷിച്ച നിരവധി നാടകങ്ങളിൽ പ്രധാന കഥാപാത്രങ്ങൾക്ക്‌ ജീവൻ നൽകി. ഇടക്കാലത്ത്‌ ജീവിതം മുൻപോട്ട് കൊണ്ടുപോവാൻ പാരലൽ കോളേജ്‌ അധ്യാപകനും, മാദ്ധ്യമ പ്രവർത്തകനുമായി അദ്ദേഹം ജോലി ചെയ്‌തു.

വിഖ്യാത സംവിധായകൻ അരവിന്ദന്റെ തമ്പിലൂടെയായിരുന്നു സിനിമാ പ്രവേശനം. തുടർന്നിങ്ങോട്ട്‌ മലയാളികളുടെ മനസിൽ കോറിയിട്ട നിരവധി കഥാപാത്രങ്ങൾ. ഇന്ത്യൻ, അന്യൻ ഉൾപ്പെടെ ബ്രഹ്‌മാണ്ഡ തമിഴ്‌ ചിത്രങ്ങളിലും വേഷമിട്ടു. പൂരം എന്ന സിനിമ സംവിധാനം ചെയ്‌തു. കാറ്റത്തെ കിളിക്കൂട്, തീർഥം, ശ്രുതി, അമ്പട ഞാനേ, ഒരു കടംകഥപോലെ തുടങ്ങിയ ചിത്രങ്ങൾക്ക് കഥയെഴുതി.

noth-24-katham-movie
നോർത്ത് 24 കാതം എന്ന ചിത്രത്തിൽ

1990ൽ മികച്ച സഹനടനുള്ള ദേശീയ അവാർഡും, 2003ൽ ദേശീയ അവാർഡിൽ പ്രത്യേക പരാമർശവും നേടി. 1987ലും 2003ലും മികച്ച നടനുള്ള സംസ്‌ഥാന പുരസ്‌കാരത്തിനും അദ്ദേഹം അർഹനായി. മാർഗത്തിലെ അഭിനയത്തിന് ക്യൂബയിലെ ഹവാനയിൽ നടന്ന അന്തർ ദേശീയ ചലച്ചിത്ര മേളയിൽ പുരസ്‌കാരം ലഭിച്ചു. പ്രിയദർശൻ സംവിധാനം ചെയ്‌ത ‘മരക്കാർ അറബിക്കടലിന്റെ സിംഹ’മാണ് പുറത്തിറങ്ങാനിരിക്കുന്ന ചിത്രം.

പ്രധാന സിനിമകൾ:

തമ്പ്, ആരവം, തകര, ചെറിയാച്ഛന്റെ ക്രൂരതകൾ, മഞ്ഞിൽ വിരിഞ്ഞ പൂക്കൾ, ചാമരം, താരാട്ട്, ആലോലം, യവനിക, അപ്പുണ്ണി, വേനൽ, തേനും വയമ്പും, എന്റെ മോഹങ്ങൾ പൂവണിഞ്ഞു, ഹിസ്‌ഹൈനസ് അബ്‌ദുള്ള, ഭരതം, ഒരു മിന്നാമിനുങ്ങിന്റെ നുറുങ്ങുവെട്ടം, പാളങ്ങൾ, കാട്ടിലെ പാട്ട്, ഓടരുതമ്മാവാ ആളറിയാം, പൂച്ചക്കൊരു മൂക്കുത്തി, പഞ്ചവടി പാലം, നാരദൻ കേരളത്തിൽ, സുഖമോ ദേവി, പഞ്ചാഗ്‌നി, താളവട്ടം, ചിത്രം, ചെപ്പ്, ആരണ്യകം, വൈശാലി, വന്ദനം, തേൻമാവിൻ കൊമ്പത്ത്, അക്കരെ അക്കരെ, ക്ഷണക്കത്ത്, ലാൽസലാം, സവിധം, മണിച്ചിത്രത്താഴ്, പെരുന്തച്ഛൻ, ദേവരാഗം, കാലാപാനി, ഹരികൃഷ്‌ണൻസ്, നോർത്ത് 24 കാതം, പാവാട, ജോസഫ്, മധുരരാജ, യുവം.

nedumudi-thilakan
തിലകനൊപ്പം പെരുന്തച്ഛൻ എന്ന ചിത്രത്തിൽ

ഗൗരവമേറിയ കഥാപാത്രങ്ങളും ഹാസ്യവേഷങ്ങളും ഒരുപോലെ വഴങ്ങുന്ന അപൂര്‍വ പ്രതിഭകളില്‍ ഒരാളായിരുന്നു നെടുമുടി. നാടകക്കളരിയിൽ നിന്നും മലയാള സിനിമയിലേക്ക് എത്തി തന്റേതായ സ്‌ഥാനം ഉറപ്പിച്ചെടുത്ത മികവുറ്റ കലാകാരൻ. തിരശീലയിൽ ആടി തീർത്ത വേഷങ്ങളാൽ എന്നെന്നും അദ്ദേഹം ഓർമ്മിക്കപ്പെടും, മലയാള സിനിമ നിലനിൽക്കുന്ന കാലം വരെയും. അരങ്ങൊഴിഞ്ഞ ആ മഹാപ്രതിഭക്ക് മലബാർ ന്യൂസിന്റെ ആദരാഞ്‌ജലികൾ.

Read Also: ഉത്ര വധക്കേസ്: സൂരജ് കുറ്റക്കാരൻ; ശിക്ഷാ വിധി മറ്റന്നാൾ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE