കണ്ണൂർ: തദ്ദേശ തിരഞ്ഞെടുപ്പിൽ നാമനിർദ്ദേശ പത്രിക സമർപ്പിക്കാനുള്ള സമയം അവസാനിച്ചപ്പോൾ കണ്ണൂരിലെ മലപ്പട്ടം ഗ്രാമപഞ്ചായത്തിലും ആന്തൂർ നഗരസഭയിലും എൽഡിഎഫ് സ്‌ഥാനാർഥികൾക്ക് എതിരില്ല. ഈ വാർഡുകളിൽ മറ്റാരും പത്രിക നൽകിയില്ല.
മലപ്പട്ടം പഞ്ചായത്തിലെ 5ആം വാർഡ് അടുവാപ്പുറം നോർത്തിൽ എൽഡിഎഫ് സ്‌ഥാനാർഥി ഐവി ഒതേനൻ, 6ആം വാർഡിൽ സികെ ശ്രേയ എന്നിവരാണ് എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടത്. ആന്തൂർ നഗരസഭയിൽ മൊറാഴ വാർഡിൽ കെ രഞ്‌ജിതയ്‌ക്കും പൊടിക്കുണ്ട് വാർഡിൽ കെ. പ്രേമരാജനും എതിരില്ല. എൽഡിഎഫിന് പ്രതിപക്ഷമില്ലാത്ത നഗരസഭയാണ് ആന്തൂർ.
സിപിഎമ്മിന്റെ ശക്‌തി കേന്ദ്രമാണ് മലപ്പട്ടം ഗ്രാമപഞ്ചായത്ത്. ഇക്കഴിഞ്ഞ മേയിൽ കോൺഗ്രസ് സ്‌ഥാപിച്ച ഗാന്ധിസ്‌തൂപം തകർത്തതുമായി ബന്ധപ്പെട്ട് ഇവിടെ സംഘർഷം ഉണ്ടായിരുന്നു. തുടർന്ന് കോൺഗ്രസ്, യൂത്ത് കോൺഗ്രസ് നേതാക്കൾ മലപ്പട്ടത്ത് റാലി നടത്തിയിരുന്നു.
Most Read| എസ്‌ഐആറിന് സ്‌റ്റേ ഇല്ല; തിരഞ്ഞെടുപ്പ് കമ്മീഷനോട് വിശദീകരണം തേടി സുപ്രീം കോടതി





































