കണ്ണൂർ: എംഎൽഎ കെഎം ഷാജിക്കെതിരെ പ്രതിഷേധം കടുപ്പിക്കാൻ എൽഡിഎഫ്. ഇതിന്റെ ഭാഗമായി ഒക്‌ടോബർ 30ന് കണ്ണൂരിൽ 150 കേന്ദ്രങ്ങളിൽ ജനകീയ കൂട്ടായ്‌മ സംഘടിപ്പിക്കാനാണ് തീരുമാനം. കോവിഡ് പ്രോട്ടോക്കോൾ പാലിച്ചായിരിക്കും ജനകീയ കൂട്ടായ്‌മ സംഘടിപ്പിക്കുകയെന്ന് സിപിഎം ജില്ലാ സെക്രട്ടറി എംവി ജയരാജൻ പറഞ്ഞു. കെഎം ഷാജി അഴിമതിയും നികുതി വെട്ടിപ്പും അവിഹിത സ്വത്ത് സമ്പാദനവും നടത്തിയെന്നാണ് എൽഡിഎഫിന്റെ ആരോപണം.
കെ എം ഷാജിക്ക് വരവിൽ കവിഞ്ഞ സ്വത്തുണ്ടെന്നും കെട്ടിടനികുതിയും ആഢംബര നികുതിയും അടച്ചിട്ടില്ലെന്നും എംവി ജയരാജൻ ആരോപിച്ചു. 8.60 ലക്ഷം രൂപയുടെ വായ്‌പയെടുത്തിട്ട് നിർമ്മിച്ചത് 4 കോടിയോളം രൂപയുടെ വീടാണെന്നും ജയരാജൻ കുറ്റപ്പെടുത്തി. വീട് നിർമ്മാണത്തിന്റെ പ്ളാൻ വച്ച് 3000 ചതുരശ്ര അടിക്കാണ് കോർപറേഷനിൽ അനുമതി തേടിയത്. അനുമതിക്ക് അപേക്ഷ കൊടുക്കുമ്പോൾ രണ്ട് നിലയാണുണ്ടായിരുന്നത്, പക്ഷേ പണി പൂർത്തിയാകുമ്പോൾ മൂന്ന് നിലയായെന്നും എംവി ജയരാജൻ പറഞ്ഞു.
Related News: വീട് പൊളിക്കാൻ നോട്ടീസ് കിട്ടിയിട്ടില്ലെന്ന് കെഎം ഷാജി; നീക്കം രാഷ്‌ട്രീയ പ്രേരിതം
സ്വത്ത് വകകൾ സംബന്ധിച്ച് എന്‍ഫോഴ്‌സ്‌മെന്റ് കണ്ടെത്തലുകൾ നടത്തിയപ്പോൾ, ഇഞ്ചിക്കൃഷി നടത്തിയെന്നാണ് അദ്ദേഹം ന്യായം പറഞ്ഞത്. അപ്പോൾ എന്തുകൊണ്ടാണ് തെരഞ്ഞെടുപ്പിൽ മൽസരിക്കുമ്പോൾ ആ വിവരം സത്യവാങ്മൂലത്തിൽ രേഖപ്പെടുത്താതിരുന്നത് എന്നും എംവി ജയരാജൻ ചോദിച്ചു.







































