വർഷങ്ങളായി മനസിൽ കൊണ്ടുനടന്ന ആഗ്രഹം, ഒടുവിൽ 70ആം വയസിൽ സഫലമാക്കി ഇടുക്കി സ്വദേശിനി ലീല ജോസ്. തന്റെ ധീരമായ ഈ പ്രവൃത്തിയിലൂടെ നിരവധി ആളുകൾക്ക് പ്രചോദനമായിരിക്കുകയാണ് ഇവർ. പ്രായം വെറുമൊരു നമ്പർ മാത്രമാണെന്ന് തെളിയിച്ച്, ആകാശത്തേക്ക് പറന്നുയർന്ന് ലീല ജോസ് ഏവരെയും അമ്പരപ്പിച്ചു.
ഇടുക്കി കൊന്നത്തടി പുതിയപറമ്പിൽ ലീല ജോസിന്റെ ആകാശ യാത്രയാണ് ഇന്ന് ഏവർക്കും പ്രചോദനമായിരിക്കുന്നത്. ദുബായിൽ ജോലിയുള്ള മകന്റെ അടുക്കൽ എത്തിയപ്പോഴാണ് ലീല മനസിൽ ഒളിപ്പിച്ച ആഗ്രഹം പറഞ്ഞത്. ‘വിമാനത്തിൽ നിന്ന് ചാടി പറക്കണം’. അമ്മയുടെ ആഗ്രഹത്തിൽ മകൻ പി. അനീഷ് ഒപ്പം നിന്നതോടെ 70ആം വയസിൽ 13,000 അടി ഉയരത്തിൽ നിന്ന് ചാടി ലീല ചരിത്രം സൃഷ്‌ടിച്ചു.
ദുബായ് സ്‌കൈ ഡൈവ് പാമിലായിരുന്നു ലീലയുടെ ആകാശച്ചാട്ടം. മകനും മരുമകൾ ലിന്റുവും രേഖകൾ കൈമാറിയതോടെ ലീലയുടെ ചാട്ടം ഓകെ. 15 പേർക്ക് സഞ്ചരിക്കാവുന്ന ചെറിയ വിമാനത്തിലായിരുന്നു ആദ്യ യാത്ര. ഒപ്പം ചാടാനുള്ളത് നാലുപേർ. അവർ തന്നെക്കാൾ വളരെ പ്രായം കുറഞ്ഞവരായിരുന്നെന്ന് ലീല പറയുന്നു.
അവർ ചാടി. പിന്നാലെ സ്‌കൈ ഡൈവറോടൊപ്പം ലീലയും ചാടി. ആകാശത്തിലൂടെ പാറിപ്പറന്ന് ഉല്ലസിച്ചു. 6000 അടി കഴിഞ്ഞപ്പോൾ കടൽ കണ്ടു. ഇനി കടലിലേക്കാണോ വീഴുന്നതെന്നോർത്ത് അൽപ്പം പേടി തോന്നിയെന്നും ലീല പറയുന്നു. പക്ഷേ, പാരഷൂട്ടിൽ സേഫ് ലാൻഡിങ്. അങ്കമാലിയിൽ ജോലി ചെയ്യുന്ന മകൾ ഡോ. അമ്പിളിയുടെ സമ്മതം ലീല നേരത്തെ വാങ്ങിയിരുന്നു. പരേതനായ ജോസാണ് ലീലയുടെ ഭർത്താവ്.
തന്റെ സ്‌കൈ ഡൈവ് അനുഭവത്തെ കുറിച്ച് ലീല പറയുന്നത് ഇങ്ങനെ: ”വർഷങ്ങളായി എന്റെ മാനസിലുള്ള ഒരു ആഗ്രഹമായിരുന്നു ഇത്. പല കാരണങ്ങൾ കൊണ്ടും അത് നീണ്ടുപോയി. എന്നാൽ, ഇനിയും കാത്തിരിക്കാൻ എനിക്ക് മനസില്ലായിരുന്നു. സ്വപ്‌നങ്ങൾക്ക് പ്രായം ഒരു തടസമാകരുത്. ഇത് എന്റെ ജീവിതത്തിലെ ഏറ്റവും സന്തോഷം നിറഞ്ഞ നിമിഷമാണ്. ഈ പ്രായത്തിലും ഒരു സ്‌കൈ ഡൈവ് ചെയ്യാൻ കഴിഞ്ഞത് വലിയൊരു ഭാഗ്യമായി ഞാൻ കരുതുന്നു”.
Most Read| കരളും വൃക്കയും പകുത്ത് നൽകിയ അമ്മയ്‌ക്ക് സമ്മാനമായി മകന്റെ ഉന്നതവിജയം