തിരുവനന്തപുരം: എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റിന് എതിരെ കേസെടുക്കാൻ സർക്കാരിന് നിയമോപദേശം. മുഖ്യമന്ത്രിക്കെതിരെ സ്വപ്‌നയെ കൊണ്ട് വ്യാജ മൊഴിക്ക് സമ്മർദം ചെലുത്തിയെന്ന വെളിപ്പെടുത്തലിലാണ് കേസെടുക്കാൻ നിയമോപദേശം ലഭിച്ചിരിക്കുന്നത്. ഡയറക്‌ടർ ജനറൽ ഓഫ് പ്രോസിക്യൂഷനാണ് നിയമോപദേശം നൽകിയത്.
കഴിഞ്ഞ ഒൻപതാം തീയതിയാണ് ക്രൈം ബ്രാഞ്ച് നടത്തിയ പ്രാഥമിക അന്വേഷണത്തിന്റെ അടിസ്‌ഥാനത്തിൽ ആഭ്യന്തര സെക്രട്ടറി ഡയറക്‌ടർ ജനറൽ ഓഫ് പ്രോസിക്യൂഷനോട് ഇക്കാര്യത്തിൽ നിയമോപദേശം തേടിയത്. ഇതിനെ തുടർന്നാണ് ഡയറക്‌ടർ ജനറൽ ഓഫ് പ്രോസിക്യൂഷൻ മഞ്ചേരി ശ്രീധരൻ നായർ നിയമോപദേശം നൽകിയിരിക്കുന്നത്.
എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റ് ഉദ്യോഗസ്‌ഥർക്ക് എതിരെ കേസ് രജിസ്‌റ്റർ ചെയ്‌ത് മുന്നോട്ട് പോകാമെന്നാണ് നിയമോപദേശത്തിൽ പറയുന്നത്. മുഖ്യമന്ത്രി ഉൾപ്പടെയുള്ളവർക്ക് എതിരെ വ്യാജ മൊഴിക്ക് എൻഫോഴ്‌സ്‌മെന്റ് ഉദ്യോഗസ്‌ഥന്റെ ഭാഗത്ത് നിന്ന് സമ്മർദമുണ്ടായി എന്ന മൊഴികളാണ് ഈ പ്രാഥമിക അന്വേഷണത്തിൽ ലഭിച്ചിരുന്നത്. ഇത് വളരെ ഗുരുതരമായ കുറ്റമാണെന്നാണ് നിയമോപദേശത്തിൽ പറയുന്നത്. ഗൂഡാലോചന ഉൾപ്പടെയുള്ള വകുപ്പുകൾ ചുമത്തി കേസ് രജിസ്‌റ്റർ ചെയ്യാനാണ് തീരുമാനം.
ക്രൈംബ്രാഞ്ച് നടത്തിയ പ്രാഥമിക അന്വേഷണത്തിൽ സ്വപ്‌ന ഉൾപ്പടെയുള്ള 18 പേരുടെ മൊഴിയാണ് രേഖപ്പെടുത്തിയത്. ഇതിൽ സ്വപ്‌ന ആദ്യം ജയിൽ ഉദ്യോഗസ്‌ഥർക്ക് നൽകിയ മൊഴിയിൽ പുറത്ത് വന്ന ശബ്‌ദരേഖ തന്റേത് തന്നെയാണെന്ന് സമ്മതിച്ചിരുന്നു. എന്നാൽ പിന്നീട് ഈ കേസിന്റെ ഭാഗമായി സ്വപ്‌നയുടെ മൊഴിയെടുത്ത ഘട്ടത്തിൽ അവർ പറഞ്ഞത് എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റ് ഓഫീസിൽ വെച്ച് തനിക്ക് ഒരു ഉദ്യോഗസ്‌ഥ ഫോൺ കൊണ്ടുവന്ന് നൽകി തന്റെ ബുദ്ധിമുട്ടുകൾ പറയാൻ ആവശ്യപ്പെട്ടു എന്നാണ്.
മറുതലക്കൽ ആരാണെന്ന് തനിക്ക് അറിയില്ലായിരുന്നു. താൻ കാര്യങ്ങൾ സംസാരിച്ചു. ഫോൺ കൊണ്ടുവന്ന ഉദ്യോഗസ്‌ഥയെ കുറിച്ച് തനിക്ക് ഓർമയില്ല എന്ന വിവരവും സ്വപ്‌ന നൽകിയിരുന്നു. എന്നാൽ ആദ്യഘട്ടത്തിൽ സ്വപ്‌ന നൽകിയ മൊഴിയാണ് ഏറ്റവും പ്രധാനമെന്നും അതാണ് വിശ്വസിക്കേണ്ടത് എന്ന നിലപാടാണ് നിയമോപദേശത്തിൽ ഉള്ളത്.
Read Also: കെ മുരളീധരൻ ഏത് മണ്ഡലത്തിൽ മൽസരിക്കാനും ശക്‌തനായ സ്‌ഥാനാർഥി; ഉമ്മൻ ചാണ്ടി