നിന്ന നിൽപ്പിൽ തന്നെ അപ്രത്യക്ഷമാകാനും തിരികെ പ്രത്യക്ഷപ്പെടാനും സാധിക്കുന്ന ഒരു അത്‌ഭുത തടാകം നമ്മുടെ ഭൂമിയിൽ ഉണ്ടെന്ന് പറഞ്ഞാൽ വിശ്വസിക്കുമോ? എന്നാൽ, അങ്ങനെയൊരു തടാകമുണ്ട്. വടക്കൻ അയർലൻഡിലെ ആൻട്രിം പ്രവിശ്യയിയാണ് ഈ തടാകം സ്‌ഥിതി ചെയ്യുന്നത്. ‘ലൗഘരീമ’ എന്നാണ് ഈ തടാകത്തിന്റെ പേര്.
ഏറെ വ്യത്യസ്‌തതകളുള്ള ഒട്ടേറെ ജലാശയങ്ങൾ ലോകത്തിന്റെ പലഭാഗത്തും നിലനിൽക്കുന്നുണ്ടെങ്കിലും ‘ലൗഘരീമ’ ഇവയിൽ നിന്നെല്ലാം വേറിട്ട് നിൽക്കുന്നത് ഈ മന്ത്രികവിദ്യ വശമുള്ളതുകൊണ്ടാണ്. ഈ പ്രത്യേകത കൊണ്ടുതന്നെ ‘ദ വാനിഷിങ് ലേക്ക്’ അഥവാ ‘അപ്രത്യക്ഷമാകുന്ന തടാകം’ എന്നാണ് പ്രദേശവാസികൾക്കിടയിൽ ഇതിന്റെ വിളിപ്പേര്.
കുന്നുകളും പുൽമേടുകളും നിറഞ്ഞ അതിമനോഹരമായ പ്രദേശമാണ് ആൻട്രിം. ആ കാഴ്‌ചയുടെ ഭംഗി ഇരട്ടിയാകുന്നതാണ് ‘ലൗഘരീമ’ തടാകവും. ദിവസത്തിന്റെ ആരംഭത്തിൽ ഈ തടാകം വെള്ളം നിറഞ്ഞ നിലയിൽ കാണപ്പെട്ടേക്കാം. എന്നാൽ, ഉച്ചയാവുമ്പോഴേക്കും ചിലപ്പോൾ തടാകം പൂർണമായും വറ്റിയ നിലയിൽ ശൂന്യമായിരിക്കും.
വർഷങ്ങളായി ഈ പ്രതിഭാസം ശാസ്‌ത്രജ്‌ഞരെയും ഗവേഷകരെയും അമ്പരപ്പിച്ച് കൊണ്ടിരിക്കുകയാണ്. ഇതിന് പിന്നാലെ ശാസ്‌ത്രീയ വശങ്ങളെ കുറിച്ചുള്ള സൂചനകൾ പഠനത്തിലൂടെ ലഭിച്ചിട്ടുണ്ടെങ്കിലും വിചിത്ര തടാകവുമായി ചുറ്റിപ്പറ്റി പ്രദേശവാസികൾക്ക് ഇടയിൽ ചില പ്രേത കഥകളും നിലനിൽക്കുന്നുണ്ട്.
19ആം നൂറ്റാണ്ടിന്റെ ഏതോ ഘട്ടത്തിൽ കുറച്ച് ആളുകൾ രാത്രി കുതിരവണ്ടിയിൽ വാനിഷിങ് തടാകം കടക്കാൻ ശ്രമിച്ചിരുന്നു. ജലനിരപ്പ് അധികമായതിനാൽ കുതിരകളടക്കം വെള്ളത്തിൽ മുങ്ങി മരണപ്പെട്ടു. നാടോടിക്കഥകൾ അനുസരിച്ച് ഈ കുതിരകളും അതിൽ സഞ്ചരിച്ചിരുന്നവരും തടാകത്തിന് സമീപം ഉണ്ടെന്നാണ് നിഗമനം. തടാകം നിറഞ്ഞുനിൽക്കുന്ന രാത്രികളിലാണ് അവരുടെ ആത്‌മാക്കൾ വിഹരിക്കുന്നത്.
എന്നാൽ ഇതൊന്നുമല്ല മറിച്ച്, തടാകത്തിനുള്ളിലെ നീരൊഴുക്ക് സംവിധാനമാണ് പൊടുന്നനെ വെള്ളത്തെ അപ്രത്യക്ഷമാക്കുന്നതെന്ന സൂചനയാണ് ഗവേഷകർക്ക് ലഭിച്ചിട്ടുള്ളത്. തടാകത്തിന് ചുറ്റും ചതുപ്പ് നിലമാണ്. മൂന്ന് അരുവികളാണ് ലൗഘരീമ തടാകത്തിലേക്ക് ഒഴുകിയെത്തുന്നത്. വെള്ളം പുറത്തേക്ക് പോകാൻ തടാകത്തിന്റെ അടിത്തട്ടിൽ എവിടെയോ ഒരു ചാലുണ്ട്.
കണ്ടെത്താനാകാത്ത ചില പ്രത്യേക കാരണങ്ങൾകൊണ്ട് ഈ ചാലിലൂടെയുള്ള വെള്ളത്തിന്റെ ഒഴുക്ക് ഇടയ്‌ക്ക് തടസപ്പെടുകയും അൽപ്പസമയത്തിന് ശേഷം തടസം നീങ്ങുകയും ചെയ്യുന്നു. തടാകത്തിനുള്ളിലെ ജലം പെട്ടെന്ന് ഇല്ലാതാവുന്നതിന്റെ കാരണവും ഇതുതന്നെയാണ്. വാനിഷിങ് തടാകത്തിന്റെ നടുവിലൂടെ ഒരു ചെറിയ റോഡും കടന്നുപോകുന്നുണ്ട്.
Most Read| ശിശുമരണ നിരക്കിൽ അമേരിക്കയേക്കാൾ മികച്ച് കേരളം: നേട്ടം പങ്കുവെച്ച് ആരോഗ്യമന്ത്രി






































