മുട്ട കഴിക്കാൻ ഇഷ്‌ടമില്ലാത്തവർ ആരുമുണ്ടാകില്ല അല്ലെ. ശരീരത്തിന് പ്രോട്ടീനും പോഷണങ്ങളും നൽകുന്ന ഒന്നാണ് കോഴിമുട്ട. എന്നാൽ, ഭൂമിയിൽ ഇതുവരെ ഉണ്ടായിട്ടുള്ള ഏറ്റവും വലിയ പക്ഷിമുട്ട എന്താണെന്നറിയുമോ? ഒട്ടകപക്ഷിയുടേത് അല്ലാട്ടോ!
നമ്മുടെ ഇന്നത്തെ കോഴിമുട്ടകളുടെ 160 ഇരട്ടി വലിപ്പം ഉണ്ടായിരുന്നു ആ മുട്ടകൾക്ക്. അവയായിരുന്നു ആനപ്പക്ഷികൾ. എന്നാൽ, ആ മുട്ടയിട്ട പക്ഷി ഇന്ന് ഭൂമിയിലില്ല. ലോകത്തിൽ ഇതുവരെ ജീവിച്ചിരുന്നവയിൽ ഏറ്റവും വലിയ പക്ഷിയായിരുന്നു ആനപ്പക്ഷി. ഇവ വിവിധ വിഭാഗത്തിൽ ഉണ്ടായിരുന്നു.
ഇവയുടെ ജനുസ്സ് ഏപ്യോർണിസ് എന്നറിയപ്പെട്ടു. ഇതുതന്നെ ഏറ്റവും വലുതായിരുന്നു ഏപ്യോർണിസ് മാക്‌സിമസ് എന്ന ആനപ്പക്ഷി. ഈ പക്ഷിയുടെ മുട്ടകളുടെ ഭാഗങ്ങൾ മഡഗാസ്‌കറിൽ നിന്നും മറ്റും കിട്ടിയത് ഗവേഷകർ പുനഃസൃഷ്‌ടിച്ചിട്ടുണ്ട്. അപാരമായ ഇവയുടെ വലിപ്പം വളരെ ശ്രദ്ധേയമാണ്.
ഏകദേശം പത്തടി വരെ പൊക്കം ഈ ആനപ്പക്ഷികൾക്കും ഉണ്ടായിരുന്നു. എന്നാൽ, ഇവയുടെ ഭാരം വളരെകൂടുതലായിരുന്നു. ഒരു ആനപ്പക്ഷിക്ക് ഏകദേശം 500 കിലോ വരെയൊക്കെ ഭാരം ഉണ്ടാകും. മഡഗാസ്‌കറിലെ കാലാവസ്‌ഥ കടുത്തതായിരുന്നതിനാൽ ഇവയുടെ ഫോസിൽ ലഭ്യത വളരെക്കുറവാണ്. ഇതാണ് ഇവയെക്കുറിച്ചുള്ള കൂടുതൽ പഠനത്തിൽ പ്രശ്‌നം സൃഷ്‌ടിച്ചത്.
ഒറ്റപ്പെട്ട ദ്വീപുകളിലും മേഖലകളിലുമുള്ള ജീവിവർഗങ്ങളിൽ ചിലതിന് സാധാരണയിലുമധികം വലിപ്പം പിന്നീട് വയ്‌ക്കാറുണ്ട്. ഇൻസുലർ ജൈജാന്റിസം എന്ന പ്രതിഭാസം മൂലമാണിത്. ഇതാകാം ഈ പക്ഷികൾക്കും വലിപ്പം വയ്‌ക്കാൻ കാരണമായത്. ആയിരം വർഷങ്ങൾക്ക് മുമ്പാണ് ഈ വമ്പൻ പക്ഷികൾ നാമാവശേഷമായതെന്ന് കരുതുന്നു. ലോകത്തിൽ ഇന്ന് ജീവിച്ചിരിക്കുന്ന പക്ഷികളിൽ ഏറ്റവും വലിയ മുട്ടയിടുന്നത് ഒട്ടകപക്ഷിയാണ്.
Most Read| ആഗ്രഹവും കഠിന പ്രയത്‌നവും; കിളിമഞ്ചാരോ കീഴടക്കി കാസർഗോഡുകാരി






































